ചങ്ങനാശേരി: മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ സ്മരണാര്‍ഥം ജന്മനാടായ ചങ്ങനാശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഉള്ളൂര്‍ സ്മാരക മുനിസിപ്പല്‍ ലൈബ്രറിയിൽ ആധുനികവത്കരണമില്ലെന്നു വിമര്‍ശനം. സമീപങ്ങളിലെ വിവിധ ലൈബ്രറികള്‍ ബഹുദൂരം വളര്‍ന്നെങ്കിലും നഗരസഭയുടെ നേതൃത്വത്തില്‍ നഗരസഭാ കാര്യാലയത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഈ ലൈബ്രറിക്ക് വേണ്ടത്ര പുരോഗതിയില്ല.
വര്‍ഷംതോറും ബജറ്റില്‍ നഗരസഭ അനുവദിക്കുന്ന തുക പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ പോലും തികയുന്നില്ല. ചങ്ങനാശേരിയുടെ ചരിത്രവും അച്ചടി നിര്‍ത്തിയ പഴയ പുസ്തകങ്ങളും ധാരാളമുള്ള ലൈബ്രറിയാണിത്. പഴയ ഷെല്ഫുകളില് അടുക്കിയിരിക്കുന്ന പുസ്തകങ്ങള്‍ തപ്പിയെടുക്കുക ഏറെ ശ്രമകരമാണ്.
നഗരസഭാ പരിധിയിലുള്ളവര്‍ക്ക് 260 രൂപ മുടക്കിയാല്‍ ഒരു വര്‍ഷത്തേക്ക് ഇവിടെ മെംബര്‍ഷിപ്പ് ലഭിക്കും. പുസ്തകങ്ങളുടെ പേര് വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ചേര്‍ത്ത് ലൈബ്രറി ഡിജിറ്റലൈസ് ചെയ്യുമെന്ന പ്രഖ്യാപനം നാളിതുവരെ നടപ്പിലാക്കിയിട്ടില്ല.
രാവിലെ 11 വരെയും വൈകുന്നേരം നാലുമുതല്‍ എട്ടുവരെയുമാണ് ലൈബ്രറിയുടെ പ്രവര്‍ത്തനസമയം. നഗരസഭാ കാര്യാലയത്തിന്റെ ഗേറ്റ് പൂട്ടികഴിഞ്ഞാല്‍ ലൈബ്രറിക്ക് ഉള്ളിലേക്ക് പ്രവേശിക്കുവാന്‍ കഴിയില്ലെന്ന പരാതിയുമുണ്ട്.