കീവ്: റഷ്യൻ കടന്നാക്രമണം യുക്രെയിനിനെ വിറപ്പിക്കുന്പോഴും സാധിക്കുന്ന വിധത്തിലെല്ലാം ചെറുത്തുനിൽക്കാനുള്ള ശ്രമത്തിലാണ് ഈ രാജ്യം. സൈനികർ മാത്രമല്ല മറ്റു തലങ്ങളിലും ചെറുത്തു നിൽപ്പിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഇന്നലെ രാജ്യത്തെ ഹാക്കർമാരെ തേടി യുക്രെനിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ സന്ദേശമെത്തിയതായി കീവിൽനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു.
റഷ്യൻ സേനയ്ക്കെതിരേ സൈബർ പ്രതിരോധം തീർക്കാനും സൈബർ ആക്രമണം നടത്താനുമാണ് ഹാക്കർമാരുടെ സന്നദ്ധസേവനം യുക്രെയിൻ പ്രയോജനപ്പെടുത്തുന്നത്.
അതുപോലെ തന്നെ വൈദ്യുത നിലയം, ജലസേചന സംവിധാനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം താളം തെറ്റാതിരിക്കാനും അട്ടിമറിക്കാതിരിക്കാനും സൈബർ സുരക്ഷയൊരുക്കുക എന്ന ദൗത്യവും സൈബർ വിദഗ്ധൻമാർക്കുണ്ട്.
സൈബർ ഹാക്കിംഗിൽ തങ്ങൾക്കുള്ള കഴിവും നൈപുണ്യവും വ്യക്തമാക്കി പ്രതിരോധമന്ത്രാലയത്തെ സമീപിക്കാൻ ഇന്നലെയാണ് ഹാക്കർ ഫോറങ്ങളിൽ അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്.
തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സൈബർ സേനയിൽ ചേരാൻ ഇതിനകം നിരവധി ഹാക്കർമാരും സൈബർ വിദഗ്ധരും തയാറായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കീവിലെ സൈബർ സെക്യൂരിറ്റി കന്പനികളെ അടക്കം ഇക്കാര്യങ്ങളിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. 2015ൽ റഷ്യ നടത്തിയ സൈബർ ആക്രമണത്തിൽ യുക്രെയിനിലെ വൈദ്യുത നിലയങ്ങളും ജലസേചന സംവിധാനങ്ങളും താറുമാറായിരുന്നു.
രണ്ടര ലക്ഷത്തോളം യുക്രെനിയക്കാർക്ക് ദിവസങ്ങളോളം വൈദ്യുതി തടസം നേരിടുകയും ചെയ്തു. ഇത്തരം സൈബർ ആക്രമണങ്ങളെ ചെറുക്കുകയും പോരാട്ടം നടത്തുകയുമാണ് പുതുതായി നിയോഗിക്കപ്പെടുന്നവരുടെ ദൗത്യം.