ന്യൂയോർക്ക്: റഷ്യൻ ആക്രമണം തുടരുന്നതിനിടെ അമേരിക്കയും സഖ്യകക്ഷികളും അയച്ച വൻ ആയുധ ശേഖരം യുക്രെയ്ൻ അതിർത്തിയിൽ എത്തിയതായി യുഎസ് പത്രമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
പതിനാലു ഭീമൻ ചരക്കു വിമാനങ്ങളിലാണ് ടാങ്ക് വേധ മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധ ശേഖരം എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
യുക്രെയ്ന് 350 ദശലക്ഷം ഡോളറിന്റെ ആയുധസഹായം നൽകാനുള്ള ഉത്തരവിൽ ശനിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ആയുധങ്ങളുമായി വിമാനങ്ങൾ യുക്രെയ്നിലേക്കു തിരിച്ചത്. അമേരിക്കയുടെയും 22 സഖ്യരാജ്യങ്ങളുടെയും സഹായമായാണ് ആയുധങ്ങൾ എത്തുന്നത്.
ആയുധങ്ങൾ യുക്രെയ്നിൽ എത്തിക്കുന്നതിനുള്ള നീക്കങ്ങൾക്ക് പ്രസിഡന്റ് ബൈഡന്റെ ഉന്നത സൈനിക ഉപേദശകനാണ് നേതൃത്വം വഹിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതിർത്തിയിൽ എത്തിച്ച ആയുധങ്ങൾ കരമാർഗം കൊണ്ടുപോയി യുക്രെയ്ൻ സേനയ്ക്കു കൈമാറും.ഇതിനായി ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥർ യുക്രെയ്ൻ അതിർത്തിയിൽ ക്യാംപ് ചെയ്യുന്നുണ്ട്.
ബൈഡൻ പ്രഖ്യാപിച്ച 350 ദശലക്ഷം ഡോളറിന്റെ സഹായത്തിൽ 70 ശതമാനവും ഇതിനകം കൈമാറിക്കഴിഞ്ഞെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
അടുത്തയാഴ്ചയോടെ ശേഷിച്ച ആയുധങ്ങൾ കൂടി യുക്രെയ്നിൽ എത്തിക്കും. ജാവലിൻ ടാങ്ക് വേധ മിസൈലുകൾ, റോക്കറ്റ് ലോഞ്ചറുകൾ, തോക്കുകൾ, വെടിമരുന്ന്, സ്റ്റിംഗർ എയർക്രാഫ്റ്റ് മിസൈലുകൾ എന്നിവയാണ് ആയുധ ശേഖരത്തിലുള്ളത്.
വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ തടവുശിക്ഷ
മോസ്കോ: റഷ്യൻ സൈന്യത്തെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ തടവുശിക്ഷ ലഭിക്കുന്ന പുതിയ നിയമത്തിൽ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഒപ്പുവച്ചു.
റഷ്യയിൽ സംപ്രേഷണം അവസാനിപ്പിച്ച് വിവിധ വാർത്താ ചാനലുകൾ
മോസ്കോ: റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ച് വിവിധ വാർത്താ ചാനലുകൾ. സിഎൻഎൻ ഉം ബിബിസിയും റഷ്യയിൽ സംപ്രേഷണം നിർത്തിയതായി അറിയിച്ചു.
യുദ്ധ വാർത്തകളുടെ സംപ്രേഷണത്തിന് കടുത്ത നിയന്ത്രണങ്ങൾ റഷ്യ കൊണ്ടുവന്നതോടെയാണ് പ്രമുഖ വാർത്താ ചാനലുകളുടെ നടപടി.
കാനഡയുടെ ഒൗദ്യോഗിക ചാനലായ സിബിസി ന്യൂസും, ബ്ലൂബർഗ് ന്യൂസും റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ചു. അതിനിടയിൽ യൂട്യൂബും ട്വിറ്ററും റഷ്യയിൽ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഫെയ്സ്ബുക്കിന് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് യൂട്യൂബിനും ട്വിറ്ററിനും വിലക്കെന്ന സൂചനകൾ വരുന്നത്.റഷ്യൻ മാധ്യമങ്ങൾക്ക് ഫെയ്സ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
റഷ്യൻ മാധ്യമങ്ങളോടും വാർത്താ ഏജൻസികളോടും 2020 മുതൽ ഫെയ്സ്ബുക്ക് വിവേചനം കാണിക്കുന്നതായി റഷ്യൻ മീഡിയ റെഗുലേറ്റർ ബോർഡ് ആരോപിക്കുന്നു.
റഷ്യയിൽ പുതിയ ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിൽപ്പന താത്കാലികമായി നിർത്തിയതായി മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
ഗൂഗിളും റഷ്യക്കെതിരെ നിലപാട് കടുപ്പിച്ച് എത്തുന്നു. റഷ്യയിൽ എല്ലാ പരസ്യങ്ങളും താത്കാലികമായി നിർത്തിയതായി ഗൂഗിളും അറിയിച്ചു.