ഷൊർണൂർ: കൃഷിവകുപ്പിനെതിരെ പരാതിയുമായി കർഷകർ. രണ്ടാം വിളയ്ക്കായി കൃഷിവകുപ്പ് നൽകിയ നെൽവിത്തുകൾ മുളയ്ക്കാത്തവയാണെന്നാണ് കർഷകരുടെ പരാതി. കർഷകർക്ക് നൽകിയ ഉമ നെൽവിത്താണ് മുളയ്ക്കാത്തത്.
സംസ്ഥാന സീഡ് അഥോറിറ്റിയിൽനിന്നാണ് കർഷകർക്ക് നെൽവിത്ത് നൽകുക. ആലപ്പുഴയിലെ ലാബിൽ പരിശോധന നടത്തിയപ്പോൾ ഈ വിത്തുകൾ ഗുണമേൻമയില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നതാണെന്നും കർഷകർ പറയുന്നു.
ഷൊർണൂരിൽ 1,000 ഏക്കർ നെൽക്കൃഷിക്കായി 30,000 കിലോഗ്രാം നെൽവിത്താണ് വിതരണംചെയ്യുക. ഇതിനായി കിലോഗ്രാമിന് 42 രൂപവീതം നഗരസഭ പദ്ധതിയിലുൾപ്പെടുത്തി നൽകിയിട്ടുമുണ്ട്.
മുളയ്ക്കാത്ത വിത്ത് മാറ്റി നൽകണമെന്നാവശ്യപ്പെട്ട് കാരക്കാട് പാടശേഖരസമിതി സെക്രട്ടറി സി. ബിജു, പ്രസിഡന്റ് വിജയപ്രകാശ് ശങ്കർ എന്നിവർ ജില്ലാ കൃഷി ഓഫീസർക്ക് പരാതിനൽകി.
കാരക്കാട് പാടശേഖരത്തിൽനിന്ന് ഇത്തവണ 3,100 ചാക്ക് ഗുണമേൻമയുള്ള നെൽവിത്ത് സീഡ് അതോറിറ്റിക്ക് നൽകിയിരുന്നു.ഈ വിത്ത് രണ്ടാംവിളയ്ക്ക് ഷൊർണൂരിൽ വിതരണം ചെയ്യാമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ ഇക്കാര്യം പരിഗണിക്കാതെ ഗുണനിലവാരമില്ലാത്ത വിത്തുകൾ നൽകിയെന്നാണ് പരാതി.മഴനനഞ്ഞ് വിത്തുകൾ നിറംമാറിയതും കല്ല്, കറുത്ത നെല്ല്, പതിര് എന്നിവയുൾപ്പെടെയുള്ളവയാണ് ലഭിച്ചത്.
കുഴിപ്പടവ് പാടശേഖരത്തിലെ വിത്താണ് ഷൊർണൂരിൽ ലഭിച്ചിരിക്കുന്നതെന്ന് കർഷകർ പറഞ്ഞു. വിത്തുകൾ മുളയ്ക്കാത്തതാണെന്ന പരാതിയുണ്ടെന്നും ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും കൃഷി ഓഫീസർ സന്തോഷ് പറഞ്ഞു.