കൊച്ചി: നാലാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ ലീഡ് 8,000 കടന്നു.
പി.ടി.തോമസ് നേടിയതിനേക്കാൾ ഇരട്ടിയോളം ലീഡാണ് ഉമ നാല് റൗണ്ട് പിന്നിട്ടപ്പോൾ നേടിയത്. 8,869 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥി നിലവിൽ ലീഡ് ചെയ്യുന്നത്.
ഇതുവരെ എണ്ണിയ വോട്ടുകളിൽ പകുതിയും ഉമ നേടിയെന്നതാണ് യുഡിഎഫിനെ അതിശയിപ്പിക്കുന്നത്.
കോർപ്പറേഷൻ പരിധിയിൽ യുഡിഎഫ് മുന്നേറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും ഉമയുടെ വോട്ടുനില അത്ഭുതപ്പെടുത്തുന്നതാണ്.
വർഗീയതയെ താലോലിച്ച എൽഡിഎഫിന് ലഭിച്ച തിരിച്ചടിയാണിതെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.
കൊച്ചിയിൽ പലയിടത്തും യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഡിസിസി ഓഫീസിലേക്ക് എത്തിയിട്ടുണ്ട്.
പി.ടിയെക്കാൾ ഭൂരിപക്ഷം നേടുമെന്ന് പറഞ്ഞതാണ്: വി.ഡി. സതീശൻ
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഡിസിസി ഓഫീസിലെത്തി. ഉമാ തോമസിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോഴെ പി.ടിയെക്കാൾ ഭൂരിപക്ഷം അവർക്ക് ലഭിക്കുമെന്ന് പറഞ്ഞതാണെന്ന് സതീശൻ പറഞ്ഞു.
അത് മാത്രമേ പറഞ്ഞിട്ടുള്ളു. അതിലും വലിയ അവകാശവാദമില്ല. വോട്ടെണ്ണൽ പൂർണമായതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.