കീവ്: യുക്രെയ്നിൽ റഷ്യയുടെ മുഴുരാത്രി വ്യോമാക്രമണം. ഡ്രോണുകളും ക്രൂസ് മിസൈലുകളുമാണു റഷ്യ പ്രയോഗിച്ചത്. തിങ്കളാഴ്ച പുലർച്ചെ തലസ്ഥാന നഗരമായ കീവിൽ നിരവധി സ്ഫോടനങ്ങളുണ്ടായി.
കീവിലെ എല്ലാ ജില്ലകളിലും ആക്രമണമുണ്ടായി. മൂന്നു പേർക്ക് പരിക്കേറ്റു. വേനൽക്കാല അവധിക്കു ശേഷം തിങ്കളാഴ്ച കുട്ടികൾ സ്കൂളിലേക്ക് മടങ്ങാനിരിക്കേയായിരുന്നു റഷ്യൻ ആക്രമണം.
ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച പുലർച്ചവരെ 35 മിസൈലുകളും 26 ഡ്രോണുകളുമാണു റഷ്യ തൊടുത്തത്. ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും 13 ക്രൂസ് മിസൈലുകളും 20 ഡ്രോണുകളും തകർത്തതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു.
ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചവരെ യുക്രെയ്ന്റെ 158 ഡ്രോണുകൾ തകർത്തതായി റഷ്യ അറിയിച്ചു. ഇതിൽ രണ്ടെണ്ണം മോസ്കോയ്ക്കു മുകളിൽവച്ചും ഒൻപതെണ്ണം മോസ്കോയ്ക്കു സമീപപ്രദേശങ്ങളിലുമാണ് വെടിവച്ചിട്ടത്.