ഷാജിമോൻ ജോസഫ്
കൊച്ചി: മാർച്ച് രണ്ടിന് നാട്ടിലേക്കു മടങ്ങാൻ വിമാന ടിക്കറ്റ് കിട്ടിയതിന്റെ ആശ്വാസത്തിലായിരുന്നു ഇന്നലെ രാവിലെ യുക്രെയ്നിലെ സംഘർഷ സാഹചര്യങ്ങൾ ദീപികയുമായി പങ്കുവയ്ക്കുന്പോൾ അങ്കമാലിയിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥി.
എന്നാൽ തൊട്ടുപിന്നാലെ യുക്രെയ്നിലെ വിമാനത്താവളം അടച്ചുവെന്ന വാർത്ത വന്നതോടെ ആശ്വാസം ആശങ്കയ്ക്കു വഴിമാറി. രണ്ടു മണിക്കൂറിനുശേഷം വീണ്ടും വിളിക്കുന്പോൾ ആ വാക്കുകളിൽ യുദ്ധഭൂമിയിലെ ആശങ്കയും ഭീതിയുമെല്ലാം വായിച്ചെടുക്കാമായിരുന്നു.
എടിഎമ്മിനു മുന്നിലും കുടിവെള്ളത്തിനായും മണിക്കൂറുകൾ കാത്തുനില്ക്കേണ്ടിവന്നതിന്റെ കഷ്ടപ്പാടുകൾ വിവരിക്കുന്നതിനിടെ, ഈ ഫോണ് കോൾ എപ്പോൾ വേണമെങ്കിലും നിലയ്ക്കാമെന്നും യൂക്രെയിനിൽ നാലാം വർഷ മെഡിസിനു പഠിക്കുന്ന വിദ്യാർഥി പറഞ്ഞു.
തുടർപഠനത്തെ ബാധിച്ചേക്കുമെന്നതിനാൽ പേരുവെളിപ്പെടുത്തേണ്ടതില്ലെന്നാണ് ഇദ്ദേഹത്തിന്റെ നിർദേശം. രണ്ടു വർഷം മുന്പാണ് അവസാനമായി നാട്ടിലെത്തിയത്.
അടുത്തയിടെ പരീക്ഷ കഴിഞ്ഞ് നാട്ടിലേക്കു പോരാനിരുന്നതാണ്. ഓഫ് ലൈന് ക്ലാസുകൾ ഉടൻ തുടങ്ങുമെന്നും അറ്റൻഡ് ചെയ്തില്ലെങ്കിൽ ഇന്റേണൽ മാർക്കിനെ ബാധിക്കുമെന്നും യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞതിനാൽ യാത്ര നീട്ടിവയ്ക്കുകയായിരുന്നു.
എന്നാൽ യുദ്ധം ഉറപ്പായതോടെ നാട്ടിലേക്കു മടങ്ങിക്കൊള്ളാൻ യൂണിവേഴ്സിറ്റിയിൽനിന്നു തന്നെ നിർദേശം വന്നു. ഇതനുസരിച്ച് ഫെബ്രുവരി 19ന് ടിക്കറ്റ് എടുത്തു. മാർച്ച് രണ്ടിലേക്കാണ് ടിക്കറ്റ് ലഭിച്ചത്.
പണമെടുക്കാൻ എടിഎമ്മിനു മുന്നിൽ മണിക്കൂറുകളാണ് ഇന്നലെ കാത്തുനിന്നതെന്ന് വിദ്യാർഥി പറഞ്ഞു. രണ്ടാം വട്ടം വിളിക്കുന്പോൾ വാട്ടർ ഫിൽട്ടർ ടാങ്കിനു മുന്നിൽ കുടിവെള്ളത്തിനായി ക്യൂവിലായിരുന്നു.
സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യാൻ സൂപ്പർ മാർക്കറ്റുകൾക്കും കടകൾക്കും മുന്നിൽ ആളുകളുടെ തിക്കും തിരക്കുമാണ്. സൈബർ ആക്രമണമുണ്ടായാൽ അത് ഏറ്റവുമധികം ബാധിക്കുക ബാങ്കുകളെയാകും.
അങ്ങനെവന്നാൽ പണ ഇടപാടുകൾ പൂർണമായും മുടങ്ങും. ഈ സാഹചര്യം മുന്നിൽക്കണ്ടാണ് എടിഎമ്മുകൾക്കു മുന്നിലെ തിരക്കെന്നും വിദ്യാർഥി പറഞ്ഞു.
യുദ്ധം മുറുകുന്നതോടെ വാർത്താവിതരണ സംവിധാനങ്ങൾ തകർന്നേക്കാമെന്നും ഫോണിൽ കിട്ടിയില്ലെങ്കിൽ ആശങ്ക വേണ്ടെന്നും നാട്ടിലുള്ള മാതാപിതാക്കളെയും ബന്ധുക്കളെയും അറിയിച്ചിട്ടുണ്ട്.