മോസ്കോ: റഷ്യയിലുടനീളം യുക്രെയ്ൻ സേനയുടെ ഡ്രോൺ ആക്രമണം. മോസ്കോ, ഒർലോവ്, റയാസാൻ, കലൂഗ, ബ്രിയാൻസ്ക്, സ്കോഫ് എന്നിങ്ങനെ ആറു മേഖലകളിൽ ചൊവ്വാഴ്ച രാത്രി ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളിൽ പറയുന്നു. സ്കോഫിലെ വ്യോമസേനാ താവളത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ചരക്കു വിമാനങ്ങൾക്കു തീപിടിച്ചു.
യുക്രെയ്ൻ സേന റഷ്യയിൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. വടക്കൻ യുക്രെയ്നിൽനിന്ന് 660 കിലോമീറ്റർ അകലെ നാറ്റോ രാജ്യങ്ങളായ എസ്തോണി/, ലാത്വിയ എന്നിവയോടു ചേർന്ന സ്കോഫിലുണ്ടായ ആക്രമണം റഷ്യയെ ഞെട്ടിച്ചു.
ഇല്യൂഷിൻ-76 ഹെവി ട്രാൻസ്പോർട്ട് ഇനത്തിൽപ്പെട്ട നാലു വിമാനങ്ങൾക്കു തീപിടിച്ചുവെന്നാണു പറയുന്നത്. വ്യോമതാവളത്തിലെ തീപിടിത്തത്തിന്റെയും സ്ഫോടനങ്ങളുടെയും ദൃശ്യങ്ങൾ സ്കോഫ് പ്രവിശ്യാ സർക്കാർ പുറത്തുവിട്ടു.
മോസ്കോ അടക്കം മറ്റു മേഖലകളിലുണ്ടായ ഡ്രോൺ ആക്രമണങ്ങൾ പരാജയപ്പെടുത്തിയെന്നു റഷ്യ അവകാശപ്പെടുന്നു. ആളപായമുള്ളതായി റിപ്പോർട്ടില്ല. മോസ്കോയിലെ നാലു വിമാനത്താവളങ്ങളിൽ കുറച്ചു നേരത്തേക്കു പ്രവർത്തനം തടസപ്പെട്ടു.
ഇതിനു മറുപടിയായി യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സേന നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഒരാൾക്കു പരിക്കേൽക്കുകയും ചെയ്തു. റഷ്യ തൊടുത്ത ഇരുപതോളം ഡ്രോണുകളും മിസൈലുകളും വെടിവച്ചിട്ടുവെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. അവശിഷ്ടങ്ങൾ പതിച്ചാണു മരണങ്ങൾ സംഭവിച്ചത്.
റഷ്യൻ വിമാനങ്ങൾ കരിങ്കടലിൽ യുക്രെയ്ൻ സേനയുടെ നാല് അതിവേഗ ബോട്ടുകൾ തകർത്തുവെന്നും റഷ്യ അറിയിച്ചു. ആക്രമണത്തിനു സജ്ജരായ 50 സൈനികർ ബോട്ടിലുണ്ടായിരുന്നു.