വെഞ്ഞാറമൂട്: സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിന്ന രമണി പി.നായരുമായി ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തി. സംസ്ഥാന നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് ഉമ്മൻ ചാണ്ടി എത്തിയത്.
വാമനപുരത്ത് സ്ഥാനാർഥിത്വം നിക്ഷേധിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രമണി പി.നായർ പങ്കെടുത്തിരുന്നില്ല.
കൂടാതെ സംസ്ഥാന നേതാക്കൾക്കെതിരെ പരസ്യവിമര്‍ശനം നടത്തുകയും ചെയ്തിരുന്നു.
പാർട്ടിയിൽ നിരന്തരം അവഗണിക്കപ്പെടുകയാണെന്ന് രമണി പി. നായരുടെ തുറന്ന് പറച്ചിലിനെ തുടർന്നാണ് പ്രശ്ന പരിഹാരത്തിനായി ഉമ്മൻ ചാണ്ടി രമണി പി.നായരുടെ വീട്ടിൽ എത്തിയത്.
വർഷങ്ങളായി തന്നെയും ഒപ്പം ഉള്ളവരെയും പാർട്ടി അവഗണിക്കുകയാണെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടിക്കു മുന്നിൽ അവർ പൊട്ടിക്കരഞ്ഞു.
സ്ഥാനാർഥി പട്ടികയെക്കുറിച്ചുള്ള പരാതികളെല്ലാം രമണി പി.നായർ ഉമ്മൻ ചാണ്ടിയോട് പറഞ്ഞു.
രമണി പി.നായരുടെ പരാതികൾ ഗൗരവമായി കാണുന്നു എന്നും കാര്യങ്ങൾ കെപിസിസി അധ്യക്ഷൻ പ്രതിപക്ഷ നേതാവ് എന്നിവരെ ധരിപ്പിച്ച ശേഷം പ്രശ്ന പരിഹാരത്തിന് അനിയോജ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ആശ്വസിപ്പിച്ചു.
വാമനപുരത്തെ യുഡിഎഫ് സ്ഥാനാർഥിയായ ആനാട് ജയനും രമണി പി.നായരുടെ വീട്ടിൽ എത്തി.
പ്രചാരണ പരിപാടികളിൽ സജീവമാകണമെന്നും സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കണമെന്നും ഉമ്മൻ ചാണ്ടി നിർദേശിച്ചു.
തന്നോടൊപ്പം നിയോജക മണ്ഡലം കൺവൻഷനിൽ പങ്കെടുക്കണമെന്ന അദ്ദേഹത്തിന്റെ അഭ്യർഥന മാനിച്ച് പിന്നീട് തേമ്പാംമൂട്ടിൽ നടന്ന യോഗത്തിലും അവർ പങ്കെടുത്തു.
തേമ്പാംമൂട്ടിൽ എത്തിയ ഉമ്മൻ ചാണ്ടിയേയും, രമണി പി.നായരേയും, ആനാട് ജയനേയും ആവേശപൂർവമാണ് പ്രവർത്തകർ സ്വീകരിച്ചത്.