തൃക്കരിപ്പൂർ: ഉളിയത്ത്കടവിൽ ടൂറിസം വികസനത്തിന് അനന്ത സാധ്യതകൾ. എന്നിട്ടും ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. പ്രകൃതി രമണീയമായ ഉളിയത്ത്കടവിൽ ചാലിട്ടൊഴുകുന്ന ഉളിയം പുഴയാണ് പയ്യന്നൂർ നഗരസഭയെയും തൃക്കരിപ്പൂർ ഗ്രാമത്തെയും വേർതിരിക്കുന്നത്. ഒരു ഭാഗത്ത് കവ്വായി പുഴയുടെ ഒഴുക്കും ഏഴിമലയുടെ നേർകാഴ്ചയും ഇവിടേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനു ഉളിയത്തുകടവിൽ ഇരു കരകളിലും നിരവധി സഞ്ചാരികൾ എത്തിച്ചേരുന്നുണ്ട്. ഉളിയത്ത്കടവ് സൗത്ത് തൃക്കരിപ്പൂർ വില്ലേജിലും പയ്യന്നൂർ വില്ലേജിലും ഉൾപ്പെട്ട പ്രദേശമാണ്.
കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ ടൂറിസം പദ്ധതി ലക്ഷ്യമിട്ട് ഉളിയത്ത്കടവിൽ ഹൗസ് ബോട്ട്, പെഡൽ ബോട്ട് എന്നിവ വിദേശി, സ്വദേശി ടൂറിസ്റ്റുകളെ ആകർഷിക്കത്തക്ക വിധം ഒരുക്കുന്നതിന് കോണ്ക്രീറ്റ് ബോട്ട്ജെട്ടി പണിയുകയും പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തുവെങ്കിലും ഇനിയും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ബോട്ട് ജെട്ടി പണിതതല്ലാതെ അനുബന്ധ സൗകര്യങ്ങൾ ഒന്നും ഇവിടെ ഒരുക്കിയിട്ടില്ല. ലക്ഷങ്ങൾ മുടക്കി ടൂറിസത്തിനുള്ള പ്രാഥമിക സൗകര്യങ്ങൾ ഒരുക്കിയിട്ടും പദ്ധതി പ്രദേശം കാട് മൂടി കിടക്കുകയാണ്. കവ്വായി കായലിൽ നിന്നും വേർതിരിഞ്ഞ് ഒഴുകുന്ന ഉളിയംപുഴയിൽ റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കും രൂപം നൽകുന്നുണ്ട്. നൂറ് മീറ്റർ വീതിയുള്ള ഉളിയംപുഴയിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ച് 1500 ഹെക്ടർ കൃഷിക്ക് ഉപയുക്തമാകും വിധം ജലം സംഭരിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.
ഇതിന് പുറമേ പയ്യന്നൂർ നഗരസഭയുമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ ഒളവറ-ഉളിയം പ്രദേശങ്ങളെ ബന്ധിപ്പിച്ച് യാത്രാസൗകര്യം സാധ്യമാകും വിധമാണ് പദ്ധതി. ഇതിനുള്ള പ്രാഥമിക എസ്റ്റിമേറ്റും അനുബന്ധ പ്രവർത്തനങ്ങളും മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ തയാറാക്കി വരുന്നുണ്ട്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഇതിനുള്ള തുക വകയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ പ്രാഥമിക നടപടികൾ ആരംഭിച്ചത്.