2020 ഉൽക്കാവർഷമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ജാപ്പനീസ് സ്റ്റാർട്ടപ്പായ എഎൽഇ. ലോകത്തിലെ ആദ്യ കൃത്രിമ ഉൽക്കാവർഷ സംവിധാനമാണ് തങ്ങൾ തയാറാക്കുന്നതെന്നാണ് ടോക്കിയോ ആസ്ഥാനമായുള്ള കമ്പനി അവകാശപ്പെടുന്നത്. 2020ൽ ഹിരോഷിമയുടെ മുകളിൽ തങ്ങൾ ഉൽക്കാവർഷം നടത്തുമെന്നും കമ്പനി അവകാശപ്പെട്ടു.
രണ്ടു മൈക്രോ ഉപഗ്രഹങ്ങൾ അവസാനഘട്ട നിർമാണത്തിലാണ്. ഈ ഉപഗ്രഹങ്ങൾ ബഹിരാകാശത്തുന്നിന് ചെറിയ ബോളുകൾ ഭൂമിയിലേക്കു വിക്ഷേപിക്കും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഈ ബോളുകൾ പ്രവേശിക്കുന്പോൾ അവ സ്വമേധയാ കത്തും. ഇത് ഉൽക്കാവർഷമായി ഭൂമിയിലുള്ളവർക്കു കാണാനാകും.
ഈ സംവിധാനത്തിലെ ആദ്യ ഉപഗ്രഹം വിക്ഷേപണത്തിന് തയാറായിട്ടുണ്ട്. അടുത്ത വർഷം മാർച്ചിൽ ജപ്പാന്റെ സ്പേസ് ഏജൻസിയുടെ സഹായത്തോടെ ഈ ഉപഗ്രഹം വിക്ഷേപിക്കും. രണ്ടാമത്തെ റോക്കറ്റ് 2019 പകുതിയോടെ സ്വകാര്യ റോക്കറ്റ് ഏജൻസിയുടെ സഹായത്തോടെ വിക്ഷേപിക്കാനാണ് തീരുമാനം.
ലോകം മുഴുവനും ലക്ഷ്യംവച്ചാണ് തങ്ങൾ ഇത്തരത്തിലൊരു സംരംഭം തുടങ്ങുന്നത്. ലോകത്തെവിടെയും കൃത്രിമ ഉൽക്കാവർഷം നടത്താനാകും- എഎൽഇ സിഇഒ ലെന ഒകജിമ പറഞ്ഞു.
ഓരോ ഉപഗ്രഹത്തിനും പ്രത്യേക രാസക്കൂട്ടുകളുള്ള 400 ചെറിയ ബോളുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. ബോളുകളിൽ ഉപയോഗിച്ചിരിക്കുന്ന രാസപദാർഥങ്ങൾ എന്തെന്നുള്ളത് രഹസ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 20-30 പരിപാടികൾക്ക് ഈ 400 ബോളുകൾ മതിയാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ടു വർഷംവരെയാണ് ഈ ഉപഗ്രഹങ്ങളുടെ കാലാവധി.