ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ഉത്സവത്തിനിടെ നടന്ന കത്തികുത്തില്‍ രണ്ടാള് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവുകളായി കത്തികള്‍ കിട്ടി. രണ്ടു കത്തികള്‍ സംഭവസ്ഥലത്തുനിന്നുമാണ് പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും കണ്ടെടുത്തത്. കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമായി. സംഭവത്തില്‍ ആറു പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. മറ്റു നാലുപേരും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഇന്നോ നാളെയോ രേഖപ്പെടുത്തും.
മുഖ്യ പ്രതികളും സഹോദരങ്ങളുമായ രണ്ടു പേർ ഇപ്പോഴും ഒളിവിലാണ്. നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്ന് പോലീസ് പറയുന്നത്. ഇവരോടൊപ്പം മുമ്പ് പലകേസുകളിലും പ്രതികളായിട്ടുള്ളവരും മൂര്‍ക്കനാട് കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവര്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇവരുടെ മൊബൈല്‍ ഫോണുകള്‍ നാട്ടില്‍ തന്നെ ഉപേക്ഷിച്ചാണ് ഇരുവരും ഒളിവില്‍ പോയിരിക്കുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ എല്ലാവരെയും പോലീസ് ചോദ്യ ചെയ്യുന്നുണ്ട്. മാത്രവുമല്ല, അറസ്റ്റിലായ പ്രതികളുടെ ഫോണ്‍കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. വെള്ളാങ്ങല്ലൂര്‍ വടക്കുംകര വില്ലേജ് അമ്മാട്ടുകുളം സ്വദേശി കുന്നത്താന്‍ വീട്ടില്‍ മെജോ (32), ഊരകം വില്ലേജ് കരുവന്നൂര്‍ ചെറിയപാലം സ്വദേശി പൂക്കോട്ടില് അതുല്‍ കൃഷ്ണ എന്ന അപ്പു (23), പാറക്കുളം വില്ലേജ് അമ്മാടം പാര്‍പ്പക്കടവ് പുത്തന്‍പുരയ്ക്കല്‍ അക്ഷയ് (21), കാറളം വില്ലേജ് വെള്ളാനി സ്വദേശി പാടേക്കാരന്‍ ഫാസില്‍ (23), കാറളം കിഴുത്താണി മനപ്പടി ചീരോത്ത് ജിഷ്ണു എന്ന വാവ (26) എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.
ബുധനാഴ്ച കുത്തേറ്റ് മരിച്ച വെളുത്തൂര്‍ സ്വദേശി അക്ഷയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കാരം നടത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ 31 ന് മൂര്‍ക്കനാട് ഗ്രൗണ്ടില്‍ നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ ആറുപേർ ഇപ്പോഴും ചികിത്സിയിലാണ്.