തിരുവല്ല: ഇനി ഒരിക്കലും കണ്ടുമുട്ടില്ലെന്നു കരുതിയ അമ്മയെ തിരികെ കിട്ടിയ സന്തോഷത്തില്‍ സൗരവ്.
12 വര്‍ഷങ്ങള്‍ക്കു മുമ്പു പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നു കാണാതായ തന്റെ അമ്മയെ മടക്കി ലഭിച്ചതിന്റെ സന്തോഷത്തിലാണ് സൗരവ് സര്‍ക്കാര്‍.
ലോക്കി സര്‍ക്കാര്‍ എന്ന വീട്ടമ്മ വര്‍ഷങ്ങള്‍ക്കു മുമ്പ് വീട് വിട്ടിറങ്ങിയതാണ്. പ്രത്യേകമായ ലക്ഷ്യമൊന്നുമില്ലാതെയുള്ള യാത്രയ്ക്കിടയിലാണ് കേരളത്തിലെത്തിയത്.
11 മാസമായി പെരുമ്പാവൂരിലുള്ള ബഥനി സ്നേഹാലയത്തിലെ മാനസികാരോഗ്യ ചികിത്സയില്‍ കഴിയുകയായിരുന്നു.
ചില ദിവസങ്ങള്‍ക്ക് മുമ്പ് ലോക്കിക്ക് മഞ്ഞപ്പിത്തം കൂടുകയും വിദഗ്ധ ചികിത്സക്കായി തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
പുഷ്പഗിരി ആശുപത്രി ജനറല്‍ സര്‍ജറി വിഭാഗം ഡോ. മനോജ് ഗോപാലിന്റെ ചികിത്സയും പരിചരണവും ലോക്കിയുടെ ജീവിതത്തില്‍ വഴിത്തിരിവായി.
ഡോക്ടര്‍ ഇവരുടെ ദയനീയ അവസ്ഥ മനസിലാക്കുകയും ലോക്കിയുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തുകയുമായിരുന്നു. ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ലോക്കിയുടെ മകനെ കണ്ടെത്താനായി.
അമ്മ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ മകന് സൗരവ് അധികം വൈകാതെ കേരളത്തിലെത്തി.
വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ അമ്മയെ കണ്ടെത്താന്‍ നിമിത്തമായ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ. മനോജ് ഗോപാലിനോടും തന്റെ അമ്മയെ ശുശ്രൂഷിച്ച ബഥനി സ്നേഹാലയത്തിലെ സിസ്റ്റര്‍ ജോയല്‍ എസ്ഐസി, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും സൗരവ് നന്ദി അറിയിച്ചു.