വടക്കഞ്ചേരി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാനിരിക്കേ നാട്ടിലെവിടെയും ഉദ്ഘാടന ബഹളം. മന്ത്രിമാർ കൂട്ടത്തോടെയാണ് വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കുന്നത്.ഇതിനാൽ വാർഡ് മെംബർമാർ മുതലുള്ളവരെല്ലാം ഇപ്പോൾ ഏറെ തിരക്കിലാണ്. എംപിയും എംഎൽഎമാരുമുണ്ട് ഇക്കൂട്ടത്തിൽ.
പണികൾ പൂർണമായി കഴിഞ്ഞില്ലെങ്കിലും ഉദ്ഘാടനം നടക്കട്ടെയെന്ന നിലപാടിലാണ് രാഷ്ട്രീയ നേതൃത്വങ്ങൾ. സർക്കാരിന്റെ ആയിരം ദിനങ്ങളോടനുബന്ധിച്ച് തരൂർ നിയമസഭാമണ്ഡലത്തിലെ വികസനങ്ങൾ രേഖപ്പെടുത്തുന്ന രേഖയിൽ മാത്രമേ ഇപ്പോൾ വികസനം കാണുകയുള്ളൂ.
വികസനരേഖയിൽ വടക്കഞ്ചേരി ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ എന്നു കാണിച്ച് കന്പ്യൂട്ടറിൽ ഡിസൈൻ ചെയ്ത മനോഹരമായ ഒരുകെട്ടിടം കാണാം. എന്നാൽ സ്റ്റേഷനിൽ നോക്കിയാൽ ഈ കെട്ടിടം കാണില്ല. ഇത്തരത്തിൽ കന്പ്യൂട്ടർ ഡിസൈനിംഗ് കെട്ടിടങ്ങൾ പിന്നേയുമുണ്ട്.
ആയിരം ദിനങ്ങൾ പിന്നിടുന്പോൾ ജനങ്ങൾക്കു മുന്പാകെ അവതരിപ്പിച്ച വാഗ്ദാനങ്ങൾ എല്ലാം തുടങ്ങിവയ്ക്കുകയും നല്ലൊരു ശതമാനം പദ്ധതികളും പൂർത്തീകരിക്കുകയും ചെയ്തെന്നാണ് രേഖയിൽ പറയുന്നത്.അതേസമയം രണ്ടായിരം കോടി രൂപയുടെ കണ്ണന്പ്ര വ്യവസായ പാർക്ക്, 95 കോടിയുടെ മംഗലംഡാം കുടിവെള്ളപദ്ധതി തുടങ്ങിയ പദ്ധതികൾക്കു തുടക്കംകുറിച്ചിട്ടുണ്ടെന്നു മാത്രം.
ഏഴുമാസമായി നിർമാണം മുടങ്ങിക്കിടക്കുന്ന വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയെക്കുറിച്ച് ആരും മിണ്ടുന്നുമില്ല.