ദക്ഷിണ യുക്രെയ്നിലെ റഷ്യന്‍ നിയന്ത്രിത മേഖലയില്‍ അണക്കെട്ട് തകര്‍ത്തു. റഷ്യയാണ് ഇതിനു പിന്നിലെന്ന് യുക്രെയ്ന് ആരോപിച്ചു. ഉത്തരവാദിത്തം യുക്രെയ്നാണെന്നാണ് റഷ്യ ആരോപിക്കുന്നത്.
തുടര്‍ച്ചയായ സ്ഫോടനങ്ങളിലൂടെ അണക്കെട്ടു തകരുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
30 മീറ്റര്‍ ഉയരവും 3.2 കിലോമീറ്റര്‍ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്കു കുറുകെ 1956ലാണ് നിര്‍മിച്ചത്. ഇവിടെ കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റും പ്രവര്‍ത്തിക്കുന്നുണ്ട്.
ഡാം തകര്‍ന്നതോടെ യുദ്ധഭൂമിയിലേക്ക് ജലം ഒഴുകിയെത്തുകയാണ്. വെള്ളപ്പൊക്ക സാധ്യത തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ക്രീമിയയിലെ വിവിധയിടങ്ങളിലേക്കുള്ള ജലവിതരണം നടക്കുന്നതും ഈ അണക്കെട്ടില്‍ നിന്നാണ്. 2014 മുതല്‍ റഷ്യന്‍ നിയന്ത്രണത്തിലാണ് അണക്കെട്ട് പ്രവര്‍ത്തിക്കുന്നത്.
അണക്കെട്ട് തകര്‍ത്തത് റഷ്യന്‍ സൈന്യമാണെന്ന് യുക്രെയ്ന് സൈന്യം ആരോപിച്ചു. ‘റഷ്യന്‍ സൈന്യം കഖോവ്ക ഡാം തകര്‍ത്തു’ എന്നാണ് യുക്രെയ്ന് സൈന്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
അതേസമയം ആരോപണം റഷ്യ തള്ളി. സ്ഫോടനത്തിന്റെ ആഘാതം കണക്കിലെടുക്കുമ്പോള്‍ ഇതൊരു ഭീകരാക്രമണമാണെന്നും പിന്നില്‍ യുക്രെയ്നാണെന്നുമാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.
16,000 ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. വരുന്ന അഞ്ചു മണിക്കൂറിനുള്ളില്‍ നിരവധി വീടുകള്‍ മുങ്ങുമെന്നും എത്രയും വേഗം കഴിയുന്നത്ര അകലത്തിലേക്ക് പോകാനും അധികൃതര്‍ ആളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.