ഹൈദരാബാദ്: സ്കൂളിൽ സാന്പാർ പാചകം ചെയ്തിരുന്ന ചെന്പിൽ വീണു വിദ്യാർഥിക്കു ദാരുണാന്ത്യം. പാന്യം നഗരത്തിലെ വിജയനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യുകെജി വിദ്യാർഥിയായ പുരുഷോത്തം റെഡ്ഡി എന്ന ആറു വയസുകാരനാണു മരിച്ചത്.
ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലാണു സംഭവം. ഉച്ചഭക്ഷണ ഇടവേളയിൽ ഓടുന്നതിനിടെ, ഉച്ചഭക്ഷണത്തിനായി തയാറാക്കിയ സാന്പാർ പാത്രത്തിലേക്കു കുട്ടി കാൽതെറ്റി വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിപ്പയിപ്പിള്ളെ ഗ്രാമത്തിലെ ശ്യാം സുന്ദർ റെഡ്ഡിയുടെ മകനാണു പുരുഷോത്തം.
സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ പോലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്കു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടുവരുന്നതിനിടെ പുരുഷോത്തം വരി തെറ്റിച്ച് ഓടിയതാണ് അപകടത്തിനു കാരണമായതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.