സിനിമയിൽ ഒരു കാലത്ത് ജഗതി ശ്രീകുമാർ എങ്ങനെയായിരുന്നോ അങ്ങനെയാണ് കോമഡി സ്കിറ്റിൽ ഉല്ലാസ് പന്തളം. വിവിധ ചാനലുകളിലെ മിക്ക കോമഡി സ്കിറ്റുകളിലും നിറഞ്ഞു നിൽക്കുന്ന താരമാണ് ഉല്ലാസ് പന്തളം.
എന്നു മാത്രമല്ല, മിക്ക സ്കിറ്റുകളിലും കേന്ദ്രകഥാപാത്രവും ഉല്ലാസ് ആണ്. ഈ പന്തളംകാരൻ രംഗപ്രവേശം ചെയ്യുന്പോൾത്തന്നെ സദസിൽനിന്ന് ഉയരുന്ന കൈയടിയും ചിരിയും ഉല്ലാസിന്റെ ജനകീയതാണ് വ്യക്തമാക്കുന്നത്.
ജഗതി ശ്രീകുമാറിനെപ്പോലെ ശരീര ചലനങ്ങളിലും ഡയലോഗുകളിലെ മോഡുലേഷനുകളിലും ഹാസ്യം ഒളിപ്പിക്കാനുള്ള കഴിവാണ് ഉല്ലാസിനെയും ശ്രദ്ധേയനാക്കുന്നതും ചിരിയുടെ പൂരമൊരുക്കുന്നതും.
അത്ര ഹാസ്യമൊന്നും ഇല്ലാത്ത സ്ക്രിപ്റ്റിൽ പ്പോലും ഉല്ലാസിന്റെ അഭിനയവും ഭാവങ്ങളുമൊക്കെ ചിരി വിരിയിക്കുമെന്നതാണ് ഉല്ലാസിനെ കോമഡി സ്കിറ്റുകളിലെ താരമാക്കുന്നത്.
മിമിക്രിയോടുള്ള ഇഷ്ടം തലയ്ക്കുപിടിച്ചാണ് ഉല്ലാസ് മിമിക്രിക്കാരനായി മാറുന്നത്. അനുകരണ വേദികളേക്കാൾ കോമഡി സ്കിറ്റുകളാണ് ഈ യുവാവിനെ കാണികളുടെ ഇഷ്ടതാരമാക്കി മാറ്റുന്നത്. എന്നാൽ, അത്ര ചിരിക്കാൻ പറ്റിയ ചുറ്റുപാടുകളിൽനിന്നല്ല ഉല്ലാസിന്റെ യാത്രയുടെ തുടക്കം എന്നതാണ് യാഥാർഥ്യം.
കഷ്ടപ്പാടുകളും പ്രാരാബ്ധങ്ങളും നിറഞ്ഞ ജീവിതം ഉല്ലാസിനെ ആദ്യം അണിയിച്ച വേഷം ഒരു പെയിന്റിംഗ് തൊഴിലാളിയുടേതായിരുന്നു. കലാരംഗത്തേക്കുള്ള കടന്നുവരവും വിശേഷങ്ങളും ഉല്ലാസ് പന്തളം രാഷ്ട്രദീപികയോടു പങ്കുവയ്ക്കുന്നു:
തലയ്ക്കു പിടിച്ച മിമിക്രി!
മിമിക്രി കണ്ടുകണ്ടാണ് മിമിക്രിക്കാരനായതെന്നു പറയാം. ചെറുപ്പകാലം മുതൽ മിമിക്രി എന്ന അനുകരണ കലയോടു വല്ലാത്ത ഇഷ്ടമായിരുന്നു. അന്നൊക്കെ മൂന്നും നാലും കലാകാരന്മാർ അണിനിരക്കുന്ന മിമിക്സ് പരേഡുകളായിരുന്നു വേദിയുടെ ഹരം.
മിമിക്സ് പരേഡ് തരംഗമായി നിന്ന കാലത്ത് ചെന്നെത്താൻ പറ്റിയ എവിടെ പരിപാടി നടന്നാലും കൂട്ടുകാരെയും കൂട്ടി കാണാൻ പോകുമായിരുന്നു. മനസു നിറയെ മിമിക്സ് ആയതോടെ വേദിയിൽ കണ്ടതൊക്കെ പതുക്കെ അനുകരിച്ചു തുടങ്ങി. കൂട്ടുകാരുടെ മുന്നിലാണ് മിമിക്സ് വേദിയിൽ കണ്ടതൊക്കെ ആദ്യം അനുകരിച്ചു കാണിച്ചത്.
