രാജു കുടിലിൽ
ഏറ്റുമാനൂർ: യുക്രെയ്നിൽ തന്റെ സഹപാഠികൾ ആശങ്കയുടെ മുൾമുനയിലാണ്. അവരിൽ പലരും ബങ്കറിൽ അഭയം തേടിയിരിക്കുന്നു. ഏത് നിമിഷവും യുദ്ധത്തിന്റെ കെടുതികൾ നേരിടേണ്ടി വന്നേക്കാമെന്ന ഭീതിയിൽ തന്റെ സഹപാഠികൾ കഴിയുന്നതിന്റെ ആശങ്കയിലാണ് ഐറിൻ.
യുദ്ധത്തിനു മുന്‍പേ നാട്ടിലെത്തിയെങ്കിലും ആ മനസിലെ കനലടങ്ങുന്നില്ല. അതിരന്പുഴ ശ്രീകണ്ഠമംഗലം മൂലേക്കരിയിൽ ജോയിസ് ആൻഡ്രൂസിന്റെയും മായയുടെയും മകൾ ഐറിൻ ജോയിസ് യുക്രെയ്നിൽ പൊൾട്ടാവ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ്.
യുദ്ധമുണ്ടായേക്കാമെന്ന സൂചന കണ്ടുതുടങ്ങിയപ്പോൾ തന്നെ പിതാവ് ജോയിസ് മകളെ നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഐറിൻ നാട്ടിലെത്തി.
ഐറിന്റെ ബാച്ചിൽ തന്നെ ഇരുപതോളം മലയാളികളുണ്ട്. ബാച്ചിൽ ബഹുഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഐറിൻ അല്ലാതെ മറ്റാരും നാട്ടിലേക്ക് പോന്നിട്ടില്ല. ഐറിൻ പോരുന്പോൾ യുദ്ധത്തിന്റെ യാതൊരു സൂചനകളും പൊൾട്ടാവയിൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ സ്ഥിതി മാറി.
റഷ്യൻ സേന വളഞ്ഞിരിക്കുന്ന കീവിൽ നിന്ന് അഞ്ചു മണിക്കൂറും കാർക്കീവിൽ നിന്ന് രണ്ടു മണിക്കൂറും മതി പൊൾട്ടാവയിൽ എത്താൻ. ഇപ്പോൾ സുരക്ഷിതമെങ്കിലും കാർക്കീവ് കീഴടക്കിയാൽ പിന്നെ റഷ്യൻ സേന എത്താൻ സാധ്യതയുള്ള സ്ഥലമാണ് പൊൾട്ടാവ.
പൊൾട്ടാവയിൽ സൈനിക താവളം ഉണ്ടെന്നതാണ് കാരണം.വ്യാഴാഴ്ച രാത്രിയിൽ പൊൾട്ടാവ ആക്രമിക്കപ്പെടുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ഹോസ്റ്റലിൽ തങ്ങുന്ന വിദ്യാർഥികൾ ബങ്കറിൽ അഭയം തേടിയിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല.
സഹപാഠികളുമായി ബന്ധപ്പെടാൻ ഇപ്പോൾ സാധിക്കുന്നുണ്ടെന്ന് ഐറിൻ പറഞ്ഞു. ഇന്റർനെറ്റോ വൈദ്യുതിയോ ഇല്ലാതായാൽ അവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ സാധിക്കാതെ വരും. ഇപ്പോൾ തന്നെ കടകളൊക്കെ അടഞ്ഞുതുടങ്ങി. അധികം വൈകാതെ ഭക്ഷണ സാധനങ്ങൾ ലഭിക്കാതെ വരാം.
മിക്ക അപ്പാർട്ട്മെന്റുകളോടും ഹോസ്റ്റലുകളോടും ചേർന്ന് ബങ്കറുകളുണ്ട്. മുന്നറിയിപ്പ് നൽകിക്കൊണ്ട് സൈറണ്‍ മുഴങ്ങിയാൽ എല്ലാവരും ബങ്കറിലേക്ക് നീങ്ങണം.അതിനാവശ്യമായ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റികൾ കുട്ടികളെ നാട്ടിലേക്ക് പോകാൻ അനുവദിച്ചിരുന്നില്ല. ഓണ്‍ലൈനായിരുന്ന ക്ലാസുകൾ അവർ ഓഫ് ലൈനാക്കുകയും ചെയ്തിരുന്നു. അതാണ് വിദ്യാർഥികൾ കൂട്ടത്തോടെ അവിടെ കുടുങ്ങാൻ ഇടയാക്കിയത്.
ഏത് നിമിഷവും യുദ്ധത്തിന്റെ കെടുതികൾ നേരിടേണ്ടി വന്നേക്കാമെന്ന ഭീതിയിലാണ് വിദ്യാർഥികൾ അവിടെ കഴിയുന്നത്.തന്റെ സഹപാഠികളുടെ ഭയവും ആശങ്കയും ഐറിനെയും അസ്വസ്ഥതപ്പെടുത്തുന്നു.