കീവ്: സമാധാന ചർച്ചകൾക്ക് പിന്നാലെ റഷ്യ യുക്രെയ്നിൽ ആക്രമണം കടുപ്പിച്ചു. ആറാം ദിവസമാണ് റഷ്യ ആക്രമണം തുടരുന്നത്.
തലസ്ഥാനമായ കീവിൽ പോരാട്ടം ശക്തമായി. നഗരത്തിൽ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. കീവിന് അടുത്തുള്ള ബ്രോവറിയിൽ വ്യോമാക്രമണം ഉണ്ടായി. ആക്രമണത്തിൽ ബ്രോവറി മേയർക്കും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
കീവിൽ വീണ്ടും കർഫ്യൂ
റഷ്യ ആക്രമണം വീണ്ടും ശക്തമാക്കിയതോടെ കീവിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി എട്ടു മുതൽ രാവിലെ ഏഴു വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്.
ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.രാജ്യത്തെ രണ്ടാമത്തെ പ്രധാന നഗരമായ ഖാർകീവിലും റഷ്യൻ സേന തുടരെ സ്ഫോടനങ്ങളും ഷെല്ലാക്രമണങ്ങളും നടത്തി.
ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 11 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ റീജിയണൽ ഗവർണർ അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
തന്ത്രപ്രധാന സ്ഥാപനങ്ങളോ, സൈനിക പോസ്റ്റുകളോ ഇല്ലാത്ത ജനവാസകേന്ദ്രത്തിൽ റഷ്യൻ സൈന്യം ബോംബിടുകയായിരുന്നുവെന്ന് ഗവർണർ പറഞ്ഞു. സമാധാന ചർച്ചകൾക്ക് പിന്നാലെയാണ് റഷ്യ ആക്രമണം ശക്തമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാംവട്ട ചർച്ച
ബെലാറൂസ് അതിർത്തിയിൽ നടന്ന റഷ്യ-യുക്രെയ്ന് ചർച്ചയിൽ ആശാവഹമായ പുരോഗതിയുള്ളതായാണ് റിപ്പോർട്ടുകൾ. അഞ്ചര മണിക്കൂർ നീണ്ട ആദ്യറൗണ്ട് ചർച്ചയിൽ ചില ധാരണകൾ രൂപപ്പെട്ടതായി യുക്രെയ്ൻ പ്രതിനിധി പറഞ്ഞു.
ധാരണയിലെത്താനുളള നിർദേശങ്ങൾ രൂപപ്പെട്ടെന്ന് റഷ്യയും വ്യക്തമാക്കി.രണ്ടാം വട്ട ചർച്ച പോളണ്ട്-ബെലാറൂസ് അതിർത്തിയിൽ ഏതാനും ദിവസങ്ങൾക്കുളളിൽ ഉണ്ടായേക്കുമെന്നാണ് സൂചനകൾ.
കീവ്: യുദ്ധഭൂമിയായി മാറിയ യുക്രെയ്നിൽ നിന്നുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്.5,20,000പേർ ഇതിനോടകം പലായനം ചെയ്തുകഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. ഒന്നരലക്ഷത്തിലധികം പേർ ഒറ്റപ്പെട്ടു പോയി.
നാല് ദശലക്ഷത്തിലധികം പേർ അഭയാർഥികളാകുമെന്നും ഐക്യരാഷ്ട്ര സഭ കണക്കുകൂട്ടുന്നു.അതേസമയം, യുക്രെയ്നിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങൾ ഇന്ന് അതിർത്തി രാജ്യങ്ങളിലേക്കെത്തും.
കൂടുതൽ വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നതായാണ് റിപ്പോർട്ടുകൾ.ഏഴാമത്തെ വിമാനമെത്തി യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ഏഴാമത്തെ വിമാനം ഇന്ത്യയിലെത്തി.
182 യാത്രക്കാരുമായി റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്നുമാണ് വിമാനം പുറപ്പെട്ടത്. കേന്ദ്രമന്ത്രി നാരായണ് റാണെ ഇവരെ മുംബൈ വിമാനത്താവളത്തിൽ സ്വീകരിച്ചു.