കൊച്ചി: യുദ്ധം നിലയ്ക്കാത്ത യുക്രെയ്നിൽ ആശങ്കയുടെ കാർമേഘങ്ങൾ പരക്കുന്നത് മെഡിക്കൽ വിദ്യാഭ്യാസം സ്വപ്നം കണ്ട് അവിടെ പറന്നിറങ്ങിയ ആയിരക്കണക്കിനു വിദ്യാർഥികളുടെ കരിയറിന്റെ ആകാശങ്ങളിൽക്കൂടിയാണ്.
ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള മെഡിക്കൽ വിദ്യാർഥികളുടെ യൂറോപ്പിലെ ഇഷ്ടപ്പെട്ട പഠനമേഖലയിലേക്കാണ് മിസൈലുകളും ഷെല്ലുകളും ഇപ്പോഴും വർഷിക്കപ്പെടുന്നത്.
യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു താരതമ്യേന കുറഞ്ഞ ചെലവിൽ സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കാമെന്നതാണ് യുക്രെയ്നെ വിദേശ വിദ്യാർഥികൾക്കു പ്രിയങ്കരമാക്കുന്നത്.
15- 18 ലക്ഷം രൂപയ്ക്ക് അവിടെ ആറു വർഷത്തെ എംബിബിഎസ് പഠനം പൂർത്തിയാക്കാനാകുമെന്നു അവിടെ പഠിക്കുന്ന വിദ്യാർഥികൾ പറയുന്നു.
പ്രതിവർഷം ശരാശരി മൂന്നര ലക്ഷം രൂപയാണ് ഫീസായി നൽകേണ്ടിവരിക. ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ പത്തു ലക്ഷം രൂപ വരെ വാർഷിക ഫീസ് വരുന്പോഴാണ് യുക്രെയ്നിൽ കുറഞ്ഞ ഫീസിന് മെഡിക്കൽ പഠനം സാധ്യമാകുന്നത്.
ജർമനിയിലും ഹോളണ്ടിലും ഫ്രാൻസിലും ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ മെഡിക്കൽ വിദ്യാഭ്യാസം നടത്തുന്നുണ്ട്. 50-60 ലക്ഷമാണ് ഇവിടെ ഫീസിനത്തിൽ മാത്രം ചെലവ്.
ഇന്ത്യയ്ക്കു പുറമേ, ചൈന, തുർക്കി, ഇസ്രയേൽ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും യുക്രെയ്നിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് എത്തുന്നുണ്ട്.
ജീവൻ രക്ഷിക്കാൻ യുക്രെയ്ൻ വിടാൻ നിർബന്ധിതരാകുന്പോഴും, നാട്ടിലേക്കു മടങ്ങിയാൽ തുടർ വിദ്യാഭ്യാസം എങ്ങനെയാകുമെന്ന ആശങ്കയും വിദ്യാർഥികൾക്കുണ്ട്.