കോട്ടയം: വാഗമണ്ണിനു സമീപം ഉളുപ്പൂണിയിലേക്കും കെഎസ്ആര്‍ടിസി ബസ് എത്തി. ഈരാറ്റുപേട്ട ഡിപ്പോയില്‍നിന്നാണ് വനത്തോടു ചേര്‍ന്നു കിടക്കുന്ന ഉളുപ്പൂണിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചത്. രാവിലെയും വൈകുന്നേരവുമാണ് സര്‍വീസ്.
പുള്ളിക്കാനം-കോട്ടയം പത്രവണ്ടിയുടെ വൈകുന്നേരത്തെ സര്‍വീസാണ് ഉളുപ്പൂണിയിലേക്ക് നീട്ടിയത്. 15 വര്‍ഷം മുമ്പ് ഇങ്ങോട്ടേക്ക് പ്രൈവറ്റ് ബസ് സര്‍വീസുണ്ടായിരുന്നു. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ബസ് സർവീസ് ആരംഭിച്ചത്.
ഈരാറ്റുപേട്ടയില്‍നിന്നു വാഗമണ്‍, ചോറ്റുപാറ, കൂട്ടിയാര്ഡാം വഴിയാണ് വാഗമണ്ണില്‍നിന്നു 10 കിലോമീറ്റര്‍ അകലെയുള്ള ഉളുപ്പൂണിയിലേക്ക് ബസ് എത്തുന്നത്. രാവിലെ 6.45ന് വൈകുന്നേരം 4.15നുമാണ് ഈരാറ്റുപേട്ടയില്‍നിന്നു സര്‍വീസ്. രാവിലെ 8.20നും വൈകുന്നേരം 6.10നും ഉളുപ്പൂണിയില്നിന്നു ബസ് കോട്ടയത്തിനു സര്‍വീസ് നടത്തും.
ആറ്റുനോറ്റു കിട്ടിയ ബസ് സര്‍വീസ് നിലയ്ക്കാതിരിക്കാനും ബസിനോടുള്ള സ്നേഹം പ്രകടിപ്പിക്കാനും യാത്ര ചെയ്തില്ലെങ്കിലും ബസ് രാവിലെ ഉളുപ്പൂണിയിലെത്തുമ്പോള് നാട്ടുകാര്‍ ക്യൂ നിന്ന് ഈരാറ്റുപേട്ടയ്ക്കും വാഗമണ്ണിനും ടിക്കറ്റ് എടുക്കും. ഉദ്ഘാടന ദിവസം യാത്ര ചെയ്യാതെ ആളുകള്‍ കളക്ഷന്‍ നല്‍കിയത് 8,000 രൂപയാണ്.
ഇപ്പോള്‍ ദിവസം 300-മുതല്‍ 500 രൂപ വരെ കളക്ഷന്‍ കിട്ടും. പത്രവണ്ടിയെന്ന് അറിയപ്പെട്ടിരുന്ന പുള്ളിക്കാനം ബസിനും പുള്ളിക്കാനം നിവാസികള്‍ യാത്ര ചെയ്യാതെ ടിക്കറ്റെടുത്താണ് ബസ് നിലനിര്‍ത്തിയിരുന്നത്. ടണലും വെള്ളച്ചാട്ടവും പുല്മേടുമൊക്കെയുള്ള മനോഹരമായ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ഉളുപ്പൂണി. ഇയ്യോബിന്റെ പുസ്തകം ഉള്‍പ്പെടെ നിരവധി സിനിമകളുടെ ലൊക്കേഷനുമാണ്. ഏലപ്പാറ പഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ഉളുപ്പൂണി.