പെരുമ്പാവൂർ: ടൗണിൽ മലയാളി യുവതിയെ പീഡിപ്പിച്ചശേഷം തലയ്ക്കടിച്ചു കൊന്ന കേസിൽ പിടിയിലായ ഇതര സംസ്ഥാന തൊഴിലാളിയെ റിമാൻഡ് ചെയ്തു. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതി ആസാം സ്വദേശി യായ ഉമർ അലിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
കൈക്കോട്ട് കൊണ്ട് തലയ്ക്ക് അടിയേറ്റ് കുറുപ്പംപടി സ്വദേശിനിയായ 40 കാരിയാണു കൊല്ലപ്പെട്ടത്. പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തുള്ള ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപം ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു ക്രൂരമായ കൊലപാതകം. പുലർച്ചെ 5.30 ഓടെ ഹോട്ടലിൽ പാലുമായെത്തിയ ആളാണ് യുവതിയുടെ മൃതദേഹം ആദ്യം കണ്ടത്. പൂർണമായും നഗ്നമായ മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു.
കൊലയ്ക്കുശേഷം സമീപത്തെ കടയിലെ സിസിടിവി കാമറ തകർത്തശേഷമാണു പ്രതി രക്ഷപ്പെട്ടത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സിസിടിവി കാമറയുടെ ഹാർഡ് ഡിസ്ക് പരിശോധിച്ചു പ്രതിയെ തിരിച്ചറിയുകയായിരുന്നു. നഗരത്തിൽ പോലീസ് നടത്തിയ തെരച്ചിലിൽ വേഷംമാറി രക്ഷപ്പെടാൻ ശ്രമിച്ച ഉമർ അലിയെ ഒരു മണിക്കൂറിനുള്ളിൽ പിടികൂടി. യുവതിയെ പീഡിപ്പിച്ചശേഷം തന്റെ തൊഴിൽ ഉപകരണമായ കൈക്കോട്ട് ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു.
ഹോട്ടലിന്റെ വശത്തുള്ള മറവിൽ വച്ചാണ് പീഡനവും കൊലപാതകവും നടന്നതെന്നതിനാൽ സംഭവമാരും കണ്ടില്ല. ഭർത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കു താമസിച്ചു വരികയായിരുന്നു യുവതി. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ ഇന്നലെ തയാറായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം പെരുന്പാവൂർ ഗവ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നു കൂടി സൂക്ഷിച്ചശേഷം പൊതുശ്മശാനത്തിൽ സംസ്കരിക്കാനാണു പോലീസ് തീരുമാനം.
പെരുമ്പാവൂർ ഡിവൈഎസ്പി കെ. ബിജുമോൻ, കാലടി ഇൻസ്പെക്ടർ ടി.ആർ. സന്തോഷ്, പെരുമ്പാവൂർ എസ്ഐ ബേസിൽ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.