ഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ 11 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപെടുത്തി. ഗുണ്ടൂരിലെ വിനുകോണ്ടമണ്ടൽ ഉമാദിവരത്താണ് സംഭവം. ദേശീയ ദുരന്തനിവാരണ സേനയും പോലീസും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തീവ്രപരിശ്രമത്തിനൊടുവിലാണ് കുട്ടിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നത്.
രണ്ടു വയസുകാരൻ ചന്ദ്രശേഖരനാണ് കുഴൽക്കിണറിൽ പതിച്ചത്. വീടിനു സമീപത്തെ കാലിത്തൊഴുത്തിനടുത്ത് കളിക്കുകയായിരുന്ന കുട്ടി മൂടിയില്ലാത്ത കുഴൽക്കിണറിൽ അബദ്ധത്തിൽ വീണുപോകുകയായിരുന്നു. 15 അടി താഴ്ചയിലേക്കാണ് കുട്ടി വീണത്.
കുട്ടിയുടെ കരച്ചിൽകേട്ട അയൽവാസികൾ പോലീസിൽ വിവരം അറിയിച്ചു. ഇതിനെതുടർന്ന് പോലീസും അഗ്നിശമന സേനയും രംഗത്തെത്തി. ദേശീയ ദുരന്തനിവാരണ സേന സ്ഥലത്ത് എത്തിയതോടെയാണ് രക്ഷാപ്രവർത്തനത്തിന് വേഗം ഉണ്ടായത്.
ശ്വാസം നിലയ്ക്കാതിരിക്കാൻ ആദ്യം കിണറിലൂടെ കുഴൽ ഉപയോഗിച്ച് കുട്ടിക്ക് ജീവശ്വാസം നൽകി. പിന്നീട് കുഴൽക്കിണറിന് സമീപത്തായി മണ്ണുമാന്തി ഉപയോഗിച്ച് സമാന്തരമായി കുഴിയെടുത്തായി രക്ഷാപ്രവർത്തനം. ഒടുവിൽ കുഴൽക്കിണറിന് സമാന്തരമായി നിർമിച്ച ഗർത്തത്തിലുടെ കുട്ടിയെ പുറത്തെടുത്തു.