ന്യൂഡൽഹി: വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ അശാന്തി വിതച്ചിരുന്ന വിഘടനവാദ സംഘടനയായ ഉൾഫ (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം ) യുമായി സമാധാന കരാറിൽ ഒപ്പുവച്ച് ആസാം, കേന്ദ്ര സർക്കാരുകൾ. അനധികൃത കുടിയേറ്റം, തദ്ദേശീയ സമൂഹങ്ങൾക്കുള്ള ഭൂമി അവകാശം, ആസാമിന്റെ വികസനം തുടങ്ങിയ വിഷയങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണു നിലവിൽ കരാറിൽ ഇരുവിഭാഗവും ഒപ്പുവച്ചിരിക്കുന്നത്.
1990 മുതൽ തീവ്രവാദ സംഘടനയായി മുദ്രകുത്തി രാജ്യത്ത് നിരോധിച്ച സംഘനയാണ് ഉൾഫ. 2011ലും കേന്ദ്രവും ആസാമുമായി ഇവർ ത്രികക്ഷി കരാറിൽ ഒപ്പുവച്ചിരുന്നു. എന്നാൽ ഇത് ഉദ്ദേശിച്ച ഫലത്തിലെത്തിയില്ല. ഉൾഫയുടെ ന്യായമായ എല്ലാ ആവശ്യങ്ങളും കേന്ദ്രം പരിഗണിക്കുമെന്ന് അമിത് ഷാ പറഞ്ഞു. പ്രദേശത്തു സമാധാനം ഉറപ്പാക്കുമെന്ന അവരുടെ വിശ്വാസം മാനിക്കപ്പെടുമെന്ന് അവർക്ക് ഉറപ്പു നൽകുന്നുവെന്നും ഷാ പറഞ്ഞു.