ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ ഇന്ത്യയിലേക്കെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്ക്ക് കര്‍ശനമായ കോവിഡ് നിബന്ധനകള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാർ.
വാക്സിന് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും തിങ്കളാഴ്ച മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാരും സ്വന്തം ചെലവിൽ 10 ദിവസത്തെ ക്വാറന്റൈനിൽ കഴിയണമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു.
ഒക്ടോബര്‍ നാലു മുതല്‍ ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്ന ആളുകള്‍ രണ്ടു ഡോസ് വാക്സിനുകള്‍ സ്വീകരിക്കുന്നതിന് പുറമേ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലും, വിമാനത്താവളത്തിലെത്തിയതിനു ശേഷവും ക്വാറന്റൈനില്‍ പ്രവേശിച്ച് എട്ടാമത്തെ ദിവസവും ആർടിപിസിആര്‍ ടെസ്റ്റിനു വിധേയമാകണം.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ബ്രിട്ടണോടുള്ള പ്രതികരണമാണിതെന്നാണ് പൊതുവഭിപ്രായം.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും വാക്സിന് സ്വീകരിച്ചിട്ടുള്ള യാത്രകാര്‍ക്ക് യാത്രാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ബ്രിട്ടണ് കടുത്ത വിമര്‍ശങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു.
കോവിഷീല്‍ഡ് വാക്സിന് ബ്രിട്ടണ് അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നും വാക്സിന് സ്വീകരിച്ച യാത്രക്കാര്‍ക്ക് ബ്രിട്ടണ് ക്വാറന്റൈന് ഏര്‍പ്പെടുത്തിയിരുന്നു.
പ്രശ്നം വാക്സിന്റേ തല്ല മറിച്ച് ഇന്ത്യയുടെ കോവിഡ് സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ടാണെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നു.
ഇത് ഇന്ത്യയുടെ കടുത്ത അമര്‍ഷത്തിന് കാരണമായിരുന്നു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യ കനത്ത നടപടികളിലേക്ക് പോകുമെന്ന മുന്നറിയിപ്പും വിദേശകാര്യ മന്ത്രാലയം യുകെയ്ക്ക് നല്‍കിയിരുന്നു.
കോവിന്‍ ആപ്പ് പോലെയുള്ള കേന്ദ്രീകൃത സംവിധാനമുപയോഗിച്ചാണ് ഇന്ത്യയില്‍ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കോവിന്‍ ആപ്പ് രൂപ കല്പന ചെയ്തിരിക്കുന്നതെന്നുമാണ് ദേശീയ ആരോഗ്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഡോ. ആര്.എസ്. ശര്‍മ പ്രതികരിച്ചത്.