കീവ്: യുക്രെയ്നിലെ പട്ടാള നടപടി രണ്ടാം ദിനവും തുടർന്ന് റഷ്യ. കീവിൽ വീണ്ടും സ്ഫോടനങ്ങൾ നടന്നു. നിരവധി സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്.
റഷ്യൻ സൈന്യം യുക്രെയ്ൻ തലസ്ഥാനമായ കീവിന് അടുത്തെത്തിയിട്ടുണ്ട്.ഒഡേസയിലും സപ്പോരിജിയ മേഖലയിലും റഷ്യ മിസൈൽ ആക്രമണം നടത്തുന്നുണ്ട്.
ഒരു ലക്ഷത്തിലേറെ പേർ കീവ് വിട്ടെന്നാണ് സൂചന. മലയാളികൾ ഉൾപ്പെടെ ഇന്നലെ രാത്രി കഴിച്ചു കൂട്ടിയത് ബങ്കറുകളിലാണ്.
137പേർ മരിച്ചു
റഷ്യൻ ആക്രമണങ്ങളിൽ സൈനികരും സാധാരണക്കാരായ ജനങ്ങളും ഉൾപ്പെടെ ഇതുവരെ 137 പേർ മരിച്ചെന്ന് യുക്രെയ്ൻ പ്രസിഡൻറ് വോളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു. 316 പേർക്ക് പരിക്കുകൾ പറ്റി.
ഏകദേശം 100,000 യുക്രെയ്നികൾ വീടുവിട്ട് പലായനം ചെയ്തതായി യുഎൻ അഭയാർഥി ഏജൻസി പറയുന്നു.
സ്ഥാനപതിയെ പുറത്താക്കും
യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി ന്യൂസിലൻഡ്. റഷ്യൻ സ്ഥാനപതിയെ രാജ്യത്തുനിന്ന് പുറത്താക്കുന്നത് പരിഗണിക്കുകയാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡൻ പറഞ്ഞു.
റഷ്യക്കെതിരെ കർശന ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും വ്യക്തമാക്കി. ഓസ്ട്രേലിയയും ന്യൂസിലൻഡും അമേരിക്കയും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഇടപെട്ട് ഫ്രാൻസ്
ആണവായുധങ്ങൾ ഉണ്ടെന്ന ധൈര്യത്തിലാണ് ഭീഷണി മുഴക്കുന്നതെങ്കിൽ നാറ്റോയുടെ കൈവശവും ആണവായുധങ്ങൾ ഉണ്ടെന്ന് റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ മനസിലാക്കണമെന്ന് ഫ്രാൻസ് വ്യക്തമാക്കി.പുടിനുമായി ഫ്രാൻസ് പ്രസിഡന്റ് മാക്രോൺ ചർച്ച നടത്തി.
ഇന്ത്യയുമായി ചർച്ച
യുദ്ധ പ്രതിസന്ധിയെ കുറിച്ച് അമേരിക്ക ഇന്ത്യയുമായി ഇന്ന് കൂടിയാലോചന നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.
ആരും സഹായിച്ചില്ല
തങ്ങൾക്കെതിരേ റഷ്യ ആഞ്ഞടിക്കാൻ തുടങ്ങിയതോടെ നാറ്റോയിലെ 27 രാജ്യങ്ങളോട് അടക്കം യുദ്ധത്തിന്റെ ആദ്യദിനം തന്നെ സഹായം തേടിയെന്നും, എന്നാൽ ആരും സഹായിക്കാൻ തയാറായില്ലെന്നും യുക്രൈയ്ൻ പ്രസിഡൻറ് വോളോഡിമിർ സെലൻസ്കി.
യുക്രെയ്ൻ തകർത്തു
റഷ്യയുടെ അഞ്ച് ഹെലികോപ്ടറുകളും അനേകം ടാങ്കുകളും തകർത്തുവെന്ന് യുക്രെയ്ൻ. നിരവധി റഷ്യൻ പട്ടാക്കാരെ പിടികൂടി.
റഷ്യയോട് ഒറ്റയ്ക്ക് പോരാടേണ്ട സാഹചര്യമാണ് ഉള്ളതെന്നും യുക്രെയ്ൻ പ്രസിഡന്റ് വോളോ ഡിമിർ സെലൻസ്കി.
ജനങ്ങൾ ആയുധമെടുക്കണം
റഷ്യയുടെ ആക്രമണം ശക്തമായതോടെ ജനങ്ങളോട് രാജ്യത്തെ സംരക്ഷിക്കാൻ ആയുധം കയ്യിലെടുക്കാൻ ആഹ്വാനം ചെയ്ത് യുക്രെയൻ പ്രസിഡന്റ് സെലെൻസ്കി.
റഷ്യൻ സൈന്യം തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കെ രാജ്യത്തിനായി തെരുവിൽ പോരാടാൻ തയ്യാറുള്ള ഏതൊരാൾക്കും സർക്കാർ ആയുധം നൽകുമെന്നും സെലെൻസ്കി ട്വിറ്ററിലൂടെ വ്യക്തമാക്കി.
റഷ്യൻ സ്വത്തുക്കൾ മരവിപ്പിച്ചു
യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യക്കെതിരേ കടുത്ത നടപടിയുമായി അമേരിക്ക. യുഎസിലെ എല്ലാ റഷ്യൻ സ്വത്തുക്കളും മരവിപ്പിച്ചതായി ബൈഡൻ അറിയിച്ചു.
റഷ്യയിലേക്കുള്ള കയറ്റുമതിയിൽ നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റഷ്യയ്ക്കെതിരെ ഓരോ അടിയിലും ശക്തമായി പ്രതിരോധിക്കുമെന്നും ബൈഡൻ വ്യക്തമാക്കി.
പുടിൻ അതിക്രമിയാണെന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുദ്ധം തെരഞ്ഞെടുത്ത പുടിനും അദ്ദേഹത്തിന്റെ രാജ്യവും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.
റഷ്യയുടെ നാല് പ്രധാനപ്പെട്ട ബാങ്കുകൾക്കുമേൽകൂടി ഉപരോധം ഏർപ്പെടുത്തി. ഇവരുടെ അമേരിക്കയിലുള്ള ആസ്തികൾ മരവിപ്പിക്കും.
21-ാം നൂറ്റാണ്ടിൽ ഹൈടെക് സന്പദ് വ്യവസ്ഥയിൽ മത്സരിക്കാനുള്ള റഷ്യയുടെ കഴിവിനെ തടസപ്പെടുത്തുമെന്നും ബൈഡൻ അറിയിച്ചു.
യുക്രെയ്ൻ പിടിച്ചെടുക്കുന്നതിനേക്കാൾ വലിയ ആഗ്രഹം പുടിനുണ്ട്. സോവിയറ്റ് യൂണിയൻ പുനഃസ്ഥാപിക്കപ്പെടുക എന്നതാണ് പുടിൻ ആഗ്രഹിക്കുന്നത്.
അദ്ദേഹത്തിന്റെ തീരുമാനങ്ങൾ റഷ്യയെ ദുർബലമാക്കും. കയറ്റുമതി നിയന്ത്രണം അടക്കമുള്ള ഉപരോധങ്ങൾ റഷ്യയ്ക്ക് ദീർഘകാല പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നും ബൈഡൻ പറഞ്ഞു.