അതുപോലെ ജോസ് പ്രകാശ് ഉൾപ്പെടെയുള്ള താരങ്ങളെയും അനുകരിക്കാൻ തുടങ്ങി. കൂട്ടുകാർക്ക് ഇതു രസകരമായി തോന്നി. എന്നിൽ ഒരു മിമിക്രിക്കാരനുണ്ടെന്നു കണ്ടെത്തിയതും എന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ചതും നാട്ടിലെ ഒരു കൂട്ടുകാരനാണ്.
ഇതോടെ മറ്റു ചില കൂട്ടുകാരുമൊക്കെയായി ചേർന്നു ചെറിയ ചെറിയ വേദികളിൽ മിമിക്രി അവതരിപ്പിച്ചു തുടങ്ങി. പിന്നീടു നാട്ടിലെ ഒരു ക്ലബിൽ ഓണാഘോഷത്തിനു കൂട്ടുകാർക്കൊപ്പം മിമിക്സ് പരേഡ് അവതരിപ്പിച്ചു.
അക്കാലത്തെ കോമഡി ഹിറ്റായ നാദിർഷ ഇക്കയുടെയും ദിലീപ് ഏട്ടന്റെയും “ഓണത്തിനിടയ്ക്കു പുട്ടുകച്ചവടം”” എന്ന സൂപ്പർ ഹിറ്റ് സിഡിയിലെ സ്കിറ്റുകളാണ് പ്രധാനമായും അവതരിപ്പിച്ചിരുന്നത്.
ബാലൻ ചേട്ടന്റെ സഹായം!
അവിചാരിതമായിട്ടാണ് പ്രഫഷണൽ മിമിക്രി സ്റ്റേജിലേക്കു വരാൻ അവസരം ലഭിച്ചത്. അതിനു കടപ്പെട്ടിരിക്കുന്നതു പ്രശസ്ത ഗാനമേള ഗായകൻ പന്തളം ബാലൻ ചേട്ടനോടാണ്. കൂട്ടുകാർക്കൊപ്പം ഓണാഘോഷത്തിനു ക്ലബിൽ അന്നു ഞാൻ അവതരിപ്പിച്ച മിമിക്രി പന്തളം ബാലൻ ചേട്ടൻ കണ്ടിരുന്നു.
എനിക്കു ജ്യേഷ്ഠതുല്യനാണ് ഗാനമേളകളിലൂടെ പ്രശസ്തനായ പന്തളം ബാലൻ ചേട്ടൻ. മിമിക്രി കഴിഞ്ഞ പ്പോൾ ബാലൻ ചേട്ടൻ പറഞ്ഞു കൊള്ളാം പരിപാടി നന്നായിട്ടുണ്ട്.
അതെനിക്കു വലിയ അംഗീകാരവും പ്രോത്സാഹനവുമായി മാറി. എന്നാൽ, അഭിനന്ദനത്തിൽ ഒതുക്കിയില്ല ബാലൻ ചേട്ടൻ. രണ്ടു മാസങ്ങൾക്കു ശേഷം പന്തളം ബാലൻ ചേട്ടന്റെ നേതൃത്വത്തിൽ ആരംഭിച്ച തിരുവനന്തപുരം ഹാസ്യ എന്ന മിമിക്രി ട്രൂപ്പിലേക്ക് എന്നെ ക്ഷണിച്ചു.
മിമിക്രി രംഗത്ത് അത്ര വലിയ അനുഭവ സന്പത്തൊന്നും ഇല്ലാതിരുന്ന എനിക്കു ലോട്ടറിയടിച്ച അനുഭവമായിരുന്നു ആ ട്രൂപ്പിലേക്കുള്ള ക്ഷണം.
അപ്രതീക്ഷിത ചാനൽവഴി
അങ്ങനെ പന്തളം ബാലൻ ചേട്ടന്റെ താത്പര്യത്തിൽ ഒരു പ്രഫഷണൽ മിമിക്രി ട്രൂപ്പിൽ അംഗമാകാൻ കഴിഞ്ഞു. പ്രഫഷണൽ പരിശീലന രീതികളും അവതരണ രീതികളുമൊക്കെ അതുവഴി പരിചയപ്പെട്ടു. എന്നാൽ, മിമിക്രി കൊണ്ടു മാത്രം ജീവിതം മുന്നോട്ടുപോകുന്ന അവസ്ഥയായിരുന്നില്ല. അങ്ങനെ മിമിക്രിയും പെയിന്റിംഗ് ജോലിയും മിക്സ് ചെയ്തു. മിമിക്രിയുള്ളപ്പോൾ അതിനു പോകും.
