തൃശൂർ: മധ്യകേരളത്തിലടക്കം ഉത്സവപൂരം സീസണ് തുടങ്ങിയതോടെ വെടിക്കെട്ടുകൾ വീണ്ടും ചുവപ്പുനാടയിൽ കുരുങ്ങി. പേരുകേട്ട പല വെടിക്കെട്ടുകൾക്കും അധികൃതർ മണിച്ചിത്രത്താഴിട്ടു പൂട്ടിക്കഴിഞ്ഞു. വെടിക്കെട്ടിന് അനുമതി കിട്ടാൻ ഇനി കോടതി കയറിയിറങ്ങേണ്ട അവസ്ഥയിലാണ് ഉത്സവംപൂരം കമ്മിറ്റിക്കാർ.
തൃശൂരിലും തൃപ്പൂണിത്തുറയിലും അടുത്തകാലത്തുണ്ടായ വെടിക്കെട്ടപകടങ്ങളുടെ പശ്ചാത്തലം പരിശോധിച്ചതിൽ വെടിക്കെട്ടിന് ലൈസൻസ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ വടക്കഞ്ചേരി ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിലെ പൂരം പറ പുറപ്പാടിനോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എഡിഎം ഉത്തരവ് പുറത്തിറക്കിയിരുന്നു.
ഇത് വരാനിരിക്കുന്ന പല വെടിക്കെട്ടുകൾക്കും ബാധകമാകുമെന്ന ആശങ്കയാണ് ഇപ്പോഴുയർന്നിരിക്കുന്നത്.വെടിക്കെട്ട് സാമഗ്രികൾ കൈകാര്യം ചെയ്യുന്നതിൽ വരുന്ന ചെറിയ പിഴവു പോലും മനുഷ്യജീവന് ഏറെ ഹാനികരമാണെന്ന് സമീപകാലത്ത് തൃശൂർ ജില്ലയിലെ കുണ്ടന്നൂർ, വരവൂർ എന്നിവിടങ്ങളിൽ നടന്ന വെടിക്കെട്ട്-കതിന അപകടങ്ങളിൽ നടത്തിയ വിശദമായ അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഉത്തരവിൽ പരാമർശിക്കുന്നു.
പോലീസ്, ഫയർ, റവന്യൂവകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ് ഈ തീരുമാനമെന്നും എഡിഎം ടി. മുരളിയുടെ ഉത്തരവിലുണ്ട്.വെടിക്കെട്ടിന്റെ ഡിസ്പ്ലെ ലൈനിൽ നിന്നും നൂറുമീറ്റർ ദൂരത്തു മാത്രമേ വെടിക്കെട്ട് കാണാൻ ആളുകളെ നിർത്തുകയുള്ളു എന്ന നിബന്ധന കൂടുതൽ കർശനമാക്കുമെന്ന സൂചനയാണ് രുധിരമഹാകാളിക്കാവ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചുള്ള ഉത്തരവിലുള്ളത്.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന്റെ 200 മീറ്റർ ചുറ്റളവിൽ നിരവധി വീടുകളും വാണിജ്യ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ടെന്നും ഇവിടെ താമസിക്കുന്നവരുടേയും സ്ഥാപന ഉടമകളുടേയും സമ്മതപത്രം ലഭിച്ചിട്ടില്ലെന്നും വെടിക്കെട്ട് അപേക്ഷ നിരസിക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വെടിക്കെട്ട് കാണാൻ മറ്റു ജില്ലകളിൽ നിന്നുവരെ ആളുകൾ എത്തുന്പോൾ ഉണ്ടാകുന്ന തിക്കുംതിരക്കും മൂലമുണ്ടാകുന്ന ഭവിഷ്യത്ത് ഭീകരമായിരിക്കുമെന്നാണ് ജില്ല പോലീസ് മേധാവി റിപ്പോർട്ട് നൽകിയത്. ഇതും വെടിക്കെട്ട് അപേക്ഷ തള്ളാൻ കാരണമായി.
സംസ്ഥാനപാതയിൽ ട്രാഫിക് പൂർണമായും തടസപ്പെടുമെന്നും അടിയന്തിര ഘട്ടത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമാകുമെന്നും ജില്ല പോലീസ് മേധാവി നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. വളരെയധികം ജനങ്ങൾ പങ്കെടുക്കുന്ന രുധിരമഹാകാളികാവ് പൂരത്തിന്റെ വെടിക്കെട്ടിന് വളരെയധികം അപകടസാധ്യതയുള്ളതിനാൽ വെടിക്കെട്ടിന് അനുമതി നൽകേണ്ടതില്ലെന്ന് ജില്ല പോലീസ് മേധാവി തന്നെയാണ് റിപ്പോർട്ട് നൽകിയത്.