വാഷിംഗ്ടണ്: റഷ്യൻ സേനയെ ചെറുക്കാൻ യുക്രെയ്നിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് അമേരിക്ക. എന്നാൽ അമേരിക്ക യുക്രെയ്ൻ ജനതയ്ക്കൊപ്പമാണെന്നും പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. വാഷിംഗ്ടണിൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്.
റഷ്യൻ ആക്രമണത്തെ അപലപിച്ച പ്രസിഡന്റ് യുക്രെയ്ൻ അധിനിവേശത്തിന് വ്ലാഡിമിർ പുടിൻ മാത്രമാണ് ഉത്തരവാദിയെന്നും ആരോപിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ റഷ്യ വലിയ വില നൽകേണ്ടി വരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. റഷ്യ പ്രകോപനമില്ലാതെയാണ് ആക്രമിച്ചത്.
മുൻകൂട്ടി ആസൂത്രണം ചെയ്തതും പ്രകോപനമില്ലാത്തതുമായ ആക്രമണമായിരുന്നു യുക്രെയ്നുമേൽ റഷ്യ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഇളക്കാൻ ശ്രമിച്ച പുടിൻ, ഉപരോധത്തോടെ ഒറ്റപ്പെട്ടു. അമേരിക്കൻ വ്യോമപാതയിൽ റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായും ബൈഡൻ പറഞ്ഞു.
ആപ്പിൾ വില്പന നിർത്തി
യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ ആപ്പിൾ ഉത്പന്നങ്ങളുടെ വില്പന നിർത്തിവച്ചു. ആപ്പിൾ പേ, ആപ്പിൾ മാപ്പ് തുടങ്ങിയ സേവനങ്ങളും പരിമിതപ്പെടുത്തി. റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് ന്ധഅഗാധമായ ഉത്കണ്ഠ ഉണ്ടെന്നും ആക്രമണത്തിന്റെ ഇരകൾക്കൊപ്പം നിലകൊള്ളുമെന്നും ഐഫോണ് ഭീമൻ അറിയിച്ചു.
നേരത്തെ, ഗൂഗിളും റഷ്യക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. റഷ്യൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനമായ ആർടിയെയും മറ്റ് ചാനലുകളേയും പരസ്യ വരുമാനം ലഭിക്കുന്നതിൽ നിന്ന് ഗൂഗിൾ വിലക്കി.
ഈ മാധ്യമങ്ങൾക്ക് അവരുടെ വെബ്സൈറ്റുകൾ, ആപ്പുകൾ, യൂട്യൂബ് വീഡിയോകൾ എന്നിവയിൽ നിന്ന് പരസ്യ വരുമാനം ലഭിക്കില്ല.
സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളെയും അവരുടെ വെബ്സൈറ്റുകളിൽ നിന്നും ആപ്പുകളിൽ നിന്നും വരുമാനമുണ്ടാക്കുന്നത് ഗൂഗിൾ വിലക്കിയിട്ടുണ്ട്.
ഗൂഗിൾ ടൂളുകൾ ഉപയോഗിച്ച് പരസ്യങ്ങൾ നൽകാനും റഷ്യൻ മാധ്യമങ്ങൾക്ക് സാധിക്കില്ല. ഫേസ്ബുക്കും സമാനമായ നടപടി കൈക്കൊണ്ടിരുന്നു.
ബെലാറൂസും തയാറെടുക്കുന്നു
യുക്രെയ്നിലേക്ക് സൈന്യത്തെ അയയ്ക്കാൻ ബെലാറൂസും തയാറെടുക്കുന്നതായി യുക്രെയ്ൻ പ്രതിരോധമന്ത്രാലയം. രഹസ്യാന്വേഷണ വിഭാഗമാണ് ബെലാറൂസും ആക്രമണത്തിൽ പങ്കെടുത്തേക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്.
യുക്രെയ്ൻ അതിർത്തിയിൽ ബെലാറൂസ് മുന്നൂറോളം ടാങ്കുകൾ അണിനിരത്തിയിരിക്കുന്നതായും പറയുന്നു.എന്നാൽ ബെലാറൂസ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുദ്ധത്തിൽ റഷ്യക്ക് ബെലാറൂസ് പിന്തുണ നൽകുന്നുണ്ട്. എന്നാൽ ഇതുവരെ സംഘർഷത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല.
റഷ്യയിലും പ്രതിഷേധം
യുക്രെയ്ൻ അധിനിവേശത്തിനെതിരേ റഷ്യൻ നഗരങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. സെന്റ് പീറ്റേഴ്സ്ബർഗിൽ നൂറുകണക്കിന് ആളുകളാണ് യുദ്ധവിരുദ്ധ മുദ്രവാക്യങ്ങളുമായി തെരുവിൽ ഇറങ്ങിയത്. 90ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി ബിബിസി റഷ്യൻ സർവീസ് റിപ്പോർട്ട് ചെയ്യുന്നു.
സെന്റ്. പീറ്റേഴ്സ്ബർഗ് നഗരമധ്യത്തിലെ പ്രമുഖ ഷോപ്പിംഗ് സെന്ററിലാണ് പ്രതിഷേധം നടന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു മാധ്യമപ്രവർത്തകനും അറസ്റ്റിലായിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.
രാജ്യത്ത് വ്യാപകമായി അരങ്ങേറുന്ന പ്രതിഷേധങ്ങളെയെല്ലാം ഭരണകൂടം അടിച്ചമർത്തുകയും നേതാക്കളെ ജയിലിൽ അടയ്ക്കുന്നതും തുടരുകയാണ്. കഴിഞ്ഞ ദിവസം ഏകദേശം 900 പ്രതിഷേധക്കാരെ പോലീസ് തടഞ്ഞുവച്ചിരുന്നു.
റഷ്യൻ ടിവി ഷോകൾ പിൻവലിക്കും
യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്ഫോമിൽ നിന്നും റഷ്യൻ ടിവി ഷോകൾ പിൻവലിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. റഷ്യയുടെ ഇരുപതോളം ടിവി ഷോകളാണ് നെറ്റ്ഫ്ലിക്സ് ഒഴിവാക്കാനൊരുങ്ങുന്നത്. നടപടികൾ ഉടൻ സ്വീകരിക്കുമെന്നാണ് സൂചന.
യുക്രെയ്നിൽ റഷ്യൻ ആക്രമണം അതിതീവ്രമായ സാഹചര്യത്തിലാണ് നെറ്റ്ഫ്ലിക്സിൻറെ നിർണായക തീരുമാനം. നിലവിൽ റഷ്യയിൽ നെറ്റ്ഫ്ലിക്സിന് പത്ത് ലക്ഷം വരിക്കാർ മാത്രമാണുള്ളത്.
യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യയുടെ മാധ്യമ വിഭാഗങ്ങളെ പിന്തുണക്കാനാവില്ലെന്നാണ് നെറ്റ്ഫ്ലിക്സിന്റെ അഭിപ്രായം.
കഴിഞ്ഞ വർഷം മേയിലാണ് റഷ്യയുടെ ടിവി ഷോ ആദ്യമായി നെറ്റ്ഫ്ളിക്സിലെത്തുന്നത്. അതിനാൽ റഷ്യയിൽ നിലവിൽ നെറ്റ്ഫ്ലിക്സിന് ജീവനക്കാരില്ല.