നിയാസ് മുസ്തഫ
ബുച്ച… ഈ നഗരം ഇന്നൊരു ശവപ്പറന്പാണ്. സുന്ദരമായിരുന്ന നഗരത്തിന്റെ മേനിയിൽ റഷ്യൻ സൈന്യം കോറിയിട്ടത് അധിനിവേശത്തിന്റെ ഭീകര കാഴ്ചകളാണ്.
നഗരത്തിലെങ്ങും ശവങ്ങൾ കൂട്ടത്തോടെയും ഒറ്റപ്പെട്ടും കിടക്കുന്നു. സിവിലിയൻമാരുടെ മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്ന കുഴിമാടങ്ങൾ വേറെയും.
സുന്ദരമായൊരു നഗരം നശിപ്പിച്ച് വൈരൂപ്യത്തിന്റെ മേൽവിലാസം ചാർത്തിക്കൊടുത്തിരിക്കുന്നു.
യുക്രെയ്ൻ തലസ്ഥാനമായ കീവിന്റെ സമീപമുള്ള നഗരമാണ് ബുച്ച. കഴിഞ്ഞ ദിവസമാണ് റഷ്യൻ സൈന്യം ഈ നഗരത്തിൽനിന്ന് അധിനിവേശത്തിന്റെ ഭീകരത മതിയാക്കി പിൻവാങ്ങിയത്.
ഇതോടെ ഈ നഗരത്തിലേക്ക് കടന്നുവന്ന യുക്രെയ്ൻ സൈന്യവും ജനതയും ബുച്ചയുടെ ഇപ്പോഴത്തെ സ്ഥിതി കണ്ട് ആർത്തട്ടഹസിച്ച് കരഞ്ഞു.
തങ്ങളുടെ പ്രിയ നഗരത്തിൽ റഷ്യൻ സൈന്യം നടത്തിയ ക്രൂരത അവർക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു.
യുക്രെയ്നിന്റെ ചില മേഖലകളിൽ റഷ്യൻ സേന ആക്രമണം കടുപ്പിക്കുന്പോഴും ബുച്ചയുൾപ്പെടെ പല നഗരത്തിൽനിന്നും അവർ പിൻമാറുന്നത് ശുഭസൂചനയാണ്.
എങ്കിലും ഓരോ നഗരത്തിൽനിന്നും പിൻമാറുന്പോൾ ബുച്ചയേക്കാൾ മോശമായ ഭീകരതയാണോ അവിടങ്ങളിൽ റഷ്യൻ സൈന്യം സമ്മാനിച്ചതെന്ന് ഇനിയും കാണാനിരിക്കുന്നതേയുള്ളൂ.
റഷ്യ പിൻമാറിയ നഗരങ്ങളിലേക്കൊക്കെ കണക്കെടുപ്പും പരിശോധനയുമായി യുക്രെയ്ൻ സൈനികരും അധികൃതരും വന്നുകൊണ്ടേയിരിക്കുന്നു.
അവർക്കു മുന്പിൽ സമാനതകളില്ലാത്ത ഭീകര കാഴ്ചകളാണ് റഷ്യ സമ്മാനിച്ചിരിക്കുന്നത്. നിരായുധരായ സിവിലിയൻമാരെ, അവർ യുക്രെയ്ൻകാർ ആയതിനാൽ മാത്രം റഷ്യ കൊന്നു തള്ളി.
കുട്ടികളെപ്പോലും അവർ വെറുതെ വിട്ടില്ല. സ്ത്രീകളെയും പെണ്കുട്ടികളെയും അവർ മാനഭംഗപ്പെടുത്തി. അതും ഉറ്റവരുടെയും ഉടയവരുടെയുമൊക്കെ മുന്നിൽവച്ച്-ഇങ്ങനെ പോകുന്നു യുക്രെയ്നിന്റെ പുതിയ ആരോപണങ്ങൾ.
സമാധാനം പറയണം
വ്ളാഡിമിർ പുടിനും റഷ്യൻ സൈന്യവും യുക്രെയ്നിൽ യുദ്ധക്കുറ്റം ചെയ്തതായി യുക്രെയ്ൻ പ്രധാനമന്ത്രി സെലൻസ്കി ആരോപിക്കുന്നു.
അന്താരാഷ്ട്ര സമൂഹത്തിന് മുന്പിൽ റഷ്യ സമാധാനം പറയണമെന്നും അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണം നേരിടണമെന്നും യുക്രെയ്ൻ ആവശ്യപ്പെടുന്നു.
കീവിനു സമീപമുള്ള ബുച്ചയിലും ഇർപിനിലും അവർ നിരപരാധികളായ സാധാരണക്കാർക്ക് നേരെ നിന്ദ്യമായ ആക്രമണം നടത്തിയതായി അദ്ദേഹം പറയുന്നു.
എന്നാൽ, ബുച്ചയിൽ റഷ്യൻ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന ആരോപണം റഷ്യയുടെ പ്രതിരോധ മന്ത്രാലയം നിഷേധിക്കുകയാണ്.
