കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പടെ മൂന്നുപേർ കൊല്ലപ്പെട്ടു. നാൽപ്പതിലേറെ പേർക്കു പരിക്കേറ്റു.
കിഴക്കൻ യുക്രെയ്നിലെ ക്രാമാറ്റോർസ്ക് നഗരത്തിലെ റസ്റ്ററന്റിനു നേർക്കാണ് റഷ്യ റോക്കറ്റ് ആക്രമണം നടത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽനിന്നുമാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.
പരിക്കേറ്റവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. കിഴക്കൻ ഭാഗത്ത് യുക്രെയ്ന്റെ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ നഗരമാണിത്.
രണ്ട് റഷ്യൻ റോക്കറ്റുകൾ ഇവിടെ പതിച്ചതായി ഡൊനെറ്റ്സ്ക് ഗവർണർ പാവ്ലോ കൈറിലെങ്കോ പറഞ്ഞു. ആക്രമണത്തിൽ മറ്റു ചില കെട്ടിടങ്ങൾക്കും കേടുപാടു സംഭവിച്ചിട്ടുണ്ട്.
അതിനിടെ യുക്രെയ്നിന് 500 മില്യൺ ഡോളറിന്റെ സുരക്ഷാസഹായം യുഎസ് പ്രതിരോധ വകുപ്പ് പ്രഖ്യാപിച്ചു. സുരക്ഷാ, പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് അധിക സുരക്ഷാസഹായ പാക്കേജ് പ്രഖ്യാപിച്ചതെന്ന് യുഎസ് പ്രതിരോധ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.