വിവാദം വിളമ്പി ഉമാ ഭാരതി! മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്; പീഡകരെ ക്രൂര പീഡനത്തിന് ഇരയാക്കിയെന്ന് വെളിപ്പെടുത്തല്‍

uma

ആഗ്ര: മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബലാത്സംഗ കേസിലെ പ്രതികളെ ക്രൂരപീഡനത്തിന് ഇരയാക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയിരുന്നതായി കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഉമാ ഭാരതി. ലൈംഗീക കുറ്റവാളികളെ തലകീഴായി കെട്ടിയിട്ട ശേഷം തൊലി ഉരിയുന്നതുവരെ അടിക്കണം. പിന്നീട് ഈ മുറിവില്‍ ഉപ്പും മുളകും പുരട്ടണം. അവര്‍ ജീവനുവേണ്ടി നിലവിളിക്കണം. താന്‍ മുഖ്യമന്ത്രിയായിരിക്കുന്‌പോള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ആഗ്രയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഉമാ ഭാരതി വിവാദ പരാമര്‍ശം നടത്തിയത്.

കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ബുലന്ദേശ്വര്‍ കൂട്ടമാനഭംഗം പരാമര്‍ശിക്കുന്നതിനിടെയാണ് ഉമാ ഭാരതി പീഡകരെ പീഡിപ്പിച്ച കഥ വെളിപ്പെടുത്തിയത്. ക്രൂര ശിക്ഷാ നടപടിക്കെതിരെ ഒരു പോലീസുകാരന്‍ അന്ന് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത്തരം കുറ്റവാളികള്‍ മനുഷ്യത്വത്തിന്‍റെ തരിപോലും അര്‍ഹിക്കുന്നില്ലെന്ന ഉറച്ച നിലപാടാണ് താന്‍ സ്വീകരിച്ചത്. പീഡനം നടത്തുന്ന രാക്ഷസന്‍മാരുടെ തല രാവണന്‍റെ തലയറുത്തതുപോലെ അറുത്തെടുക്കണം. ബലാത്സംഗം ചെയ്തവരെ പീഡിപ്പിക്കുന്നത് ലോക്കപ്പിന്‍റെ ജനാലയിലൂടെ ഇരയായ സ്ത്രീയെ കാണിച്ചാല്‍ അവര്‍ക്ക് അല്‍പം ആശ്വസമാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Related posts