കീവ്: റഷ്യ നടത്തിയത് ഭീകരമായ യുദ്ധക്കുറ്റമെന്ന് യുക്രെയ്ൻ അധികൃതർ. ഗർഭിണികളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് സിവിലിയന്മാർ അഭയം പ്രാപിച്ച തിയറ്റർ റഷ്യ ആക്രമിച്ചതാണ് യുക്രെയ്നെ പ്രകോപിപ്പിച്ചിരിക്കുന്നത്.
തിയറ്റർ ലക്ഷ്യമാക്കി തുടർച്ചയായ ഷെല്ലാക്രമണം കാരണം നൂറുകണക്കിന് സിവിലിയൻമാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ ആരോപിക്കുന്നു. മരിയുപോളിലാണ് സംഭവം.
ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. റഷ്യ ബോധപൂർവം സിവിലിയൻമാരെ ആക്രമിക്കുകയാണെന്ന് യുക്രെയ്ൻ അധികൃതർ പറയുന്നു.
തിയറ്റർ കെട്ടിടത്തിന്റെ മധ്യഭാഗം പൂർണമായി തകർന്നു. റഷ്യൻ ഭാഷയിൽ തിയറ്ററിനു മുകളിലും സമീപങ്ങളും ‘കുട്ടികൾ, ആക്രമിക്കരുതേ’ എന്ന ബോർഡ് സിവിലിയൻമാർ ഉയർത്തിയിരുന്നു. എന്നിട്ടും റഷ്യൻ സേന ആക്രമിച്ചു.
എന്നാൽ, തങ്ങൾ ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യൻ സേന പറയുന്നത്. റഷ്യ നുണ പറയുകയാണെന്ന് യുക്രെയ്ൻ തിരിച്ചടിച്ചു.
ചർച്ചയിൽ നേരിയ പുരോഗതി
റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചയിൽ പുരോഗതിയുടെ സൂചന. യുക്രെയ്നിന്റെ നാറ്റോ മോഹം ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി, റഷ്യയുമായുള്ള ചർച്ചകൾ യാഥാർഥ്യബോധത്തോടെയുള്ളതാകാൻ തുടങ്ങിയെന്നും പറഞ്ഞു.
സമാധാന ചർച്ച എളുപ്പമുള്ളതല്ലെങ്കിലും വിട്ടുവീഴ്ചയ്ക്കു സാധ്യതയുണ്ടെന്നു റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവും സൂചിപ്പിച്ചു.
കഴിഞ്ഞദിവസം നടന്ന റഷ്യ-യുക്രെയ്ൻ നാലാം വട്ട ചർച്ചകൾക്കുശേഷമാണു സെലൻസ്കി പുരോഗതിയുടെ സൂചനകൾ നല്കിയത്.
അതേസമയം, യുക്രെയ്ന്റെ താത്പര്യങ്ങൾക്കനുസരിച്ചുള്ള തീരുമാനമുണ്ടാകാൻ ഇനിയും സമയമെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അടിസ്ഥാന കാര്യങ്ങളിൽ സമവായമില്ലെങ്കിലും വിട്ടുവീഴ്ചയ്ക്കുള്ള സാധ്യതയുണ്ടെന്നു റഷ്യയുമായി ചർച്ചകൾക്കു നേതൃത്വം നല്കുന്ന,
യുക്രേനിയൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖാലിയോ പോഡോൾയാക് പറഞ്ഞു. വിട്ടുവീഴ്ചാ സാധ്യതയാണ് റഷ്യൻ വിദേശകാര്യ മന്ത്രി ലാവ്റോവും നല്കിയത്.
യുക്രെയ്ൻ നാറ്റോയിൽ ചേരാതെ നിഷ്പക്ഷത പാലിക്കുന്നതു മാത്രമല്ല, കിഴക്കൻ യുക്രെയ്നിൽ റഷ്യാ പിന്തുണയുള്ള വിമതർ കൈവശംവച്ചിരിക്കുന്ന ഡോണറ്റ്സ്ക്,
ലുഹാൻസ് നഗരങ്ങളുടെ കാര്യത്തിലും തീരുമാനം ഉണ്ടാകണമെന്നു ലാവ്റോവ് വ്യക്തമാക്കി. നിലവിൽ ഈ നഗരങ്ങളെ വിട്ടുകൊടുക്കൻ യുക്രെയ്ൻ തയാറല്ല.
ആക്രമണം തുടരുന്നു
ഇതിനിടെ കീവ്, ഖാർകീവ്, മരിയുപോൾ നഗരങ്ങളിൽ റഷ്യൻ സേനയുടെ ആക്രമണം തുടരുന്നു. ജനവാസ കേന്ദ്രങ്ങളിലെ മിസൈൽ ആക്രമണവും തുടരുകയാണ്.
മരിയുപോളിൽ റീജണൽ ഇന്റൻസീവ് കെയർ ആശുപത്രിയിൽ അഞ്ഞുറൂളം പേരെ ബന്ദികളാക്കിയ റഷ്യൻസേന ഇവരെ മനുഷ്യപ്പോരാളികളാക്കുകയാണെന്ന് യുക്രെയ്ൻ ആരോപിച്ചു. തെക്കുകിഴക്കൻ നഗരമായ സാപോറിഷ്യയിലും റഷ്യ ആക്രമണം തുടങ്ങി.
മരിയുപോളിലെ ആക്രമണത്തിൽ റഷ്യൻ മേജർ ജനറൽ ഒലെഗ് മിതായേവ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. യുക്രെയ്ന്റെ അവകാശവാദം ശരിയാണെങ്കിൽ അധിനിവേശത്തിനിടെ കൊല്ലപ്പെടുന്ന നാലാമത്തെ റഷ്യൻ ജനറലാണിത്.
യൂറോപ്യൻ യൂണിയൻ പ്രതിനിധികളായി കഴിഞ്ഞദിവസം കീവ് സന്ദർശിച്ച പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്ലൊവേന്യൻ പ്രധാനമന്ത്രിമാർ സുരക്ഷിതരായി മടങ്ങി.
യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി ഇന്നലെ യുഎൻ കോൺഗ്രസിനെ വീഡിയോ ലിങ്കിലൂടെ അഭിസംബോധന ചെയ്തു.
യുഎസ് പ്രസിഡന്റ് ബൈഡൻ യുക്രെയ്ന് 80 കോടി ഡോളറിന്റെ സൈനികസഹായം പ്രഖ്യാപിച്ചു. ആന്റിടാങ്ക്, ജാവലിൻ, സ്റ്റിംഗർ മിസൈലുകൾ അടക്കമുള്ള പാക്കേജാണിത്.