അല്ലാത്തപ്പോൾ പെയിന്റിംഗ് ജോലിക്കും. അങ്ങനെയിരിക്കെയാണ് അവിചാരിതമായി മിമിക്രി ജീവിതം മാറിമറിഞ്ഞത്. ഏഷ്യാനെറ്റ് ചാനൽ കോമഡി റിയാലിറ്റി ഷോ അനൗൺസ് ചെയ്തു.
അതിൽ പങ്കെടുക്കാനുള്ള ടീമുകളെ ഒാഡീഷനിലൂടെ കണ്ടെത്തുകയായിരുന്നു. അങ്ങനെ ഞാൻ അടങ്ങുന്ന ടീമും ഒാഡീഷനിൽ പങ്കെടുത്തു. 150 ടീമുകളാണ് ഒാഡീഷനിൽ പങ്കെടുക്കാൻ എത്തിയത്.
അത്രയും ടീമുകൾ ഉണ്ടായിരുന്നതിനാൽ ഞങ്ങൾക്ക് അമിത പ്രതീക്ഷ ഒന്നുമില്ലായിരുന്നു. എന്നാൽ, ഞങ്ങളെപ്പോലും ഞെട്ടിച്ചുകൊണ്ട് ഞങ്ങളുടെ ടീം ഒന്നാമതായി റിയാലിറ്റി ഷോയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
അവസാനം വരെ
റിയാലിറ്റി ഷോയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു എന്നതു മാത്രമല്ല, ആ മത്സരത്തിൽ ഫൈനൽ വരെ എത്താൻ ഞങ്ങളുടെ ടീമിനു കഴിഞ്ഞു. സമ്മാനം കിട്ടിയില്ലെങ്കിലും അവസാനം വരെ ഷോയിൽ പങ്കെടുക്കാൻ കഴിയണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം അതു സാധിച്ചു.
പിന്നെ ഫൈനലിൽ സമ്മാനം കിട്ടാതിരുന്നതുമായി ബന്ധപ്പെട്ടും ചില അപ്രതീക്ഷിത സംഭവങ്ങളൊക്കെയുണ്ടായി. അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങൾ എന്ന നിലയിൽ മറക്കാൻ ശ്രമിക്കുകയാണ്. വീണ്ടും പറഞ്ഞു വഷളാക്കാൻ ആഗ്രഹിക്കുന്നതുമില്ല.
കോമഡി സ്റ്റാർ എന്ന ഷോ ഞാൻ ഉൾപ്പടെ ഒരുപാടു കലാകാരന്മാർക്കു ജീവിത വഴികളിൽ വലിയ വഴിത്തിരിവായി മാറി എന്നതാണ് സത്യം. അതു തന്നെയാണ് ഞങ്ങൾക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനം.
സിനിമയിലേക്കും
റിയാലിറ്റി ഷോയുടെ കാലത്ത് ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. അതൊന്നും ഇപ്പോഴും മറക്കാൻ കഴിയില്ല. എല്ലാവരെയും പോലെ സിനിമ ഒരു സ്വപ്നലോകം തന്നെയായിരുന്നു.
സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവസരം കിട്ടുമെന്ന പ്രതീക്ഷ തീരെയില്ലായിരുന്നു. അങ്ങനെയിരിക്കെ 2013ൽ അവിര റബേക്ക സംവിധാനം ചെയ്ത ജയസൂര്യ നായകനായ പിഗ്മാൻ എന്ന സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.
അങ്ങനെയാണ് സിനിമയിലെ തുടക്കം. പിന്നെ മാന്നാർ മത്തായി സ്പീക്കിംഗ് 2, വസന്തത്തിന്റെ കനൽ വഴികൾ, കുട്ടനാടൻ മാർപ്പാപ്പ തുടങ്ങി നാല്പതോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.
