കന്യക, കാമുകി എന്നീ നോണ്‍ ഫീച്ചര്‍ ചിത്രങ്ങളിലൂടെ രണ്ടു തവണ ദേശീയപുരസ്കാരം നേടിയ സംവിധായകന് ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ സിനിമ ഉള്ളൊഴുക്ക് തിയറ്ററുകളിൽ. പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന വേഷങ്ങളില്‍.
“വെള്ളപ്പൊക്ക സമയത്തു മരിച്ച കുടുംബാംഗത്തിന്റെ സംസ്കാരം കുടുംബക്കല്ലറയിൽ നടത്താൻ വെള്ളമിറങ്ങുന്നതും കാത്തിരിക്കുന്ന ഒരു കുടുംബം. ആ ദിവസങ്ങളില്‍ അവരുടെ ജീവിതത്തിലെ ചില പഴയ രഹസ്യങ്ങളും കള്ളത്തരങ്ങളുമൊക്കെ പുറത്തുവരുന്നു. അതു കുടുംബബന്ധങ്ങളെ സ്വാധീനിക്കുന്നതും അവർക്കു തുടര്‍ന്നുള്ള സാഹചര്യങ്ങളെ കൈകാര്യം ചെയ്യേണ്ടിവരുന്നതുമാണു സിനിമ’ – ക്രിസ്റ്റോ ടോമി രാഷ്ട്രദീപികയോടു പറഞ്ഞു.
സിനിമയിലെത്തിയത്…
പ്ലസ്ടുകാലത്ത് എറണാകുളത്തു ഫിലിം സൊസൈറ്റികളില്‍ സിനിമ കാണൽ ശീലമായതോടെ ഫിലിം മേക്കിംഗില്‍ താത്പര്യമായി. എന്‍ജി. എന്‍ട്രന്‍സ് കോച്ചിംഗ് നിര്‍ത്തി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാന്‍ തീരുമാനിച്ചു. പക്ഷേ, പ്രവേശന പരീക്ഷയ്ക്കു ഡിഗ്രി നിര്‍ബന്ധം. അങ്ങനെ മാസ് കമ്യൂണിക്കേഷന്‍ പഠനത്തിനു തിരുവനന്തപുരം മാര്‍ ഇവാനിയോസിൽ. അക്കാലത്തു പരീക്ഷത്തലേന്നുവരെ ഐഎഫ്എഫ്കെ ക്യൂവില്‍ ബുക്കുമായിനിന്നു പഠിച്ചു പിറ്റേന്നു പരീക്ഷയ്ക്കു പോയിട്ടുണ്ട്! രണ്ടാമത്തെ ചാന്‍സില്‍ എന്‍ട്രന്‍സ് കടന്ന് 2010ല്‍ കോല്‍ക്കത്ത സത്യജിത് റായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ.
രണ്ടാം വര്‍ഷ സ്റ്റുഡിയോ പ്രോജക്ടായി 2013ല്‍ ചെയ്ത “കന്യക’യിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്കാരം. 2015ല്‍ ചെയ്ത ഡിപ്ലോമ ഫിലിം “കാമുകി’യിലൂടെ മികച്ച സംവിധായകനുള്ള സുവര്‍ണകമലം. 2018ല്‍ നാഷണല്‍ അവാര്‍ഡ് നോണ്‍ ഫീച്ചര്‍ ജൂറിയാകാനും അവസരമുണ്ടായി.
ഉള്ളൊഴുക്കിനു പ്രചോദനം….
2005ല്‍ വീട്ടില്‍ നടന്ന ഒരു സംഭവമാണ് ഉള്ളൊഴുക്കിനു പ്രേരണ. കുട്ടനാട്ടിലാണ് അമ്മവീട്. അവിടെ എല്ലാ വര്‍ഷവും വെള്ളം പൊങ്ങും. ആ സമയത്താണ് അച്ചാച്ചന് മരിച്ചത്. അടക്കം നടത്താന്‍ എന്തു ചെയ്യണമെന്നറിയാതെ എട്ടൊമ്പതു ദിവസം കാത്തിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ത്തന്നെ ഇതാവണം ആദ്യ സിനിമ എന്നു തീരുമാനിച്ചിരുന്നു. 2016ൽ എഴുത്തുതുടങ്ങി.
