കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽനിന്ന് വരുന്നതിനിടെ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി.കെ.സിംഗ്. വിദ്യാർഥിയെ പാതിവഴിയിൽ തിരിച്ചുകൊണ്ടുപോയി.
കുട്ടിയെ അതിർത്തിയിലെത്തിക്കാൻ ശ്രമം തുടരുകയാണെന്നും പോളണ്ടിലുള്ള കേന്ദ്രമന്ത്രി വ്യക്തമാക്കി. വിദ്യാർഥിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഏഴു വിമാനങ്ങളിലായി 200 വീതം ആളുകളെ ഇന്ത്യയിൽ എത്തിച്ചു. ചില വിദ്യാർഥികൾ പോളണ്ടിലെ വാഴ്സോയിൽ തന്നെ തുടരാനാണു തീരുമാനിച്ചത്. അവർ പോളണ്ടിൽ സുരക്ഷിതരാണെന്നും കേന്ദ്രമന്ത്രി വി.കെ.സിംഗ് വ്യക്തമാക്കി.
ആക്രമണത്തിന് മൂർച്ച കൂട്ടി റഷ്യ
യുക്രെയ്നിൽ റഷ്യയുടെ അധിനിവേശം ഒന്പതാം ദിവസത്തിലേക്ക് കടക്കുന്പോൾ ആക്രമണം ശക്തമാക്കുകയാണ് റഷ്യ. യുക്രെയ്നിലെ ഒഡെസ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഈ മേഖലയിൽ റഷ്യൻ വിമാനം വെടിവച്ചിട്ടതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചെർണീവിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. രണ്ട് സ്കൂളുകളും ആക്രമണത്തിൽ തകർന്നു. യുക്രെയ്ൻ എമർജൻസി സർവീസാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ആണവനിലയത്തിനു നേരെയും
യുക്രെയ്നിലെ സപോർഷിയ ആണവ നിലയത്തിന് നേർക്ക് റഷ്യൻ ആക്രമണം. ഇതേ തുടർന്ന് ആണവ നിലയത്തിൽ തീപ്പിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു.
റഷ്യൻ സൈന്യത്തിന്റെ വെടിവെപ്പ് തുടരുന്നതിനാൽ അഗ്നിശമന സേനയ്ക്ക് തീ അണയ്ക്കാൻ സാധിച്ചിട്ടില്ലെന്നാണ് യുക്രെയ്ൻ അധികൃതർ പറയുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണിത്.
റഷ്യൻ സേന എല്ലാ ഭാഗത്തുനിന്നും വെടിയുതിർക്കുകയാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു.
ആണവനിലയം പൊട്ടിത്തെറിച്ചാൽ, ചെർണോബിലിനേക്കാൾ പത്ത് മടങ്ങ് വലുതായിരിക്കും പ്രത്യാഘാതം എന്നാണ് യുക്രെയ്ൻ വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു.
36 വർഷം മുന്പുണ്ടായ ചെർണോബിൽ ആണവ ദുരന്തത്തെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. റഷ്യ അടിയന്തരമായി വെടിവെപ്പ് നിർത്തിവയ്ക്കണം. അഗ്നിശമന സേനയെ തീ അണയ്ക്കാൻ അനുവദിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.