റഷ്യന് ആക്രമണത്തില് തകര്ന്ന യുക്രൈനില് നിന്ന് എല്ലാമുപേക്ഷിച്ച് അഭയാര്ഥികളായി പാലായനം ചെയ്തത് ഏകദേശം 30 ലക്ഷം ആളുകളാണ്.
എന്നാല് ഇത്തരത്തില് പാലായനം ചെയ്തവരില് നിരവധി ആളുകള്ക്ക് പിന്നീട് അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങളുടെ കഥയാണ് ഇപ്പോള് പുറത്തു വരുന്നത്.
യുക്രൈനില് നിന്ന് രക്ഷപ്പെട്ടോടുന്ന ജനതയെ സഹായിക്കാനെന്ന പേരില് നിരവധി ഓണ്ലൈന് പോര്ട്ടലുകളാണ് പിറവിയെടുത്തിരിക്കുന്നത്.
അത്തരത്തില് ഒരു ഓണ്ലൈന് പോര്ട്ടലിലൂടെ പരിചയപ്പെട്ട 49കാരനായ പോളണ്ടുകാരന്റെ വാക്കുവിശ്വസിച്ചാണ് ഭാഷ അറിയാഞ്ഞിട്ടും 19കാരി പെണ്കുട്ടി ഒപ്പം പോയത്. എന്നാല് അവള്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ലൈംഗിക പീഡനമായിരുന്നു. ഒരു വിധത്തില് ഓടി രക്ഷപ്പെട്ട അവളെ പോലീസ് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതോടെ മധ്യവയസ്കനായ പീഡകന് അകത്തായി.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. അവസരം മുതലാക്കി സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യാന് നിരവധി സംഘങ്ങളാണ് തക്കം പാര്ത്തിരിക്കുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്. ജോലിയും താമസവും വാഗ്ദാനം ചെയ്ത് 16കാരിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പരാജയപ്പെട്ടത് പോലീസിന്റെ സന്ദര്ഭോചിതമായ ഇടപെടല് മൂലമാണ്.
മാത്രമല്ല യുവതികള്ക്കും പെണ്കുട്ടികള്ക്കും മാത്രം സഹായം വാഗ്ദാനം ചെയ്ത് വലവീശുന്നവരെയും ഇവിടെ കാണാം. ഇതിനൊപ്പം മനുഷ്യക്കടത്തുകാരും സജീവമാണ്.
റുമേനിയ, പോളണ്ട്, ഹംഗറി, മോള്ഡോവ, സ്ലൊവാക്യ അതിര്ത്തികളിലെല്ലാം സ്വകാര്യ വ്യക്തികളും വൊളന്റിയര്മാരും സഹായം നല്കാനായി രംഗത്തു വന്നിട്ടുണ്ട്.
സൗജന്യ താമസം, യാത്ര, ഭക്ഷണം എന്നിവ കൂടാതെ പലരും ജോലി വരെ വാഗ്ദാനം ചെയ്യുന്നു. ഹൃദയത്തിന്റെ അടിത്തട്ടില്നിന്നുയര്ന്ന നന്മയുമായി സഹായം നല്കുന്നവര്ക്കിടയില് പക്ഷേ മോശം ഇടപെടലിന്റെ കറയും പലരും പടര്ത്തുകയാണ്.
റുമേനിയന് അതിര്ത്തി പ്രദേശമായ സിറെത്തില് വനിതകള്ക്കു മാത്രമായി സൗജന്യയാത്ര വാഗ്ദാനം ചെയ്ത സംഘത്തെ പോലീസ് ഇടപെട്ടാണ് മാറ്റിയത്.
തുര്ക്കിയിലേക്കും മെക്സിക്കോയിലേക്കും വിമാന ടിക്കറ്റ് വരെ ഓഫര് ചെയ്താണ് ചിലര് രംഗത്തുള്ളത്. കുട്ടികളുടെ പ്രായം പറഞ്ഞ്, ആ പ്രായക്കാരെ മാത്രം ‘സഹായിക്കാനായി’ വരുന്നവരുമുണ്ട്.
ജര്മനിയില് ബെര്ലിനിലെ പ്രധാന റെയില്വേ സ്റ്റേഷനു സമീപം ജര്മന്, യുക്രേനിയന്, റഷ്യന്, ഇംഗ്ലിഷ് ഭാഷകളിലുള്ള മുന്നറിയിപ്പു നോട്ടിസുകള് കാണാം.
അപരിചിതര് വാഗ്ദാനം ചെയ്യുന്ന പണമോ താമസസ്ഥലമോ അഭയാര്ഥികള് സ്വീകരിക്കരുതെന്ന അറിയിപ്പാണത്.
നിര്ബന്ധിത വേശ്യാവൃത്തിക്കും മനുഷ്യക്കടത്തിനും ഇരയാകാന് സാധ്യതയുള്ളതിനാലാണ് ഇതെന്നും സിറ്റി അധികൃതര് പറയുന്നു.
ജോലി വാഗ് ദാനം ചെയ്യുന്ന പലരും വീടുകളിലെ കുട്ടികളെയും മറ്റും നോക്കുന്ന ജോലിയെന്ന് പറഞ്ഞാവും ഇരകളെ സമീപിക്കുക. പിന്നീട് ഇത് ലൈംഗികചൂഷണത്തിലേക്കും നിര്ബന്ധിത വേശ്യാവൃത്തിയിലേക്കും മറ്റും എത്തുന്നു.
ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെണ്കുട്ടികള് ഒരു കാരണവശാലും അപരിചിതരുടെ സഹായം തേടരുതെന്ന് അധികൃതര് മുന്നറിയിപ്പ് നല്കുന്നു.
ഇനി യുദ്ധം അവസാനിച്ചാല് പോലും തച്ചുതകര്പ്പെട്ട യുക്രൈനിലേക്ക് എന്ന് തിരികെപ്പോകും എന്ന ആശങ്കയാണ് അഭയാര്ഥി സമൂഹത്തിനുള്ളത്. ഇവരുടെ പുനരധിവാസത്തിനായുള്ള പദ്ധതികള് ആവിഷ്കരിക്കുന്നതിനുള്ള ചര്ച്ചകള് യൂറോപ്യന് യൂണിയനും ഐക്യരാഷ്ട്രസഭയും നടത്തുന്നുണ്ട്. നല്ലൊരു നാളെയില് മാത്രം പ്രതീക്ഷയര്പ്പിച്ച് കഴിയുകയാണ് യുക്രൈന് ജനത ഇപ്പോള്.