ടെഹ്റാൻ: യുക്രെയിൻ വിമാനം ഇറാന്റെ മിസൈൽ പതിച്ച് തകർന്ന് വീണതാണെന്ന് ആരോപിച്ച് യുഎസിന് പുറമേ കാനഡയും യുകെയും. ഇത് സാധൂകരിക്കുന്ന നിരവധി രഹസ്യ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
’ഇത് മനഃപൂർവ്വമായിരിക്കില്ലെന്ന് ഞങ്ങക്കറിയാം. എന്നിരുന്നാലും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും കനേഡിയൻ ജനതക്കും തനിക്കും ഇക്കാര്യത്തിൽ ഉത്തരം ലഭിക്കേണ്ടതുണ്ട്’ ട്രൂഡോ പറഞ്ഞു. വിമാനം ഇറാൻ മിസൈൽ പതിച്ച് തകർന്ന് വീണതാണെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നതിന് പിന്നാലെയാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം.
ട്രൂഡോയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണും രംഗത്തെത്തി. അപകടത്തിൽ അസ്വാഭാവികതയുണ്ടെന്നും അതേ സമയം തന്നെ മനഃപുർവ്വമായിരിക്കാൻ സാധ്യതയില്ലെന്നും ബോറിസ് ജോണ്സണ് പറഞ്ഞു.
എന്ജിന് തകരാർ മൂലമാണ് അപകടമെന്നാണ് യുക്രെയിൻ ആദ്യം പറഞ്ഞത്. എന്നാൽ ഈ പരാമർശങ്ങളെല്ലാം യുക്രെയിൻ എംബസി പിൻവലിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. തകരാറിനുള്ള കാരണം കണ്ടെത്തണമെന്ന് യുക്രെയിൻ പ്രധാനമന്ത്രി ഒലെക്സി ഹോഞ്ചാരുക് ആവശ്യപ്പടുകയും ചെയ്തു. നാളെ മുതൽ ഇറാനിയൻ വ്യോമാതിർത്തി വഴി വിമാനസർവീസുകൾ നിരോധിച്ചതായും അദ്ദേഹം അറിയിച്ചു.
അതേസമയം സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നാണ് ഇറാന്റെ വിശദീകരണം. 8,000 അടി ഉയരത്തിലെത്തിയതോടെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. അസാധാരണ സാഹചര്യത്തെക്കുറിച്ച് പൈലറ്റ് റേഡിയോ സന്ദേശങ്ങൾ അയച്ചിട്ടില്ല. വിമാനത്തിൽ തീ ദൃശ്യമായിരുന്നു.
വിമാനത്താവളത്തിലുണ്ടായിരുന്ന ദൃക്സാക്ഷികളെ ചോദ്യം ചെയ്തിരുന്നു. അപകടത്തിൽപ്പെട്ട ബോയിംഗ് 737 വിമാനത്തിനു മുകളിലൂടെ പറന്ന മറ്റൊരു വിമാനത്തിലെ ദൃക്സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നുവെന്നും ഇറാൻ പറയുന്നു. ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിൽനിന്ന് യുക്രെയിൻ തലസ്ഥാനമായ കീവിലേക്കു പുറപ്പെട്ട യാത്രാവിമാനമാണ് പറന്നുയർന്ന ഉടൻ തകർന്നുവീണത്.
167 യാത്രക്കാരും ഒന്പതു ജീവനക്കാരും അടക്കം വിമാനത്തിലുണ്ടായിരുന്ന 176 പേരും മരിച്ചു. ഇതിൽ ഭൂരിഭാഗവും ഇറാൻ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.