എങ്കിലും എന്റെ സ്വപ്നം ശക്തനായ ഒരു വില്ലൻ വേഷമാണ്. മമ്മൂക്കയുടെ രണ്ടു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഇനി ലാലേട്ടന്റെ കൂടെ ഒരു സിനിമയിൽ അഭിനയിക്കണമെന്ന് മോഹമുണ്ട്. നമ്മുടെ പത്തനം തിട്ട ജില്ലക്കാരനാണല്ലോ ലാലേട്ടൻ.
വില്ലനെ തേടി
കുറെ സിനിമകളിൽ അഭിനയിച്ചെങ്കിലും എന്റെ ഏറ്റവും വലിയമോഹം ശക്തനായ ഒരു വില്ലൻ വേഷം അവതരിപ്പിക്കുക എന്നതാണ്. സാധ്യമാകുമോയെന്ന് അറിയില്ല.
എന്തായാലും സിനിമയിൽ കൂടുതൽ സജീവമാകണമെന്ന ആഗ്രഹമുണ്ട്. അതിനു ഞാൻ മാത്രം ആഗ്രഹിച്ചതുകൊണ്ട് കാര്യമില്ലെന്നറിയാം.ചിത്രീകരണം പൂർത്തിയായ മൂന്നു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
വാടകവീടുകൾ
അത്ര സുഖകരമായ അന്തരീക്ഷത്തിൽനിന്നല്ല ഞാൻ എല്ലാവരെയും ചിരിപ്പിച്ചുകൊണ്ടിരുന്നത്. മകൻ ഒരു നിലയിൽ എത്തിക്കാണുന്നതിനു മുന്പ് അച്ഛൻ മരിച്ചത് ഇന്നും മാറാത്ത നൊന്പരമാണ്.
വാടക വീടുകളിൽനിന്ന് വാടക വീടുകളിലേക്കുള്ള ഒാട്ടമായിരുന്നു ജീവിതത്തിന്റെ ഏറിയ പങ്കും. 20 വർഷത്തോളമാണ് ഇങ്ങനെയോടിയത്. ഇപ്പോൾ ചെറിയ സൗകര്യങ്ങളൊക്കെ ഈശ്വരൻ ജീവിതത്തിൽ തന്നപ്പോൾ അതു കാണാൻ അച്ഛനില്ല.
അച്ഛന്റെ ഏറ്റവും വലിയ പ്രതീക്ഷ മൂത്ത മകനായ എന്നിലായിരുന്നു. അതനുസരിച്ചു ജീവിക്കാനാണ് ശ്രമിക്കുന്നത്. ഒരുപാട് വീടുകളിൽ വാടകയ്ക്കു താമസിക്കേണ്ടി വന്നു. സ്ഥിരവരുമാനം ഇല്ലാത്തആൾ എന്ന നിലയിലും പലേടത്തും വാടക വീടുകൾ തരാനും പലർക്കും മടിയായിരുന്നു.
ഒത്തിരി നൊന്പരങ്ങളുമായിട്ടാണ് ഏറെക്കാലം മിമിക്രി വേദികളിൽ മറ്റുള്ളവരെ ചിരിപ്പിച്ചിരുന്നത്. മിമിക്രിയിലൂടെ തുച്ഛമായ വരുമാനമാണ് അക്കാലങ്ങളിൽ ലഭിച്ചിരുന്നതും.
വീടുണ്ടാക്കിയ കഥ!
വാടകവീടുകളിലെ ദുരിത ജീവിതത്തിനിടയിൽ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട്. ഒടുവിൽ അതു സാധിച്ചതിൽ വലിയ സന്തോഷമുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ പുതിയ വീട്ടിൽ താമസിച്ചു തുടങ്ങി. ടിവി ഷോകളിൽനിന്നു ലഭിച്ച വരുമാനം സ്വരുക്കൂട്ടി വച്ചാണ് ഒരു വീടു നിർമിച്ചത്.
പണം കൈയിൽ വരുന്നതിനനുസരിച്ചു പണി നീണ്ടപ്പോൾ അഞ്ചു വർഷമെടുത്തു പണി പൂർത്തിയാക്കാൻ. തമാശയ്ക്കു ഞാൻ പറയും ഈ വീട് പഞ്ചവത്സര പദ്ധതിയിൽ നിർമിച്ചതാണെന്ന്. എങ്കിലും ലോണും കടവും ഇല്ലാതെ കൈയിലെ സമ്പാദ്യം വച്ചു വീട് നിർമിക്കാൻ കഴിഞ്ഞതു വലിയ ആശ്വാസവും സംതൃപ്തിയും നൽകുന്നു.
