ന്യൂഡൽഹി: റഷ്യയുടെ വൻ സൈനിക വ്യൂഹം കീവിനെ സമീപിച്ചുകൊണ്ടിരിക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ.
ഇന്നലെ എടുത്ത സാറ്റലൈറ്റ് ചിത്രങ്ങളിലാണ് റഷ്യയുടെ കൂടുതൽ സേന യുക്രെനിയൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു എന്നു വ്യക്തമാകുന്നത്.
കീവിൽ യുക്രെയിൻ സേന നടത്തുന്ന ശക്തമായ ചെറുത്തുനിൽപ്പാണ് റഷ്യൻ സേനയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ വേഗം കുറച്ചിരിക്കുന്നത്.
കീവിനു വടക്ക് റഷ്യൻ ടാങ്കുകളും കവചിത വാഹനങ്ങളുമടങ്ങിയ സൈനിക വ്യൂഹം 64 കിലോമീറ്റർ ദൂരത്തിൽ പ്രധാന വീഥിയിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണ് ചിത്രങ്ങളിൽ കാണുന്നത്. നേരത്തെ 27 കിലോമീറ്റർ ദൂരത്തിൽ സേന നിരന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
മാക്സർ ടെക്നോളജീസ് ശേഖരിച്ച ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. റഷ്യൻ വാഹനവ്യൂഹം അന്റോനോവ് വിമാനത്താവളത്തിനു സമീപംനിന്നു പ്രൈബിർസ്ക് പട്ടണത്തിലേക്കുള്ള റോഡിന്റെ നീളം മുഴുവൻ നീളുന്നതായി കാണാം.
ഇവാൻകിവിന്റെ വടക്കും വടക്കുപടിഞ്ഞാറും വാഹനവ്യൂഹം സഞ്ചരിക്കുന്ന റോഡുകൾക്കു സമീപം നിരവധി വീടുകളും കെട്ടിടങ്ങളും കത്തുന്നതായി കാണുന്നുണ്ടെന്നും മാക്സർ പറയുന്നു.
കടന്നു പോരുന്നതിനു സമീപത്തുള്ള വീടുകളെയും കെട്ടിടങ്ങളെയും റഷ്യൻ സേന ആക്രമിക്കുന്നുണ്ടോയെന്ന സംശയം ഉയർത്തുന്നതാണ് ഈ ചിത്രങ്ങൾ.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഒരു യൂറോപ്യൻ രാജ്യത്തിനു നേരെയുള്ള ഏറ്റവും വലിയ ആക്രമണമാണ് യുക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണം.
കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച ആക്രമണത്തിൽ ഇതിനകം 350ലേറെ സാധാരണക്കാർ കൊല്ലപ്പെട്ടതായിട്ടാണ് യുക്രെയിൻ പറയുന്നത്.
അതേസമയം, യുക്രെയിനിലെ തങ്ങളുടെ കടന്നുകയറ്റത്തെയും ആക്രമണത്തെയും ഇനിയും യുദ്ധം എന്നു വിശേഷിപ്പിക്കാൻ റഷ്യ തയാറായിട്ടില്ല.
അങ്ങനെ റിപ്പോർട്ട് ചെയ്യാൻ റഷ്യൻ മാധ്യമങ്ങൾക്ക് അനുവാദം പോലും നൽകിയിട്ടില്ല. പ്രത്യേക സൈനിക നടപടി എന്നാണ് ഇതിനെ റഷ്യൻ ഭരണകൂടം വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇതു ഭൂപ്രദേശം കൈവശപ്പെടുത്താനുള്ള നീക്കം അല്ലെന്നും തെക്കൻ അയൽവാസിയുടെ അപകടകരമായ സൈനിക ശേഷി നശിപ്പിക്കാനും അവിടെ റഷ്യയ്ക്കു ഭീഷണിയായി വളർന്നിരിക്കുന്ന ദേശീയവാദികളെ കൈകാര്യം ചെയ്യാനുമുള്ള സൈനിക നടപടി മാത്രമാണിത്. – റഷ്യ വാദിക്കുന്നു