ഷൊർണൂർ: എഴുന്നള്ളത്ത് കാലം ഉഷാർ, സഹ്യപുത്രൻമാർക്ക് തിരികെ ലഭിച്ചത് പൂരോത്സവങ്ങളുടെ പോയ കാലം. കെട്ട കാലത്തിന്റെ വറുതിയിൽ നിന്നും ഉത്സവാഘോഷങ്ങളുടെ മതിമറന്നആവേശ തിമിർപ്പിലേക്ക് നാടും നഗരങ്ങളും വിലയം പ്രാപിച്ചു കൊണ്ടിരിക്കെ കൈവിട്ടു പോയന്ന് കരുതിയ എഴുന്നള്ളത്ത് കാലം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഗജരാജൻമാർ.
പൂരവും വേലയും, ആറാട്ടുമെല്ലാമായി ഉത്സവങ്ങൾക്ക് പതിയേ ജീവൻ വച്ചു തുടങ്ങിയതോടെ വാദ്യക്കാർക്കും മേളക്കാർക്കുമൊപ്പം ഗജവീരൻമാർക്കു ണ്ടായിരുന്ന വിലക്കുകളും നീങ്ങിയിരിക്കുകയാണ്.
ഏഴുന്നള്ളിപ്പിന്റെ ആന ചന്തവുമായി ഉത്സവ പറന്പുകളിൽ നിന്നും ഉത്സവ പറന്പുകളിലേക്ക് പതിവുള്ള മരണപാച്ചിലിന്റെ തിരക്കില്ലെങ്കിലും തീറ്റിയും, കുടിയും, നീരാട്ടുമെല്ലാം ഇപ്പോൾ പോയ കാലംപോലെ തന്നെ കുശാലായിട്ടുണ്ട്.
തൃശൂർ ജില്ലയുടെ പരിസരങ്ങളിലും, വള്ളുവനാടൻ മേഖലകളിലും പൂരം പിറക്കുന്ന മണ്ണിടങ്ങൾ തേടിയുള്ള പ്രയാണങ്ങൾക്കിടെ കൊന്പൻമാരുടെ നീരാട്ടു കേന്ദ്രങ്ങൾ നിളയുടെ മടി’ തൊട്ടിലാണ്.
ചെറുതുരുത്തി കൊച്ചിപ്പാലത്തിനടുത്ത് ഭാരതപ്പുഴയിൽ എഴുന്നള്ളത്തിന് മുന്പും, പിന്പും കൊന്പൻമാർ ആലസ്യമകറ്റാൻ നീരാട്ടിനിറങ്ങുന്നതും കാഴ്ച്ചവട്ടങ്ങളിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.ഉത്സവ കാലത്തെ മനോഹരമായ കാഴ്ച വട്ടമാണ് ഇത്.
ഷൊർണ്ണൂരിലും പരിസരപ്രദേശങ്ങളിലും പേരുകേട്ട ഉത്സവങ്ങൾ പലതുണ്ട്, താലപ്പൊലികൾ പലതായി വേറെയുമുണ്ട്. ഇതിലെല്ലാം തന്നെ തിടന്പേറ്റിയ ആനകൾക്ക് പ്രാധാന്യവുമേറെയാണ്.
ഉത്സവപ്പറന്പുകളിലേക്ക് ആനകളെ എഴുന്നള്ളിക്കുന്നതിനു മുന്പും, പിന്പും, ഗജനീരാട്ടിന്നായി ഇവിടേക്കെത്തിക്കുന്പോൾ നിരവധിയാളുകളും,ആനപ്രേമികളും ഈ കാഴ്ച വട്ടം കാണാനെത്തും.
വെയിലിന്റെ തീക്ഷ്ണതക്ക് കാഠിന്യമേറും മുന്പേ മനസുംശരീരവും തണുപ്പിച്ച് ആനയും, പാപ്പാനും മടങ്ങും. കൂടെ ആനകളെ കാണാനായി എത്തിയവരും.
ഇതും കാഴ്ച വട്ടങ്ങളുടെ മറ്റൊരു ദൃശ്യം. ചെറുതുരുത്തി പാലത്തിൽ നിന്നും ഭാരതപുഴയിലേക്കിറങ്ങാൻ എളുപ്പമായ വഴിയുള്ളത് ഗജനീരാട്ടിന് സുഗമമായിട്ടുണ്ട്.
വാഹനങ്ങൾ നിർത്തിയിടാനും വഴിയിൽ യഥേഷ്ടം സ്ഥലമുണ്ടെന്നത് മറ്റൊരു സൗകര്യമാണ്. പൂരോത്സങ്ങൾക്ക് യാത്രയാകുന്ന കൊന്പൻമാരുടെ അകവും, പുറവും തണുപ്പിക്കാനുള്ള ഇടത്താവളമായി നിളാ തടം വീണ്ടും മാറിയിരിക്കുകയാണ്.