കീവ്: മാനുഷിക ഇടനാഴി ഒരുക്കാൻ ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് വെടിനിർത്തൽ. കീവ്, ചെർണിവ്, സുമി, ഖാർകിവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് താത്കാലിക വെടിനിർത്തൽ.
അതേസമയം, സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ പോൾടാവയിൽ എത്തി. 694 വിദ്യാർഥികളെ 12 ബസുകളിലാണ് സുരക്ഷിത മേഖലയായ പോൾട്ടോവയിൽ എത്തിച്ചത്.
ഇവരെ ട്രെയിൻ മാർഗം പടിഞ്ഞാറൻ യുക്രെയ്നിൽ എത്തിക്കും. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ട്.
സുമിയിൽ നിന്ന് സുരക്ഷാ ഇടനാഴി ഒരുക്കാൻ റഷ്യ തയാറായതാണ് ഒഴിപ്പിക്കൽ സാധ്യമാക്കിയത്.
പോളണ്ടിൽ നിന്ന് പ്രത്യേക വിമാനങ്ങളിൽ വിദ്യാർഥികളെ രാജ്യത്ത് എത്തിക്കാനാണ് പദ്ധതി. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണ്ട്രോൾ റൂമാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.
പോളണ്ടിന്റെ നീക്കത്തിൽ ആശങ്ക
യുക്രെയ്നിന് മിഗ്29 യുദ്ധവിമാനങ്ങൾ നൽകാനുള്ള പോളണ്ടിന്റെ തീരുമാനത്തെ എതിർത്ത് യുഎസ്. പോളണ്ടിന്റെ തീരുമാനം ആശങ്കാജനകമാണ്. നാറ്റോ നയത്തിന് ചേർന്നതല്ലെന്നും പെന്റഗണ് പ്രതികരിച്ചു.
അതിനിടെ, യുക്രെയ്നിലെ സൈനിക നടപടിയുടെ പേരിൽ റഷ്യക്കെതിരേ ഉപരോധം കടുപ്പിക്കുകയാണ് യുഎസ്. റഷ്യയിൽ നിന്നുള്ള എണ്ണ, പ്രകൃതി വാതക ഇറക്കുമതി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പൂർണമായി വിലക്കി.
റഷ്യൻ എണ്ണയുടെയും വാതക ഉൗർജത്തിന്റെയും എല്ലാ ഇറക്കുമതികളും ഞങ്ങൾ നിരോധിക്കുകയാണ്. അതിനർത്ഥം റഷ്യൻ എണ്ണ ഇനി യു.എസ്. തുറമുഖങ്ങളിൽ സ്വീകരിക്കില്ല.
പുടിന്റെ നടപടികൾക്കുമേൽ അമേരിക്കൻ ജനത ശക്തമായ പ്രഹരം ഏൽപ്പിക്കും- അദ്ദേഹം കൂട്ടിച്ചേർത്തു. നിരോധനം റഷ്യൻ കൽക്കരിക്കും ബാധകമാണെന്ന് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.
റഷ്യൻ അധിനിവേശത്തെ തുടർന്ന് പ്രകൃതിവാതക വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് ഈ നീക്കം.