2017ല്‍ എന്‍എഫ്ഡിസിയുടെ സ്ക്രീന്‍ റൈറ്റേഴ്സ് ലാബില്‍ ഈ സ്ക്രിപ്റ്റുമായി പങ്കെടുത്തു. 2018ല്‍ മുംബൈയില്‍ സിനിസ്ഥാന്‍ സംഘടിപ്പിച്ച സ്റ്റോറി ടെല്ലേഴ്സ് സ്ക്രിപ്റ്റ് മത്സരത്തില്‍ ഉള്ളൊഴുക്കിന് ഒന്നാം സമ്മാനം. തുടര്‍ന്നാണ് ഇതിന്റെ നിര്‍മാതാക്കളിലൊരാളായ ഹണി ട്രെഹാൻ എന്നെ സമീപിച്ചത്. പിന്നീടു റോണി സ്ക്രൂവാല, അഭിഷേക് ച്യുബെ എന്നിവരും ചേർന്നു. കോവിഡിനു ശേഷം 2022ലാണു ചിത്രീകരണം തുടങ്ങാനായത്. അന്നു രണ്ടാമതെത്തിയ സ്ക്രിപ്റ്റാണ് ആമീര്‍ഖാന്‍ നിര്‍മിച്ച ലാപതാ ലേഡീസ്.
ഉര്‍വശി, പാര്‍വതി..
ലീലാമ്മ എന്ന അമ്മായിയമ്മയായി ഉർവശിയും അഞ്ജു എന്ന മരുമകളായി പാര്‍വതിയും സ്ക്രീനിൽ. രണ്ടു സ്ത്രീകളുടെ ബന്ധങ്ങളുടെ കഥയാണിത്. ഇരുവര്‍ക്കും തുല്യപ്രാധാന്യം. ഷൂട്ടിംഗിനു മുന്നേ ഫുള്‍ സ്ക്രിപ്റ്റുമായി ഉർവശിച്ചേച്ചിയെ കണ്ടു. ധാരാളം ജീവിതാനുഭവങ്ങളും കരുത്താർന്ന കാഴ്ചപ്പാടുകളുമുള്ള വ്യക്തിത്വം. ചേച്ചിയുടെ ചില നിരീക്ഷണങ്ങൾ സ്ക്രിപ്റ്റ് ഇംപ്രോവൈസ് ചെയ്യാന്‍ പ്രേരകമായി.
പാര്‍വതിയുമായും സ്ക്രിപ്റ്റ് വായനയുണ്ടായി. ഷൂട്ടിംഗ് സമയത്ത് ഇരുവരുടെയും അഭിപ്രായങ്ങൾ എടുത്തു. കാരണം, ഒരു പരിധി കഴിയുമ്പോള്‍ അവരിലൂടെയാണ് ആ കഥാപാത്രങ്ങള്‍ ജീവിക്കുന്നത്. അപ്പോഴേക്കും ഞാന്‍ മനസിലാക്കിയതിലും കൂടുതല്‍ കാര്യങ്ങള്‍ അവര്‍ മനസിലാക്കിയിട്ടുണ്ടാവും. അലന്‍സിയറും പ്രശാന്ത് മുരളിയുമാണ് മറ്റു പ്രധാന വേഷങ്ങളില്‍. ബാക്ക്ഗ്രൗണ്ട് സ്കോര്‍ സുഷിന് ശ്യാം. ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍. എഡിറ്റിംഗ് കിരണ്‍ദാസ്.
കറി ആന്‍ഡ് സയനൈഡ്, ഉള്ളൊഴുക്ക്…സമാന സ്വഭാവമുള്ള കഥകളാണോ?
