ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ബ്രിട്ടണില്‍ നഴ്സുമാര്‍ക്ക് ശുഭവാര്‍ത്ത. പതിമൂന്നു ലക്ഷത്തോളം വരുന്ന എന്‍എച്ച്എസ് സ്റ്റാഫിന് ശമ്പളം വര്‍ധിപ്പിക്കാന്‍ യൂണിയനുകളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി. മൂന്നുവര്‍ഷംം കൊണ്ട് ആറര ശതമാനം മുതല്‍ 29 ശതമാനം വരെ ശമ്പള വര്‍ധന നല്‍കാനാണ് തീരുമാനം.
ശമ്പള വര്‍ധന കരാര്‍ ജീവനക്കാര്‍ ബാലറ്റിലൂടെ അംഗീകരിച്ചാലുടന്‍ ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കും. കരാറിലൂടെ സര്‍ക്കാരിന് 4.2 ബില്യണ്‍ പൗണ്ടിന്റെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ജൂലൈ ഓഗസ്റ്റ് മാസത്തിനുള്ളില്‍ ബാലറ്റിലൂടെ കരാറിന് അംഗീകാരം നേടാനാണ് പദ്ധതി. ഡോക്ടര്‍മാര്‍, ഡന്റിസ്റ്റുകള്‍, സീനിയര്‍ ലീഡേഴ്സ് എന്നിവര്‍ക്ക് ഈ ശമ്പള വര്‍ധന ബാധകമാകില്ല.
പതിനായിരക്കണക്കിനു മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും പത്തു വര്‍ഷമായി കാത്തിരുന്ന നിര്‍ണായക പ്രഖ്യാപനത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തയാറായിരിക്കുന്നത്. ശമ്പള വര്‍ധനവിനായി നഴ്സുമാരും മറ്റ് ജീവനക്കാരും ഏറെനാളായി പ്രക്ഷോഭത്തിലും സമരമുറകളിലുമായിരുന്നു. ഓരോ ജോലിയിലും കുറഞ്ഞ ശമ്പളക്കാര്‍ക്ക് കൂടുതല്‍ വര്‍ധന എന്ന മാനദണ്ഡത്തിലാണ് ശമ്പള വര്‍ധന പ്രാബല്യത്തില്‍ വരുക. ഇതനുസരിച്ച് ഇപ്പോള്‍ ഏറ്റവും താഴ്ന്ന ശമ്പളം വാങ്ങുന്ന പോര്‍ട്ടര്‍മാരും ക്ലീനര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ വര്‍ധന ലഭിക്കുക. നഴ്സുമാരില്‍ ബാന്‍ഡ് അഞ്ചിലുള്ളവര്‍ക്കാകും ഏറ്റവും നേട്ടം.
അതില്‍തന്നെ സര്‍വീസ് കുറഞ്ഞവര്‍ക്ക് വര്‍ധന കൂടും. എന്നാല്‍ എല്ലാവര്‍ക്കും മൂന്നുവര്‍ഷം കൊണ്ട് കുറഞ്ഞത് 6.5 ശതമാനം വര്‍ധന ഉറപ്പാക്കും. പകുതിയേലെ സ്റ്റാഫിനും ചുരുങ്ങിയത് പത്തുശതമാനത്തില്‍ കൂടുതല്‍ വര്‍ധനയുണ്ടാകും. ചെറിയൊരു ശതമാനത്തിനു മാത്രമേ 29 ശതമാനം എന്ന വലിയ വര്‍ധനയുടെ ഗുണം ലഭിക്കൂ.
പോര്‍ട്ടര്‍മാരും കേറ്ററിംങ് സ്റ്റാഫും ക്ലീനര്‍മാരും ഉള്‍പ്പെടെയുള്ള താഴ്ന്ന ബാന്‍ഡിലെ ജീവനക്കാര്‍ക്കുപോലും കുറഞ്ഞത് 18,005 പൗണ്ട് വാര്‍ഷിക വരുമാനം ലഭ്യമാകും വിധമാണ് വര്‍ധനയുടെ തോത്. ഇവര്‍ക്ക് ആദ്യവര്‍ഷം തന്നെ നിലവിലുള്ള ശമ്പളത്തില്‍ 2000 പൗണ്ടിന്റെ വര്‍ധന ലഭിക്കും. ഒരു വര്‍ഷം സര്‍വീസുള്ള ബാന്‍ഡ് അഞ്ച് നഴ്സിന് മൂന്നുവര്‍ഷം കൊണ്ട് 21 ശതമാനം ശമ്പളം വര്‍ധിച്ച് 27,400 പൗണ്ടാകും.
