അഞ്ചല്‍ : കത്തിക്കരിഞ്ഞ നിലയില്‍ ബസുടമയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.
സ്വകാര്യ ബസുടമയും അഞ്ചല്‍ അഗസ്ത്യകോട് സ്വദേശിയുമായ ഉല്ലാസിന്റെ മരണ കാരണം തീപ്പൊള്ളലേറ്റതാണന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നത്.
പിടിവലിയോ, മറ്റെന്തങ്കിലും അനിഷ്ട സംഭവങ്ങളോ നടന്നതായി പ്രാഥമിക പോസ്റ്റ്മോർട്ട റിപ്പോർട്ടിലില്ല എന്നാണ് അഞ്ചൽ പോലീസ് നൽകുന്ന വിവരം.
വ്യാഴാഴ്ച്ച പുലർച്ചെ 1.30 ഓടെ ബൈപ്പാസ് ഭാഗത്ത് തീ പടരുന്ന ദൃശ്യം സമീപത്തെ സിസിടിവിയിൽ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രി 8.30 ന് അഞ്ചൽ ചന്തമുക്കിലെ ഒരു പെട്രോൾ പമ്പിൽ നിന്നും ഇല്ലാസ് കുപ്പിയിൽ പെട്രോൾ വാങ്ങി കൊണ്ട് പോകുന്ന സിസി ടി വി ദൃശ്യവും പോലീസ് കണ്ടെടുത്തുണ്ട്.
ഉല്ലാസിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും ടെലിഫോൺ ടവറും സംഭവസ്ഥലം തന്നെയാണ് കാണിക്കുന്നത്. ഇതില്‍ നിന്നെല്ലാം ഉല്ലാസ് ആത്മഹത്യ ചെയ്തതാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
എന്നാല്‍ ഉല്ലാസ് ആത്മഹത്യ ചെയ്യാന്‍ ഇടയില്ല എന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളും ആവശ്യപ്പെട്ടുണ്ട്. അന്വേഷണം എല്ലാരീതിയിലും നടത്തുമെന്നും അഞ്ചൽ പോലീസ് പറഞ്ഞു.