ചങ്ങരംകുളം: വെടിക്കെട്ടിനു പിറകെ ആനയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഉത്സവങ്ങളുടെ പൊലിമ കുറയുന്നു. കേരളത്തിലെ പ്രധാന ഉത്സവ കേന്ദ്രങ്ങളായ തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്രധാന ഉത്സവങ്ങളെല്ലാം തന്നെ ഉത്സവപ്രേമികളുടെ ഇഷ്ട ഇനങ്ങളിൽ ഒന്നായ വെടിക്കെട്ടിനു നിയന്ത്രണം വന്നിരിക്കുകയാണ്.
ഇതിനു പിറകെയാണ് ആനകൾക്കും നിയന്ത്രണമുള്ളത്. വെടിക്കെട്ട് അപകടങ്ങൾ മുൻനിർത്തിയാണ് ഭരണകൂടം നിയമം കർശനമാക്കിയത്. ഇതോടൊപ്പം ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്ന ആനകൾക്കു കൂടി നിയമങ്ങൾ കർശനമാക്കിയതോടെ പ്രദേശത്തെ ഉത്സവങ്ങളിൽ ആനകളുടെ എണ്ണവും കുറഞ്ഞുതുടങ്ങി. ഇതു ഉത്സവപ്രേമികളെ ഏറെ നിരാശരാക്കിയിട്ടുണ്ട്.
ആനയെ എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും എഴുന്നള്ളിക്കുന്ന ആനകൾക്കു ഭീമമായ
തുക വനംവകുപ്പിൽ കെട്ടിവയ്ക്കണമെന്നുമുള്ള നിയമങ്ങളാണ് ഭരണകൂടം ശക്തമാക്കിയത്. ആനയെ കൊണ്ടുവരാനുള്ള നൂലാമാലകളും കൂടിയതോടെ പലരും ശ്രമങ്ങൾ ഉപേക്ഷിക്കുകയാണ്.
വെടിക്കെട്ടിനും ആനയ്ക്കും നിയന്ത്രണങ്ങൾ വന്നതോടെ ഈ മേഖലയിൽ ഉപജീവനം നടത്തുന്ന ആയിരക്കണക്കിനു തൊഴിലാളികൾ ജീവിക്കാൻ മറ്റു വഴികൾ തേടേണ്ട അവസ്ഥയിലാണ്. പഞ്ചവാദ്യങ്ങളും മേളങ്ങളുമായി അനുബന്ധ മേഖലയിൽ ജോലിയെടുക്കുന്നവർക്കും ആനകളുടെ നിയന്ത്രണം കാര്യമായി ബാധിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
ഇങ്ങനെ പോയാൽ വരും വർഷങ്ങളിൽ ആനയും വെടിക്കെട്ടും തൃശൂർ പൂരത്തിൽ മാത്രമായി ഒതുങ്ങുമെന്നാണ് ഉത്സവപ്രേമികൾ പറയുന്നത്. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു രണ്ടു പേർ മരിച്ചിരുന്നു. നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ച ഉച്ചക്കു രണ്ടരയോടെ കോട്ടപ്പടി ചോന്പാലക്കുളം ക്ഷേത്രോത്സവത്തിനു വടക്കുഭാഗത്തു നിന്നുള്ള എഴുന്നള്ളിപ്പിനിടെയാണ് സംഭവം. സമീപത്ത് പടക്കം പൊട്ടിച്ചതോടെ ആളുകൾ ആർപ്പുവിളിച്ചു. ഇതോടെ ആന ഇടഞ്ഞാണ് അനിഷ്ട സംഭവങ്ങളുണ്ടായത്.
ഉത്സവങ്ങൾക്കു പുറമെ മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രധാന നേർച്ചകളിലും മറ്റും ഇപ്പോൾ ആന പ്രധാന ആകർഷണമാണ്. ആനകളുടെ സുരക്ഷക്ക് വേണ്ട നടപടികൾ കർശനമാക്കി ലളിതമായ വ്യവസ്ഥകളിൽ ആനയെ കൊണ്ടു വരുന്നതിനു ഉത്സവക്കമ്മിറ്റികൾക്ക് സൗകര്യം ഒരുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.