ഉള്ളൊഴുക്കിന്റെ എഴുത്തിനിടെ നെറ്റ്ഫ്ളിക്സില്‍നിന്ന് ഇങ്ങോട്ടുവന്ന പ്രോജക്ടാണ് കറി ആന്‍ഡ് സയനൈഡ്. കൂടത്തായി നമ്മളെയൊക്കെ ഏറെ സ്വാധീനിച്ച സംഭവമാണ്. അതില്‍ ഏറെ ലെയറുകളും ഡീറ്റയിലിംഗുമുണ്ട്. ന്യൂസ് സ്റ്റോറിയിൽ കിട്ടാത്ത ഒരുപാട് ഇമോഷനുകളും. അത്തരം കഥകള്‍ പറയാനുള്ള അവസരം എപ്പോഴും കിട്ടില്ലല്ലോ. അതും ഒരു കുടുംബത്തിനുള്ളിലെ രഹസ്യങ്ങളുടെയും ജീവിതത്തിന്റെയും കഥയാണ്.
ഉള്ളൊഴുക്ക് അതില്‍നിന്നു പൂര്‍ണമായും മാറിനില്ക്കുന്നു. അതു ക്രൈം ത്രില്ലറാണെങ്കില്‍ ഇതില്‍ ക്രൈം ഇല്ല. ഇത് ഇമോഷണല്‍ ഡ്രാമയാണ്. കുടുംബത്തിനു വളരെ പ്രാധാന്യം കൊടുക്കുന്ന സമൂഹമാണല്ലോ നമ്മുടേത്. കുടുംബാംഗങ്ങളോട് എത്രത്തോളം അടുപ്പമുള്ളവരാണെങ്കിലും നമ്മുടെയുള്ളില്‍ ഒരു ലോകവും ആരോടും പറയാത്ത കുറെ രഹസ്യങ്ങളുമുണ്ടാവും. അതിലേക്കുള്ള അന്വേഷണങ്ങൾ എനിക്കിഷ്ടമാണ്.
വെല്ലുവിളി…
കുട്ടനാട്ടിലെ മുട്ടാറില്‍ അച്ചാച്ചന് മരിച്ച വീട്ടില്‍ത്തന്നെയായിരുന്നു ഷൂട്ടിംഗ്. ഒറിജിനല്‍ മഴയത്താണ് ഷൂട്ട് ചെയ്യാന്‍ പോയത്. സിനിമയില്‍ കാണുന്നത്ര വെള്ളപ്പൊക്കം അപ്പോഴില്ല. വീടിനു മുന്നില്‍ ആറും പിന്നില്‍ പാടവും. ഒരേക്കര്‍ സ്ഥലം അടച്ചുകെട്ടി വെള്ളം പമ്പ് ചെയ്ത് നിറച്ചു വെള്ളപ്പൊക്കം സൃഷ്ടിച്ചു. 70 ശതമാനം സീനുകളും മഴയിലും വെള്ളപ്പൊക്കത്തിലുമാണ്.
സിങ്ക്സൗണ്ട് റിക്കാർഡിംഗ് വിജയിക്കുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ, ജയദേവന് ചക്കാടത്തിന്റെയും അനില്‍ രാധാകൃഷ്ണന്റെയും അനുഭവപരിചയം തുണച്ചു. കഥാപാത്രങ്ങളുടെ പെര്‍ഫോമന്‍സിലെ സത്യസന്ധത… ആ ഇമോഷനുകള്‍ സിങ്ക് സൗണ്ടില്‍ അതുപോലെ കിട്ടി. അതു ഡബ്ബിംഗില്‍ ക്രിയേറ്റ് ചെയ്യാനാവില്ല.
ഇനി ഏതുതരം സിനിമകള്‍..?
ഇനി ആക്ഷന്‍ ത്രില്ലര്‍, മാസ് ആക്ഷന്‍, കോമഡി സിനിമകള്‍ ചെയ്യണം. അത്തരത്തിലുള്ള ഒന്നു രണ്ടു കഥകളുടെ ചര്‍ച്ചയിലാണ്.
ടി.ജി. ബൈജുനാഥ്