കറികൾക്ക് ആസ്വാദ്യമായ രുചിയും ഗന്ധവും പകരുന്ന സുഗന്ധദ്രവ്യമാണ് ഉലുവ. പുളിശേരി(മോരുകറി) പതഞ്ഞുവരുന്പോൾ അടുപ്പത്തുനിന്ന് വാങ്ങിവയ്ക്കുന്നതിനുമുന്പ് അല്പം ഉലുവാപ്പൊടി കൂടി ചേർത്താൽ അതിന്റെ സ്വാദ് പറഞ്ഞറിയിക്കാനാകില്ല.
കടുകു വറുക്കുന്പോൾ അല്പം ഉലുവ ചേർത്താലും മതിയാകും. ഇഡ്ഡലിക്കും ദോശയ്ക്കും മാവരയ്ക്കുന്പോൾ അല്പം ഉലുവ കൂടി ചേർത്താൽ രുചിയേറും. മീൻകറി, സാന്പാർ, തീയൽ എന്നിവയ്ക്കും ഉലുവ പകരുന്ന രുചിക്കു പകരംവയ്ക്കാൻ മറ്റൊന്നില്ല.
സ്ത്രീകളുടെ ആരോഗ്യത്തിന്
ഉലുവയിൽ ഇരുന്പ് ധാരാളം. വിളർച്ച തടയുന്നതിന് ഇരുന്പ് അവശ്യപോഷകമാണെന്ന് അറിയാമല്ലോ. ഉലുവയുടെ ഇലയും കറിക്ക് ഉപയോഗി ക്കാം.
രക്തത്തിലേക്ക് ഇരുന്പ് വലിച്ചെടുക്കുന്ന പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത വിഭവങ്ങളും ഒപ്പം കഴിക്കണം. പാലൂട്ടുന്ന സ്ത്രീകൾ ഉലുവ ചേർത്ത ഭക്ഷണം കഴിക്കുന്നത് പാലുത്പാദനം കൂട്ടുന്നതിനു സഹായകം.
വയോജനങ്ങളുടെ ആരോഗ്യത്തിന്
പ്രായമേറിയ സത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും ഉലുവ ഗുണപ്രദം. പ്രോട്ടീൻ, വിറ്റാമിൻ സി, നാരുകൾ, ഇരുന്പ്, പൊട്ടാസ്യം, എൽ-ട്രിപ്റ്റോഫാൻ, ആൽക്കലോയ്ഡുകൾ തുടങ്ങിയ പോഷകങ്ങൾ ഉലുവയിലുണ്ട്.
ഉലുവയുടെ ആന്റിസെപ്റ്റിക്, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ചർമാരോഗ്യത്തിനു ഗുണപ്രദം. നീരും വേദനയും കുറയ്ക്കുന്നതിന് ഫലപ്രദം.
ഷുഗർ നിയന്ത്രണത്തിന്
ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിന് ഉലുവ ഫലപ്രദമെന്നു പഠനങ്ങൾ. ഉലുവ ചേർത്ത ആഹാരക്രമം ശീലമാക്കിയാൽ ഷുഗർ വരുതിയിലാക്കാം.
ഷുഗർനിലയിലെ വ്യതിയാനം ആരോഗ്യകരമാണോ എന്ന് കൃത്യമായ ഇടവേള കളിൽ ഷുഗർ പരിശോധിച്ച് മനസിലാക്കാം. പ്രമേഹത്തിന് അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നവർ ഉലുവ കഴിക്കുന്നതു ശീലമാക്കുന്നതിനുമുന്പ് ഡോക്ടറുടെ നിർദേശം തേടണം.
മരുന്നിനൊപ്പം ഉലുവയും ശരീരത്തിലെത്തുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ തോത് അമിതമായി കുറയുന്നതിന് സാധ്യതയുണ്ട്. അതു ഹൈപ്പോ ഗ്ലൈസീമിയയ്ക്ക് ഇടയാക്കും.
ആഹാരത്തിൽ ഉൾപ്പെടുത്താവുന്ന ഉലുവയുടെ അളവും ക്രമവും ഡോക്ടറുടെയും ഡയറ്റീഷന്റെയും നിർദേശാനുസരണം സ്വീകരിക്കാം. രക്തത്തിൽ പഞ്ചസാര അമിതമായി കൂടാനും ആവശ്യമായതിൽ കുറയാനും പാടില്ല. നിയന്ത്രിതമായി നിലനിർത്തണം.
താരമായി നാരുകൾ
ജലത്തിൽ ലയിക്കുന്ന തരം നാരുകൾ ഉലുവയിലുണ്ട്. ആമാശയത്തിൽ നിന്നു രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുന്ന പഞ്ചസാരയുടെ തോതു കുറയ്ക്കുന്നതിന് നാരുകൾ സഹായകം.
ഉലുവയിൽ അമിനോ ആസിഡുകൾ ധാരാളം. ഇൻസുലിൻ ഉത്പാദനം കുട്ടുന്നതിന് അമിനോ ആസിഡുകൾ ഗുണപ്രദം. ഉലുവ ചേർത്ത ഭക്ഷണം കഴിച്ചതിനുശേഷം പ്രമേഹബാധിതരുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് ഏറെ കുറഞ്ഞതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.