ലോകത്തെ കണ്ണീരിലാഴ്ത്തുന്ന സംഭവ വികാസങ്ങളാണ് യുക്രൈനില്‍ ഇപ്പോള്‍ നടക്കുന്നത്. നിരവധി നിരപരാധികളാണ് റഷ്യ-യുക്രൈന്‍ പോരാട്ടത്തിനിടെ പിടഞ്ഞു വീഴുന്നത്.
എന്നാല്‍ റഷ്യയ്‌ക്കെതിരേ പട്ടാളക്കാര്‍ക്കൊപ്പം യുക്രൈനിയന്‍ ജനത തെരുവിലിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.
അതിക്രമിച്ചു കയറുന്ന ശത്രുസൈന്യത്തെ വഴിതെറ്റിച്ചു വിടാന്‍ റോഡരികിലെ ചൂണ്ടുപലകകളുംമറ്റ് അടയാളങ്ങളുമൊക്കെ മാറ്റിയെഴുതുകയാണ് യുക്രെയിന്‍ ജനത. അണ്ണാറക്കണ്ണനും തന്നാലായതു ചെയ്യുന്ന ഒരു യുദ്ധമുഖമാണ് ഇന്ന് യുക്രൈനില്‍ കാണുന്നത്.
തലസ്ഥാന നഗരമായ കീവ് പിടിച്ചെടുക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന റഷ്യന്‍ സൈന്യത്തെ വഴിതെറ്റിച്ചുവിടാന്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചത് യുക്രെയിന്‍ പ്രതിരോധമന്ത്രാലയം തന്നെയാണ്.
അവരാണ് ട്വീറ്ററിലൂടെ ഇക്കാര്യത്തിന് ജനങ്ങളുടെ സഹായം ആവശ്യപ്പെട്ടതും. ബോര്‍ഡുകള്‍ മാറ്റി എഴുതുന്നതിനൊപ്പം റഷ്യന്‍ സൈന്യത്തിനെതിരെ അശ്ലീല വര്‍ഷവും ബോര്‍ഡുകളില്‍ നിറയുന്നുണ്ട്.
സമീപകാല യുദ്ധങ്ങളിലൊന്നും തന്നെ കാണാനാകാഞ്ഞ പൊതുജനപങ്കാളിത്തമാണ് യുക്രൈനില്‍ കാണാന്‍ കഴിയുന്നത്.
കരിങ്കടലിലെ സ്‌നേക്ക് ഐലന്‍ഡിന് കാവല്‍ നിന്ന വളരെ ചെറിയ ഒരു യുക്രൈന്‍ സേനാവിഭാഗത്തോട് കീഴടങ്ങാന്‍ റഷ്യന്‍ യുദ്ധക്കപ്പലിലെ സൈനികര്‍ ആവശ്യപ്പെട്ടപ്പോള്‍ ”പോയി തുലയടാ” എന്നര്‍ത്ഥം വരുന്ന, അശ്ലീലപദം ചേര്‍ത്ത ഒരു മറുപടിയായിരുന്നു ആ യുക്രൈന്‍ സൈനികര്‍ നല്‍കിയത്.
റഷ്യന്‍ സേനയ്ക്ക് ആ ഒരു ചെറിയ കൂട്ടത്തെ കീഴടക്കാന്‍ ആയെങ്കിലും അവര്‍ കൊടുത്ത അശ്ലീലത്തില്‍ പൊതിഞ്ഞ മറുപടി ഇന്ന് യുക്രൈന്‍ ജനതയുടെ ആവേശമുണര്‍ത്തുന്ന മുദ്രാവാക്യമായി മാറിയിരിക്കുകയാണ്. സൈന്‍ ബോര്‍ഡുകളിലെങ്ങും ആ വാചകമാണ് ഇപ്പോള്‍ നിറയുന്നത്.
എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ പോകാത്തതു മൂലം പുടിന്‍ രണ്ടും കല്‍പ്പിച്ചുള്ള നിലപാടിലാണെന്നാണ് വിവരം.
ഇതിന്റെ ഭാഗമായി യുക്രൈനെ ലക്ഷ്യമാക്കി കൂടുതല്‍ റോക്കറ്റ് ലോഞ്ചറുകള്‍ റഷ്യ സ്ഥാപിച്ചു കഴിഞ്ഞു. സ്‌ഫോടനം നടന്ന ഉടന്‍ അന്തരീക്ഷത്തിലുള്ള ഓക്‌സിജന്‍ വലിച്ചെടുക്കുന്ന തരത്തിലുള്ള ഫ്രീ ഫ്യൂവല്‍-എയര്‍ തെര്‍മോബാറിക് ബോംബുകള്‍ വര്‍ഷിക്കുവാന്‍ കഴിവുള്ളവയാണ് ഈ ലോഞ്ചറുകളില്‍ നിന്നും പറന്നുയരുന്ന റോക്കറ്റുകള്‍.
