ചിങ്ങവനം: നിയന്ത്രണംവിട്ട ബൈക്കിടിച്ചു റോഡിൽ വീണ കാൽനട യാത്രക്കാരനായ ഓട്ടോ ഡ്രൈവറുടെ ശരീരത്തിലൂടെ ലോറി കയറി മരിച്ച സംഭവത്തിൽ നിർത്താതെപോയ ലോറിയ്ക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. ബൈക്കിൽ യാത്ര ചെയ്തിരുന്ന രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പാക്കിൽ പൂവത്തുമൂട്ടിൽ ഉലഹന്നാൻ പോത്തനാ(രാജു-61)ണു മരിച്ചത്.
തിരുവല്ല സ്വദേശികളായ ആസിഫ്, അലക്സ് പോൾ എന്നിവർക്കാണു പരിക്കേറ്റത്. ഇരുവരും മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് എംസിറോഡിൽ പള്ളം കെഎസ്ഇബി ഓഫീസിന് സമീപമാണ് അപകടം. പാക്കിൽ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണു മരിച്ച രാജു.
ഓട്ടോറിക്ഷാ റോഡരികിൽ ഇട്ടതിനുശേഷം എതിർ വശത്തെ കടയിലേക്ക് പോകുവാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ ചിങ്ങവനം ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രാജു റോഡിലേക്കു തലയടിച്ചു വീഴുകയായിരുന്നു.
റോഡിൽ വീണു കിടന്ന രാജുവിന്റെ ശരീരത്തിൽ കൂടി മിനി ലോറി കയറിയിറങ്ങുകയും തുടർന്ന് ലോറി നിർത്താതെ പോകുകയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ബൈക്ക് യാത്രക്കാരും തെറിച്ച് റോഡിലേക്കു വീണു. സംഭവത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ മൂന്നു പേരേയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാജുവിനെ രക്ഷിക്കാനായില്ല.
തുടർന്നു പരിക്കേറ്റവരെ മെഡിക്കൽ കോളജാശുപത്രിയിലേക്കു മാറ്റി. പോലീസ് മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാരമൂട്, സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: വാകത്താനം മൈലക്കാട്ട് കുടുംബാംഗം വൽസമ്മ. മക്കൾ: ടിന്റു, ടിൻസി, ടിറ്റു. മരുമക്കൾ: പയസ്ലാൽ, ബിനിഷ്.