ഷാജിമോന്‍ ജോസഫ്
കൊച്ചി: റഷ്യന്‍ ആക്രമണം യുക്രെയ്ന് തലസ്ഥാനമായ കീവിലേക്ക് ഒരുപടികൂടി അടുത്തതോടെ മലയാളികളുടെയും നാട്ടിലുള്ള അവരുടെ ബന്ധുക്കളുടേയും ആധിയേറുന്നു.
കീവിലും വിനിട്സ്യയിലും ടാര്ക്കീവിലുമൊക്കെ നൂറുകണക്കിന് മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ കൂടുതലായുള്ള മേഖലകളാണ് ഇവ.
നിലവില്‍ ഇവരെ സുരക്ഷിതരായി ബങ്കറുകളിലേക്കും അണ്ടര്‍ ഗ്രൗണ്ടിലുള്ള മെട്രോ സ്റ്റേഷനുകളിലേക്കും മറ്റും മാറ്റിയിട്ടുണ്ടെങ്കിലും റഷ്യന്‍ സൈന്യം കീവ് പടിച്ചാല് ഇവരെ പോളണ്ട് അതിര്‍ത്തിയിലെത്തിച്ച് നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടിയാകും.
സ്വതവേ തണുപ്പു കൂടിയ യുക്രെയ്നില്‍ കൊടും തണുപ്പിലാണ് വിദ്യാര്‍ഥികള്‍ ഭൂഗര്‍ഭ അറകളിലെ തറയില്‍ കഴിയുന്നത്. ഇതിനുപുറമെ ഇടയ്ക്കിടെ മുഴങ്ങുന്ന അപായ അലാറവും കടുത്ത ഭീതിയും ആശങ്കയുമാണ് മലയാളി വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കുന്നതെന്ന് കേരളത്തില്‍നിന്ന് ഏറ്റവുമധികം വിദ്യാര്‍ഥികളെ അവിടേക്ക് പഠനത്തിന് അയയ്ക്കുന്ന പ്രമുഖ വിദ്യാഭ്യാസ കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ അനിക്സ് എഡ്യൂക്കഷന്‍ മാനേജിംഗ് ഡയറക്ടര്‍ അലക്സ് തോമസ് രാഷ്ട്രദീപികയോടു പറഞ്ഞു.
ലൈറ്റ് അണയ്ക്കണമെന്ന് പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശമുള്ളതിനാല്‍ ഇരുട്ടിലാണ് അവര്‍ കഴിയുന്നത്.ഭീതിമൂലം വിദ്യാര്‍ഥികള്‍ മാത്രമല്ല, അവരുടെ മാതാപിതാക്കളും ബന്ധുക്കളുമൊക്കെ ആശങ്കയോടെ തുടര്‍ച്ചയായി ഏജന്‍സികളെ ബന്ധപ്പെടുന്നുണ്ട്.
പലര്‍ക്കും വീഡിയോ കോളിലൂടെ മാതാപിതാക്കളുമായി സംസാരിക്കാന്‍ അവസരമൊരുക്കികൊടുത്തു. ഇന്നലവരെ പരമാവധി കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ കഴിഞ്ഞുവെങ്കിലും റഷ്യ കീവ് പിടിച്ചെടുത്താല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ആശങ്കയും അദേഹം പങ്കുവയ്ക്കുന്നു.
ഒരു ദിനംകൂടി പിന്നിടുന്നതോടെ ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ളവയുടെ ദൗര്‍ലഭ്യം നേരിട്ടേക്കാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് അവിടെനിന്നുള്ള വിദ്യാര്‍ഥികള്‍ നല്കുന്ന സൂചന.
യുക്രെയ്നില്‍ തങ്ങുന്ന 2500 ഓളം വിദ്യാര്‍ഥികളില്‍ പകുതിയോളം പേര് മാര്‍ച്ച് എട്ടിന് നാട്ടിലേക്ക് ടിക്കറ്റ് എടുത്തിരുന്നു. നിലവില്‍ നാട്ടിലേക്കു ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നത് വിദ്യാര്‍ഥികള്‍ക്ക് വലിയൊരു പരിധിവരെ ആശ്വാസമാണ്.
എന്നാല്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ക്കപ്പെട്ടാല്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ദുഷ്ക്കരമാകും.