ഹൗസിംഗ് ലോൺ ഇല്ലെന്നു പറയുന്പോൾ ഇവന്റെ കൈയിൽ കാശുള്ളതുകൊണ്ടാണ് വായ്പ എടുക്കാതിരുന്നതെന്നു കരുതരുത്. അഞ്ചുവർഷം മുമ്പ് ലോണിനു പലതവണ ബാങ്കുകളിൽ കയറി ഇറങ്ങിയാണ്.
എന്നാൽ, ആധാരത്തിലെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ലോൺ നിഷേധിക്കപ്പെടുകയായിരുന്നു. അതുകൊണ്ടാണ് വീടു നിർമാണം അഞ്ചു വർഷം നീണ്ടതും.
പെങ്ങളെ വിവാഹം കഴിച്ചയക്കാൻ ആദ്യം ഉണ്ടായിരുന്ന ചെറിയ വീട് അച്ഛനു വിൽക്കേണ്ടി വന്നിരുന്നു. ഞാൻ പ്രീഡിഗ്രി പഠിക്കുമ്പോഴാണ് അച്ഛനു കുടുംബ ഓഹരിയിൽ കിട്ടിയ നാലു സെന്റ് സ്ഥലത്തു ചെറിയ വീട് നിർമിച്ചത്.
അച്ഛനു കൂലിപ്പണി ആയിരുന്നു. എന്നാൽ, ഏറെ മോഹിച്ചു നിർമിച്ച ആ വീട്ടിൽ രണ്ട് വർഷം മാത്രമാണ് താമസിച്ചത്. പിന്നെ വാടക വീടുകളിലായി വീണ്ടും താമസം. ഇപ്പോൾ ആ ദുരിതത്തിന് ഒരു പരിഹാരമായെന്ന ആശ്വാസമുണ്ട്.
കൊറോണ തന്ന പണി
കൊറോണ ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്ന മേഖലയാണ് കലാരംഗം. പ്രളയത്തിനു പിന്നാലെ ഇപ്പോൾ കൊറോണ വ്യാപനവും വന്നതോടെ കലാകാരന്മാർ ശരിക്കുംപെട്ടു.
സ്റ്റേജ് ഷോകൾ എല്ലാം നിലച്ചു. വിദേശ രാജ്യങ്ങളിൽ കോമഡി ഷോയ്ക്കു പോകാൻ കഴിയുന്നില്ല. കലാകാരന്മാരുടെ ജീവിതം ആകെ പ്രതിസന്ധിയിലാണ്.
മുമ്പ് ഓണക്കാലത്തു കേരളത്തിലും ക്രിസ്മസ് ആകുമ്പോൾ വിദേശ രാജ്യങ്ങളിലും ഒരു പാടു കോമഡി ഷോ ചെയ്യാൻ കഴിഞ്ഞിരുന്നു. അതെല്ലാം പോയി.
ഗൾഫ് രാജ്യങ്ങൾ കൂടാതെ അമേരിക്ക, സിംഗപ്പൂർ, യുകെ, സ്വിറ്റ്സർലൻഡ് തുടങ്ങിയ നിരവധി വിദേശ രാജ്യങ്ങൾ കാണാനും അവിടെ കോമഡി ഷോകൾ അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.
കോവിഡ് കാലത്തു വീട്ടിൽ മക്കളോടും കുടുംബത്തോടും ഒപ്പം പുതിയ മിമിക്രി നമ്പറുകൾ പരിശീലിച്ചും കരോക്കെ പാടിയുമൊക്കെയാണ് കഴിഞ്ഞു പോകുന്നത്.
പന്തളം പൂഴിക്കാട് ആണ് താമസം. പരേതനായ രാഘവൻ അച്ഛനും ശ്യാമള അമ്മയുമാണ്. അനിയനും ഭാര്യയും, സഹോദരി, പിന്നെ എന്റെ ഭാര്യ, മക്കൾ എന്നിങ്ങനെ വലിയ കുടുംബമാണ് ഞങ്ങളുടേത്. ഭാര്യ: നിഷ മക്കൾ: ഇന്ദുജിത്ത്, സൂര്യജിത്ത്.
തയാറാക്കിയത്: നൗഷാദ് മാങ്കാംകുഴി