ചങ്ങനാശേരി: കവിത്രയങ്ങളില്‍പ്പെട്ട മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ 75-ാം ചരമവാര്‍ഷിക ദിനം ഇന്ന്. ഉള്ളൂര്‍ സ്വദേശിയായ സുബ്രഹ്മണ്യഅയ്യരുടെയും പെരുന്ന താമരശേരി ഇല്ലത്തെ ഭഗവതി അമ്മയുടെയും മകനായി 1877 ജൂണ്‍ ആറിനാണ് ഉള്ളൂരിന്റെ ജനനം. പെരുന്നയില്‍ ജനിച്ച എസ്. സാംബശിവന് കാലക്രമത്തില്‍ ഉള്ളൂര്‍ എസ്. പരമേശ്വരയ്യരായി മാറി.
കവിത്രയങ്ങളില്‍ കോളജ് വിദ്യാഭ്യാസം നേടിയത് ഉള്ളൂര്‍ മാത്രമായിരുന്നു. മലയാളം, തമിഴ്, സംസ്കൃതം എന്നിവയ്ക്കൊപ്പം ഇംഗ്ലീഷിലും അദ്ദേഹത്തിന് അഗാധപാണ്ഡിത്യമുണ്ടായിരുന്നു. പിന്നീട് എംഎയും ബിഎല്ലും പാസായ ഉള്ളൂര്‍, സര്‍ക്കാര്‍ സര്‍വീസില്‍ തഹസില്‍ദാര്‍, മുന്‍സിഫ്, ദിവാന് പേഷ്കാര്‍, ആക്ടിംഗ് ചീഫ് സെക്രട്ടറി പദവികളും വഹിച്ചു.
തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ വക്കീല്‍ പരീക്ഷ പാസായ അദ്ദേഹം അഭിഭാഷകനായി ജീവിക്കാനാണ് ആഗ്രഹിച്ചതെങ്കിലും പിതാമഹനായ വെങ്കിട്ട രാമയ്യരുടെ നിര്‍ബന്ധംമൂലം അധ്യാപകവൃത്തിയില്‍ തുടര്‍ന്നു. ചങ്ങനാശേരി ലക്ഷ്മീപുരം കൊട്ടാരത്തില്‍ രവിവര്‍മ വലിയകോയിത്തമ്പുരാന്റെ വിശ്വസ്തനായും പ്രവര്‍ത്തിച്ചു.
1937ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് മഹാകവിപ്പട്ടവും കൊച്ചി രാജാവ് കവിതിലകന്‍ പട്ടവും നല്കി. കാശിവിദ്യാലയത്തിന്റെ സാഹിത്യഭൂഷണ്‍ ബഹുമതിയും ബ്രിട്ടീഷ് സര്‍ക്കാരിന്റെ റാവുസാഹിബ് ബഹുമതിയും ലഭിച്ചിട്ടുണ്ട്. 1922 നവംബര്‍ ഒമ്പതിന് രവീന്ദ്രനാഥ ടാഗോര്‍ തലസ്ഥാനത്തെത്തിയപ്പോള്‍ സ്വീകരണസമിതിയില്‍ മഹാകവി കുമാരനാശാനൊപ്പം ഉള്ളൂരും നേതൃസ്ഥാനത്തുണ്ടായിരുന്നു.
1949 ജൂണ്‍ 15നാണ് ഉള്ളൂര്‍ ഇഹലോകവാസം വെടിഞ്ഞത്. ഉമാകേരളം (മഹാകാവ്യം), കര്‍ണഭൂഷണം, പിംഗള, ഭക്തിദീപിക, ചിത്രശാല, താരഹാരം, കിരണാവലി, തരംഗിണി, മണിമഞ്ജുഷ, ദീപാവലി (ഖണ്ഡകാവ്യങ്ങള്‍), കാവ്യചന്ദ്രിക, ഹൃദയകൗമുദി, കല്പശാഖി, അമൃതധാര, കിരണാവലി, തപ്തഹൃദയം (കവിതാസമാഹാരങ്ങള്‍) കേരള സാഹിത്യ ചരിത്രം (അഞ്ച് ഭാഗങ്ങള്‍) എന്നിവയാണ് പ്രധാന കൃതികൾ.