സ്‌ഫോടനത്തിന് ഇരയാകുന്നവര്‍ക്ക് ശരീരത്തിനു പുറത്ത് കാര്യമായ പരിക്കുകള്‍ ദൃശ്യമാകില്ലെങ്കിലും ആന്തരീകാവയവ വ്യവസ്ഥ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ തകരാറിലാകും.
1980 കളില്‍ വികസിപ്പിച്ച ഈ ആധുനിക ആയുധം ഒരു ജനതയെ മുഴുവന്‍ ഇല്ലാതെയാക്കുവാന്‍ കെല്‍പുള്ളതാണ്.
ഈ ആയുധ സന്നാഹം ബെലാറസില്‍ നിന്നും യുക്രെയിന്‍ അതിര്‍ത്തി കടന്നു പോകുന്നത് കണ്ടതായി ചില ദൃക്‌സാക്ഷികള്‍ പറയുന്നു.
വടക്കന്‍ യുക്രൈനിലെ അതിര്‍ത്തി പ്രദേശമായ ബെല്‍ഗ്രേഡില്‍ ഇത്തരം ആയുധങ്ങള്‍ വാഹനങ്ങളില്‍ നീക്കുന്നതായി കണ്ടെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, നേരത്തേ യുക്രൈയിന് ആയുധ സഹായം നല്‍കാന്‍ വിസമ്മതിച്ച ജര്‍മനി ഉള്‍പ്പടെ പല യൂറോപ്യന്‍ രാജ്യങ്ങളും യുക്രൈയിന് ആയുധ സഹായവുമായി മുന്‍പോട്ട് വന്നിട്ടുണ്ട്.
ജര്‍മനിക്കൊപ്പം ജര്‍മന്‍ നിര്‍മ്മിത ടാങ്ക് വേധ മിസൈലുകള്‍ നല്‍കി നെതര്‍ലാന്‍ഡ്‌സും രംഗത്തെത്തി. പഴയ കമ്യുണിസ്റ്റ് കിഴക്കന്‍ ജര്‍മ്മനിയില്‍ നിര്‍മ്മിച്ച ഹൊവൈറ്റ്‌സര്‍ ഹെലികോപ്ടറുകളുടെ ഒരു കൂട്ടമാണ് എസ്റ്റോണിയ യുക്രെയിന് നല്‍കിയത്.
അതേസമയം, കീവ് നഗരത്തില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യു വീണ്ടും നീട്ടി. അതിക്രമിച്ചു കടക്കുന്നവരെയൊക്കെ കര്‍ശനമായി ശിക്ഷിക്കുമെന്ന് യുക്രൈയിന്‍ പ്രസിഡണ്ട് സെലെന്‍സ്‌കി പറഞ്ഞു.
രാജ്യത്തിനായി ഒരു വീഡിയോയിലൂടെ നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. തലസ്ഥാന നഗരം പിടിച്ചടക്കി ഡോണെറ്റ്‌സ്‌കില്‍ ചെയ്തതുപോലെ റഷ്യയുടെ ഒരു പാവ സര്‍ക്കാര്‍ ഉണ്ടാക്കാനാണ് പുടിന്‍ ശ്രമിക്കുന്നതെന്ന് സെലെന്‍സ്‌കി ആരോപിച്ചു.
അതിക്രമിച്ചു കടക്കുന്ന ഏതൊരു റഷ്യന്‍ സൈനികനേയും ഇല്ലാതെയാക്കാന്‍ ഒരു അവസരം കിട്ടിയാല്‍ അത് പാഴാക്കരുതെന്നും സെലെന്‍സ്‌കി ജനങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച്ച രാത്രി എട്ടു മണിവരെയാണ് കീവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. നഗരഹൃദയത്തില്‍ നിന്നും വെറും 30 കിലോമീറ്റര്‍ മാത്രം ദൂരെയാണ് റഷ്യന്‍ സൈന്യ്ം എന്ന ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പറയുന്നു.
യുക്രൈയിനിലെ വിമാനത്താവളങ്ങള്‍ പിടിച്ചെടുത്തതായി അവകാശപ്പെടുന്നുണ്ടെങ്കിലും, അവയ്ക്ക് മേല്‍ ഇനിയും പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റഷ്യക്ക് കഴിഞ്ഞിട്ടില്ല.
ഇത് റഷ്യന്‍ വ്യോമസേനയുടെ ആക്രമണ പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. ഇതാണ് പുടിനെ അസ്വസ്ഥനാക്കുന്നതും.