ലണ്ടന്‍: ലണ്ടനിലെ ലീഡ്സില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളി വിദ്യാര്‍ത്ഥി ആതിരയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും.
തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനില്‍കുമാര്‍ – ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ഫെബ്രുവരി 22ന് ആണ് മരിച്ചത്.
യുകെയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്. ഞായറാഴ്ച നാട്ടിലെത്തിച്ച ശേഷം അന്നുതന്നെ സംസ്കരിക്കും.
ലീഡ്സിലെ ആംലിക്ക് സമീപം സ്റ്റാനിങ് ലീ റോഡിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ, നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിലാണ് ആതിരയുടെ ജീവന് പൊലിഞ്ഞത്.
ലീഡ്സിലെ ബെക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രൊജക്ട് മാനേജ്മെന്റ് വിദ്യാര്‍ത്ഥിനിയായിരുന്ന ആതിര ഒരു മാസം മുമ്പ് മാത്രമായിരുന്നു യുകെയില്‍ എത്തിയത്.
അപകട കാരണമായ കാര്‍ ഓടിച്ചിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷണവും തുടര്‍ നടപടികളും ഒന്നര ആഴ്ച കൊണ്ടാണ് പൂര്‍ത്തിയായത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്യണമെന്ന് മുന്‍ എം.പി സുരേഷ് ഗോപി ബര്‍മിങ്ഹാമിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരോട് അഭ്യര്‍ത്ഥിച്ചിരുന്നു.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ആതിര പഠിച്ചിരുന്ന സര്‍വകലാശാലയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ചെലവുകള്‍ ബെക്കറ്റ് യൂണിവേഴ്സിറ്റിയാണ് വഹിക്കുന്നത്.