2010 മുതല്‍ നഴ്സുമാര്‍ ഉള്‍പ്പെടയുള്ള എന്‍എച്ച്എസ് സ്റ്റാഫിനും പൊലീസ്, പ്രിസണ്‍ ഉദ്യോഗസ്ഥര്‍ക്കും ശമ്പള വര്‍ധന ഒരു ശതമാനത്തില്‍ കൂടുതലാകാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിബന്ധന വച്ചിരുന്നു. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോയ പശ്ചാത്തലത്തിലായിരുന്നു ഈ നിയന്ത്രണം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി തീര്‍ന്നിട്ടും ഈ നിയന്ത്രണം നീക്കാന്‍ തയാറായിരുന്നില്ല. ഏറെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഈ നിയന്ത്രണം നീക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചെങ്കിലും ശമ്പള വര്‍ധന ഉണ്ടായിരുന്നില്ല. ഈ ദുരവസ്ഥയ്ക്കാണ് ഇപ്പോള്‍ താല്‍കാലികമായെങ്കിലും പരിഹാരമാകുന്നത്.
2010 മുതല്‍ മറ്റ് തൊഴില്‍ മേഖലകളിലെ ശമ്പള വര്‍ധന പരിഗണിച്ചാല്‍ എന്‍എച്ച്എസില്‍ ശരാശരി 14 ശതമാനം ശമ്പളവര്‍ധനയെങ്കിലും കുറഞ്ഞത് ഉണ്ടാകേണ്ടതാണ്. ഈ സാഹചര്യത്തിലാണ് മൂന്നുവര്‍ഷം കൊണ്ട് ആറര ശതമാനം വര്‍ധന എന്ന ധാരണയിലേക്ക് ഇപ്പോള്‍ യൂണിയനുകളുമായി സര്‍ക്കാര്‍ കരാറുണ്ടാക്കിയിരിക്കുന്നത്. എന്‍എച്ച്എസില്‍ ക്ലീനര്‍മാരും പോര്‍ട്ടര്‍മാരും തുടങ്ങി വകുപ്പു മേധാവികള്‍ വരെയുള്ള ഒമ്പത് ശമ്പള ബാന്‍ഡുകളാണ് നിലവിലുള്ളത്. ഇതില്‍ ഏറ്റവും താഴ്ന്ന ബാന്‍ഡുകാര്‍ക്ക് ഇപ്പോള്‍ 15,000 പൗണ്ടും ഉയര്‍ന്ന ബാന്‍ഡുകാര്‍ക്ക് 100,000 പൗണ്ടുമാണ് ശരാശരി ശമ്പളം.
നഴ്സുമാരില്‍ ഏറ്റവും താഴ്ന്ന ബാന്‍ഡായ അഞ്ചിന് 22,000 പൗണ്ടും ഉയര്‍ന്ന ബാന്‍ഡായ എട്ടിന് 80,000 പൗണ്ടും വരെ ശമ്പളം ലഭിക്കുന്നുണ്ട്. ഇതിന്മേലാകും മൂന്നു വര്‍ഷംകൊണ്ട് ആറര ശതമാനം വര്‍ധനയുണ്ടാകുക. കാലങ്ങളായി മുടങ്ങിക്കിടന്ന ശമ്പള വര്‍ധനമൂലം നഴ്സുമാകും ഡോക്ടര്‍മാരും എന്‍എച്ച്എസ് വിട്ടുപോകുന്ന സാഹചര്യം വന്നതോടെയാണ് ഇപ്പോള്‍ മനസില്ലാ മനസോടെ സര്‍ക്കാര്‍ യൂണിയനുകളുടെ ആവശ്യങ്ങള്‍ ഭാഗികമായെങ്കിലും പരിഗണിക്കുന്നത്.
ഓരോ വര്‍ഷവും എന്‍എച്ച്എസിലെ പത്തിലൊന്ന് നഴ്സുമാര്‍ വീതം ജോലി ഉപേക്ഷിക്കുകയോ സ്വകാര്യ മേഖലയിലേക്ക് മാറുകയോ ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡോക്ടര്‍മാരും വിദേശരാജ്യങ്ങളിലേക്ക് ജോലി തേടിപ്പോകുന്ന സ്ഥിതി വന്നതോടെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നത്. ആരോഗ്യമേഖലയിലെ 12 യൂണിയനുകള്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു യൂണിയന്‍ (ജിഎംബി) ഇപ്പോഴത്തെ വര്‍ധന അപര്യാപ്തമാണെന്ന നിലപാടിലാണ്.