സജോ സക്കറിയ
കോലഞ്ചേരി: യുക്രെയ്നിൽ മെഡിസിൻ പഠനത്തിനായി പോയതാണ് കോലഞ്ചേരി മാമല സ്വദേശിനിയായ മെറീന ആന്റണി. ബിൻ കറാസിൻ ഖാർകീവ് നാഷണൽ യൂണിവേഴ്സിറ്റി മെഡിക്കൽ കോളജിലാണ് മെറീന മെഡിസിൻ പഠനം നടത്തുന്നത്.
യുദ്ധം രൂക്ഷമായതോടെ കറാസിന് സമീപമുള്ള പുഷ്കിൻസ്ക മെട്രോ സ്റ്റേഷനിലാണ് മെട്രോ സ്റ്റേഷന് കീഴെയുള്ള അണ്ടർ ഗ്രൗണ്ടിൽ കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി കഴിയുകയാണ് മെറീന ഉൾപ്പെട്ട മലയാളി സംഘം. മെറീനക്കൊപ്പം മെഡിസിൻ പഠിക്കുന്ന മറ്റ് 11 മലയാളികൾകൂടി അണ്ടർ ഗ്രൗണ്ടിലുണ്ട്.
യുക്രെയിനിലെ വിമാനത്താവളങ്ങൾ അടഞ്ഞതോടെ തൊട്ടടുത്ത രാജ്യങ്ങളായ പോളണ്ട്, ഹംഗറി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസുകൾ അതാത് രാജ്യത്തിന്റെ പതാകകൾ വഹിച്ചു പോകുന്നുണ്ട്.
എന്നാൽ ഇവർക്ക് അതും ഇത് വരെ ലഭ്യമായിട്ടില്ല. കൈയിൽ കരുതിയിരിക്കുന്ന ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമമുണ്ട്.
ബംഗറുകളിൽ ഉള്ളവർക്കാണ് ആദ്യ സഹായം എത്തുന്നതെന്നും തങ്ങൾ രക്ഷാകരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മെറീന അടക്കമുള്ള പറയുന്നു.
അതി ശൈത്യമാണ് നിലവിൽ ഇവിടെയെന്നും തണുപ്പ് അസഹ്യമാണെന്നും ഇവർ പറയുന്നു. യുദ്ധക്കളത്തിന് നടുവിലും നാട്ടിലേക്ക് വിളിച്ച് തങ്ങൾക്ക് നിലവിൽ കുഴപ്പമില്ല – നിങ്ങൾ ആശങ്കപ്പെടേണ്ട എന്ന ആശ്വാസ വാക്കുകളാണ് മെറീനയും സംഘവും നല്കുന്നത്.
ഏകദേശം പതിനയ്യായിരത്തിനടുത്ത് ഇന്ത്യാക്കാരും അതിൽ തന്നെ മൂവായിരത്തിനടുത്ത് മലയാളികളും ഇവിടെ നിലവിൽ കുടുങ്ങിയിട്ടുണ്ടെന്ന് ഇവർ പറയുന്നു.
കണ്ണൂർ, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽനിന്നുള്ള വിദ്യാർഥികളാണ് മെറീനക്കൊപ്പമുള്ളത്. മകളുടേയും സഹപാഠികളായ സുഹൃത്തുക്കളുടേയും കാര്യത്തിൽ ആശങ്കകളുണ്ടെങ്കിലും പ്രാർഥനയോടെ പ്രത്യാശയിൽ ധൈര്യപ്പെട്ടിരിക്കുകയാണ് കോലഞ്ചേരി മാമലയിലുള്ള ആന്റണിയും കുടുംബവും.