കീവ്: ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ സൈന്യം ബന്ദികളാക്കിയിരിക്കുന്നുവെന്ന് റഷ്യ. ഖാർക്കീവിൽ ഇന്ത്യൻ വിദ്യാർഥികളുടെ വലിയ സംഘത്തെ യുക്രെയ്ൻ സൈന്യം ബന്ദികളാക്കിയിരിക്കുകയാണെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം ആണ് അറിയിച്ചത്.
ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ റഷ്യൻ സായുധ സേന തയാറാണ്. ഇന്ത്യ നിർദേശിക്കുകയാണെങ്കിൽ റഷ്യൻ മേഖലയിലൂടെ സൈന്യത്തിന്റെ വിമാനത്തിൽ ഇവരെ ഇന്ത്യയിലേക്ക് അയക്കാം.
അല്ലെങ്കിൽ ഇന്ത്യയുടെ വിമാനത്തിൽ അവരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുപോകാമെന്നും റഷ്യ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഖാർകീവിലെ സ്ഥിതിഗതികളെ കുറിച്ച് ഇന്നലെ ചർച്ച ചെയ്തിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് റഷ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ ഖാർകീവ് റഷ്യയുടെ നിയന്ത്രണത്തിലാണ്. അതേസമയം, റഷ്യയുടെ വാദം ഇന്ത്യ തള്ളി. ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ സൈന്യം തടഞ്ഞിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
നഗരങ്ങൾ ലക്ഷ്യമിട്ട് റഷ്യ
കീവ്: യുക്രെയ്ൻ അധിനിവേശം എട്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ കൂടുതൽ നഗരങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ സൈന്യം.
ഇസ്യുമിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ സൈന്യം ദാക്ഷിണ്യമില്ലാതെ ആക്രമണം നടത്തി.
മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ അറിയിച്ചു. തലസ്ഥാനമായ കീവിലും ഖാർക്കീവിലും റഷ്യ ആക്രമണം തുടർന്നു.റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കീവ് ഉൾപ്പെടെ നിരവധി നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് യുക്രെയ്ൻ നൽകി.
കീവിലെ തുടർ ആക്രമണങ്ങളുടെ സാഹചര്യത്തിൽ പ്രദേശവാസികൾ ബങ്കറുകളിലേക്ക് പോകാൻ അധികൃതർ നിർദേശം നൽകി. കീവിലെ തന്ത്രപ്രധാന സ്ഥാപനങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണം.
യുക്രെയ്നിലെ ആക്രമണങ്ങളിൽ ഇതുവരെ 752 സാധാരണക്കാർക്ക് പരിക്കേറ്റെന്നാണ് യുഎൻ മനുഷ്യാകാശ വിഭാഗം അറിയിക്കുന്നത്. യുദ്ധത്തിൽ ഇതുവരെ 9,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രസിഡന്റ് അറിയിച്ചു.
കീവിന്റെ ചെറുത്ത് നിൽപ്പ് റഷ്യൻ പദ്ധതികൾ തകിടംമറിച്ചെന്ന് സെലൻസ്കി അറിയിച്ചു.
രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും
അതേസമയം, യുക്രെയ്ൻ-റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് -ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. വെടിനിർത്തലും ചർച്ചയാകുമെന്നാണ് റിപ്പോർട്ട്.
നവീനിന്റെ മരണം അന്വേഷിക്കും: റഷ്യ
ന്യൂഡൽഹി: യുക്രെയ്നിലെ ഖാർകീവിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി എസ്.ജെ. നവീൻ കൊല്ലപ്പെട്ടത് അന്വേഷിക്കുമെന്ന് നിയുക്ത റഷ്യൻ സ്ഥാനപതി ഡെനിസ് അലിപോവ്.
നവീനിന്റെ കുടുംബത്തോടും മുഴുവൻ ഇന്ത്യൻ ജനതയോടും ഞങ്ങളുടെ അനുശോചനം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’- അലിപോവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
തീവ്ര സംഘർഷ മേഖലകളിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ റഷ്യ സാധ്യമായതെല്ലാം ചെയ്യും. നവീനിന്റെ മരണത്തെ കുറിച്ച് ശരിയായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഖാർകീവ് മെഡിക്കൽ സർവകലാശാലയിലെ നാലാംവർഷ മെഡിക്കൽ വിദ്യാർഥിയായിരുന്നു നവീൻ.ഖാർകീവിലെ ഗവർണറുടെ വസതിക്കു നേരേ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിലാണ് നവീൻ കൊല്ലപ്പെട്ടത്.
ബങ്കറിൽ കഴിഞ്ഞിരുന്ന നവീൻ ഭക്ഷണം വാങ്ങുന്നതിനായി സൂപ്പർ മാർക്കറ്റിലെ ക്യൂവിൽ നിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്.യുക്രെയ്ൻ രക്ഷാദൗത്യം: 208 പേരുമായി മൂന്നാം വ്യോമസേന വിമാനം ഡൽഹിയിൽ
ന്യൂഡൽഹി: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള മൂന്നാം വ്യോമസേന വിമാനം ഡൽഹിയിൽ എത്തി. പോളണ്ടിൽ നിന്ന് വ്യോമസേനയുടെ സി-17വിമാനമാണ് എത്തിയത്.
യുക്രെയ്ൻ-റഷ്യ യുദ്ധമുഖത്ത് കുടുങ്ങിക്കിടന്ന 208 പേരുടെ സംഘമാണ് ഹിന്ദൻ വ്യോമതാവളത്തിൽ വന്നിറങ്ങിയത്. കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് വിദ്യാർഥികളെ സ്വീകരിച്ചു.