പുടിന്റെ സൈന്യം കുട്ടികളെ കൊന്നുവെന്നും സ്ത്രീകളെയും പെണ്കുട്ടികളെയും കൂട്ട ബലാത്സംഗം ചെയ്തുവെന്നും നിരപരാധികളായ ജനങ്ങൾക്ക് വധശിക്ഷകൾ നടപ്പാക്കിയെന്നും പ്രദേശവാസികൾ അവകാശപ്പെടുന്നതിനാൽ റഷ്യൻ സൈന്യം ഒഴിപ്പിച്ച ചില പട്ടണങ്ങൾ ബുച്ചയിൽ വെളിപ്പെടുത്തിയതിനേക്കാൾ മോശമായ ക്രൂരതകൾ കണ്ടിരിക്കാമെന്ന് യുക്രെയ്ൻ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
തെളിവുകൾ അവശേഷിപ്പിച്ച്
ബുച്ചയിൽ, കൂട്ടക്കുഴിമാടങ്ങളുടെയും സിവിലിയന്മാരുടെ കൊലപാതകത്തിന്റെയും ഭയാനകമായ തെളിവുകൾ അവശേഷിപ്പിച്ചാണ് റഷ്യൻ സൈന്യം പിൻവാങ്ങിയതത്രേ. റോഡിൽ നിറയെ മൃതദേഹങ്ങൾ. പല കോലത്തിൽ കൊല്ലപ്പെട്ടവരുടേത്.
രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭീകരത തിരിച്ചെത്തിയതു പോലുള്ള അനുഭവം. വ്ളാഡിമിർ പുടിന്റെ സൈനികരുടെ ക്രൂരതയെ നാസികളുടെ ക്രൂരതകളോടും
സ്റ്റാലിന്റെ മഹാഭീകരതയോടും താരതമ്യം ചെയ്യുകയാണ് യുക്രെയ്ൻ ജനത.
ബുച്ചയിലേക്കുള്ള റോഡുകൾ തകർത്തു തരിപ്പണമാക്കി. നശിപ്പിക്കപ്പെട്ട കാലാൾപ്പടയുടെ യുദ്ധ വാഹനങ്ങളും ടാങ്കുകളും കൊണ്ട് റോഡ് നിറഞ്ഞിരിക്കുന്നു.
റഷ്യൻ യുദ്ധവാഹനങ്ങളെ നശിപ്പിക്കാനും അവരെ നഗരത്തിൽനിന്ന് പിൻവാങ്ങാൻ നിർബന്ധിതരാക്കാനും യുക്രെയ്ൻ സൈന്യത്തിന് കഴിഞ്ഞു, എന്നാൽ നാട്ടുകാരെ സംബന്ധിച്ചിടത്തോളം അവരുടെ ദുരവസ്ഥ അവസാനിച്ചിട്ടില്ല.
കീവിൽനിന്ന് 60 കിലോമീറ്ററിൽ താഴെ മാത്രമേ ബുച്ചയിലേക്കുള്ളൂ. ഒരു കാലത്ത് തിരക്കേറിയ നഗരത്തെയാണ് കനത്ത വ്യോമ, കര ആക്രമണം മൂലം റഷ്യ തകർത്തിരിക്കുന്നത്.
എല്ലാം നഷ്ടപ്പെട്ടവരുടെ അവസ്ഥ
ബുച്ചയിലിപ്പോൾ വൈദ്യുതിയില്ല, വെള്ളമില്ല, ഗ്യാസ് വിതരണമില്ല, താമസക്കാർ തുറസായ സ്ഥലത്ത് പാചകം ചെയ്യാൻ നിർബന്ധിതരാകുന്നു.
അതും ചീഞ്ഞ മനുഷ്യ മൃതദേഹങ്ങളുടെ മണത്തിനു നടുവിലും മനസ് മരവിപ്പിക്കുന്ന കാഴ്ചകൾക്കു നടുവിലുംനിന്ന്. അടുത്ത വ്യോമാക്രമണം എപ്പോൾ തങ്ങളെ ബാധിക്കുമെന്ന് അവർക്കറിയില്ല.
ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇപ്പോഴും തുടരുകയാണ്. മാർക്കറ്റുകൾ നിലംപൊത്തിയിരിക്കുന്നു.
കെട്ടിടങ്ങൾ നശിപ്പിച്ചിരിക്കുന്നു. അവയിൽ പലതും ഒരു കാലത്ത് ആകാശം മുട്ടിയിരുന്ന കെട്ടിടങ്ങളാണ്.
ബുച്ചയിൽ സിവിലിയൻമാരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ കണ്ടതിനാൽ ബോധപൂർവമായ കൂട്ടക്കൊലയാണ് റഷ്യ നടത്തിയതെന്നാണ് യുക്രെയ്നിന്റെ ആരോപണം.
എന്നാൽ ഈ അവകാശവാദങ്ങളെ റഷ്യ ‘പ്രചാരണം’എന്ന് വിളിക്കുന്നു. ബുച്ചയിൽ മാത്രം ഒതുങ്ങുന്നതല്ല, യുദ്ധത്തിന്റെ ഭീകര കാഴ്ചകൾ.
റഷ്യൻ സേന പിൻമാറുന്ന ഓരാ പ്രദേശത്തെയും കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.